നിരത്തില്‍ നിറഞ്ഞ് ഒരു ലക്ഷം ജീത്തോകള്‍
മഹീന്ദ്ര ആൻഡ് മഹീന്ദ്ര (എം ആൻഡ് എം) യുടെ മിനി ട്രക്ക് ജീത്തോയുടെ ഉല്‍പ്പാദനം ഒരു ലക്ഷം യൂണിറ്റ് പിന്നിട്ടു
രാജ്യത്തെ ആഭ്യന്തര വാഹന നിര്‍മ്മാതാക്കളില്‍ പ്രബലരായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര (എം ആൻഡ് എം) യുടെ മിനി ട്രക്ക് ജീത്തോയുടെ ഉല്‍പ്പാദനം ഒരു ലക്ഷം യൂണിറ്റ് പിന്നിട്ടു. തെലങ്കാനയിലെ സഹീറാബാദിലുള്ള നിര്‍മ്മാണശാലയിൽ നിന്നും കഴിഞ്ഞദിവസം പുറത്തിറങ്ങിയ ജീത്തൊ മിനിവാനാണു ആകെ ഉൽപ്പാദനം ഒരു ലക്ഷത്തിലെത്തിച്ചത്. ചരക്കു നീക്കത്തിലെ ലാസ്റ്റ് മൈൽ കണക്ടിവിറ്റി ഉറപ്പാക്കാനുള്ള ചെറുവാണിജ്യ വാഹന(എസ് സി വി)മെന്ന നിലയില്‍ 2015ലാണു മഹീന്ദ്ര ജീത്തൊ പ്ലാറ്റ്ഫോമിലെ ആദ്യ വാഹനം അവതരിപ്പിക്കുന്നത്. അവസാനഘട്ട ഗതാഗത സൗകര്യം ലഭ്യമാക്കാൻ നഗര, അർധ നഗര പ്രദേശങ്ങളിൽ ജീത്തൊ പ്രയോജനപ്പെടുമെന്നായിരുന്നു കമ്പനിയുടെ പ്രതീക്ഷ.
ഒരു ടണ്ണിൽ താഴെ ഭാരവാഹക ശേഷിയുള്ള ഗുഡ്സ്, യാത്രാവാഹന വിഭാഗങ്ങളിലായി ജീത്തൊ ശ്രേണിയിൽ എട്ടു വ്യത്യസ്ത മോഡലുകളാണു മഹീന്ദ്ര ആൻഡ് മഹീന്ദ്ര നിലവിൽ വിപണിയിലെത്തിക്കുന്നത്. ത്രിചക്ര, മൈക്രോ ട്രക്ക്, മിനി ട്രക്ക് ഉപയോക്താക്കൾക്കായി മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് നാല് നിലവാരമുള്ള ഡീസൽ എൻജിൻ ഘടിപ്പിച്ച പെട്രോൾ, സി എൻ ജി എൻജിനുകളോടെ എത്തുന്ന മിനിവാനായ ജീത്തോയ്ക്ക് ഹാർഡ് ടോപ്, സെമി ഹാർഡ് ടോപ് വകഭേദങ്ങളുമുണ്ട്. ജീത്തൊയിലെ ബി എസ് നാല് എൻജിനു പരമാവധി 16 ബി എച്ച് പി വരെ കരുത്ത് സൃഷ്ടിക്കാനാവും.