ഇലക്ട്രിക്ക് വാഹന നിര്‍മ്മാണം; 1,000 കോടി നിക്ഷേപിക്കാനൊരുങ്ങി മഹീന്ദ്ര
2030 ഓടെ രാജ്യത്തെ നിരത്തുകളില്‍ സമ്പൂര്‍ണ വൈദ്യുത വാഹനങ്ങളാക്കുകയെന്നതാണ് കേന്ദ്ര സര്‍ക്കാരിന്‍റെ ശ്രമം. മിക്ക വാഹന നിര്‍മ്മാതാക്കളും ഇപ്പോള്‍ അതിനുള്ള തയ്യാറെടുപ്പിലുമാണ്. ഈ മേഖലയിൽ കനത്ത നിക്ഷേപത്തിനു തയ്യാറെടുക്കുകയാണ് രാജ്യത്തെ ആഭ്യന്തര വാഹന നിര്‍മ്മാതാക്കളില്‍ പ്രമുഖരായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം).
മുംബൈ: 2030 ഓടെ രാജ്യത്തെ നിരത്തുകളില്‍ സമ്പൂര്‍ണ വൈദ്യുത വാഹനങ്ങളാക്കുകയെന്നതാണ് കേന്ദ്ര സര്‍ക്കാരിന്‍റെ ശ്രമം. മിക്ക വാഹന നിര്‍മ്മാതാക്കളും ഇപ്പോള്‍ അതിനുള്ള തയ്യാറെടുപ്പിലുമാണ്. ഈ മേഖലയിൽ കനത്ത നിക്ഷേപത്തിനു തയ്യാറെടുക്കുകയാണ് രാജ്യത്തെ ആഭ്യന്തര വാഹന നിര്‍മ്മാതാക്കളില്‍ പ്രമുഖരായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം). ഇതിനായി വൈദ്യുത വാഹന നിർമാണ വിഭാഗമായ മഹീന്ദ്ര ഇലക്ട്രിക് 1,000 കോടി രൂപ നിക്ഷേപിക്കുന്നതായാണ് റിപ്പോര്‍ട്ട്.
പുതിയ മോഡലുകളുടെയും സാങ്കേതിക വിദ്യയുടെയും വികസനത്തിനും ഉൽപ്പാദന ശേഷി വർധിപ്പിക്കാനുമൊക്കെ ലക്ഷ്യമിട്ടാണു പുതിയ മുതൽമുടക്ക്. നിർദിഷ്ട നിക്ഷേപത്തിൽ 400 കോടിയോളം രൂപ പുതിയ വാഹനങ്ങൾക്കുള്ള സാങ്കേതിക വിദ്യ വികസിപ്പിക്കാനായി മഹീന്ദ്ര നിക്ഷേപിച്ചു കഴിഞ്ഞു. പുതിയ ടെക്നോളജി ഹബ് യാഥാർഥ്യമാക്കാൻ 100 കോടി രൂപയാണു ചെലവ് കണക്കാക്കുന്നത്.
ഇതിനായി ബെംഗളൂരുവിൽ പുതിയ നിർമാണ, സാങ്കേതിക വിദ്യ ഹബ്വും കമ്പനി പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ബാറ്ററി സംവിധാനങ്ങളുടെയും പവർ ട്രെയ്നിന്റെയും കൺട്രോൾ യൂണിറ്റിന്റെയും പവർ ഇലക്ട്രോണിക്സിന്റെയുമൊക്കെ നിർമാണം ഇവിടെ നടക്കും.
വൈദ്യുത മൊബിലിറ്റിക്കുള്ള സാങ്കേതികവിദ്യ വികസനം, ഉൽപ്പാദന ശേഷി വർധന തുടങ്ങിയ മേഖലകളിലേക്കായി അടുത്ത അഞ്ചു വർഷത്തിനിടെ 500 കോടി രൂപ കൂടി ഈ രംഗത്തു മുടക്കാനാണു മഹീന്ദ്ര ഒരുങ്ങുന്നത്.
നിലവിൽ പ്രതിവർഷം 24,000 വൈദ്യുത വാഹനങ്ങളാണു മഹീന്ദ്ര ഇലക്ട്രിക്കിന്റെ മൊത്തം ഉൽപ്പാദന ശേഷി. വികസന പ്രവർത്തനങ്ങൾ പൂർത്തിയാവുന്നതോടെ 2020ൽ വൈദ്യുത വാഹന ഉൽപ്പാദന ശേഷി 70,000 യൂണിറ്റിലെത്തിക്കാനാവുമെന്നാണു മഹീന്ദ്രയുടെ പ്രതീക്ഷ. മഹീന്ദ്രയുടെ രണ്ടാമത്തെ ഇലക്ട്രിക്ക് ഓട്ടോ റിക്ഷ ഇ ട്രിയോ അടുത്തിടെയാണ് വിപണിയിലെത്തിയത്.