സഞ്ചാരങ്ങളുടെ മായാലോകം; കേരള ട്രാവല്‍ മാര്‍ട്ട് ഇന്നുമുതല്‍
സംസ്ഥാനത്തെ ഏറ്റവും വലിയ ടൂറിസം മേളയായ കേരള ട്രാവല്‍ മാര്‍ട്ടിന്‍റെ പത്താമത് ലക്കത്തിന് ഇന്ന് കൊച്ചിയിൽ തുടക്കമാകും
കൊച്ചി: സംസ്ഥാനത്തെ ഏറ്റവും വലിയ ടൂറിസം മേളയായ കേരള ട്രാവല്‍ മാര്‍ട്ടിന്‍റെ പത്താമത് ലക്കത്തിന് ഇന്ന് കൊച്ചിയിൽ തുടക്കമാകും. വൈകീട്ട് ആറ് മണിക്കാണ് ഔദ്യോഗിക ഉദ്ഘാടനം. രാജ്യത്തിനകത്തും പുറത്ത് നിന്നുമായി 1,600 ടൂറിസം സംരംഭകരാണ് മേളയിൽ പങ്കെടുക്കുന്നത്. സംസ്ഥാനത്തിന്‍റെ പ്രളയാനന്തര അതിജീവനം ലോകത്തെ അറിയിക്കാനുള്ള അവസരമായി മേളയെ മാറ്റാനാണ് സംഘാടകരുടെ ശ്രമം. കൊച്ചിയിൽ നാല് ദിവസമായി നടക്കുന്ന മേളയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കേന്ദ്ര ടൂറിസം മന്ത്രി അൽഫോൺസ് കണ്ണന്താനം മുഖ്യാതിഥിയായി പങ്കെടുക്കും
പ്രളയത്തില്‍ നിന്നും സംസ്ഥാനം നടത്തിയ അതിജീവനത്തിന്‍റെ നേര്‍സാക്ഷ്യം ലോകത്തിനു മുന്നില്‍ അവതരിപ്പിക്കാനുള്ള അവസരമായാണ് പത്താമത് കെടിഎമ്മിനെ സംസ്ഥാന സര്‍ക്കാരും സംഘാടകരും കാണുന്നത്. ലോക വിനോദ സഞ്ചാര ദിനമായ സെപ്തംബര്‍ 27 ലെ ഉദ്ഘാടന ചടങ്ങിനു ശേഷം വെല്ലിംഗ്ടണ്‍ ഐലന്‍റിലെ സാമുദ്രിക, സാഗര കണ്‍വെന്‍ഷന്‍ സെന്‍ററുകളിലാണ് വാണിജ്യ കൂടിക്കാഴ്ചകളും പ്രദര്‍ശനങ്ങളുമടങ്ങുന്ന മേള നടക്കുന്നത്.
ഇന്ത്യയ്ക്കകത്തു നിന്നും പുറത്തു നിന്നുമായി 1600ഓളം ബയര്‍മാരാണ് കേരള ട്രാവല്‍ മാര്‍ട്ടില്‍ പങ്കെടുക്കുന്നതിനായി കൊച്ചിയില്‍ എത്തുന്നത്. രാജ്യത്തിനകത്തും പുറത്തും ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ മേധാവികളും പ്രതിനിധികളുമടങ്ങുന്നതാണ് ബയര്‍മാരുടെ സംഘം.
വിദേശത്തു നിന്നു മാത്രം 545 പേര്‍ കേരള ട്രാവല്‍ മാര്‍ട്ടിനെത്തുന്നുണ്ട്. അമേരിക്ക, റഷ്യ, ജപ്പാന്‍, ചൈന, ആസ്ട്രേലിയ, ബ്രിട്ടണ്‍ അടക്കം 66 വിദേശരാജ്യങ്ങളില്‍ നിന്നാണ് ബയര്‍മാര്‍ എത്തുന്നത്. ഇതു കൂടാതെ 1090 ആഭ്യന്തര ബയര്‍മാരും മേളയ്ക്കായി എത്തും. നാനൂറോളം സ്റ്റാളുകളിലായി 325 സെല്ലര്‍മാരും മേളയില്‍ പങ്കെടുക്കുന്നുണ്ട്. വിദേശത്തു നിന്നും ഇന്ത്യയുടെ വിവിധ സ്ഥലങ്ങളില്‍ നിന്നുമായി 50 ഓളം മാധ്യമപ്രവര്‍ത്തകരും പങ്കെടുക്കും.
കേരളത്തിലേക്കെത്താന്‍ ഇപ്പോഴും സഞ്ചാരികള്‍ താത്പര്യപ്പെടുന്നു എന്നതാണ് കെടിഎമ്മിലെ പ്രാതിനിധ്യം തെളിയിക്കുന്നതെന്ന് കെടിഎം പ്രസിഡന്‍റ് ശ്രീ ബേബി മാത്യു കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 15 ലക്ഷം തൊഴിലവസരം നേരിട്ടും 10 ലക്ഷം തൊഴിലവസരം പരോക്ഷമായും നല്‍കുന്ന ഈ മേഖലയുടെ സുസ്ഥിരമായ വളര്‍ച്ചയാണ് കെടിഎം ലക്ഷ്യം വയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നവകേരളത്തിന്‍റെ നേര്‍ക്കാഴ്ചയായി സംസ്ഥാനത്തെ ലോകത്തിനു മുന്നില്‍ പ്രദര്‍ശിപ്പിക്കാനുള്ള അവസരമായി കെടിഎം-2018 കാണണമെന്ന് കേന്ദ്ര ടൂറിസം വകുപ്പിന്‍റെ ഉപദേശക സമ്മിതി വിദഗ്ധാംഗം ശ്രീ ഏബ്രഹാം ജോര്‍ജ്ജ് പറഞ്ഞു.
വെല്ലുവിളികള്‍ ഉണ്ടായിരുന്നെങ്കിലും കേരള ടൂറിസം തിരിച്ചു വന്നുവെന്ന് തെളിയിക്കുന്നതാണ് കെടിഎമ്മില്‍ പ്രതിനിധികള്‍ കാണിക്കുന്ന താത്പര്യമെന്നും കെടിഎം സൊസൈറ്റി സെക്രട്ടറി ശ്രീ ജോസ് പ്രദീപ് ചൂണ്ടിക്കാട്ടി. കെടിഎം സൊസൈറ്റി ട്രഷറര്‍ ഗോപിനാഥും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രദര്‍ശനത്തിനും വാണിജ്യ കൂടിക്കാഴ്ചകള്‍ക്കുമപ്പുറം സംസ്ഥാനത്തിന്‍റെ ടൂറിസം മേഖലയെ സമഗ്രമായി അപഗ്രഥിക്കുന്ന നാല് ശില്‍പ്പശാലയും മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
ടൂറിസം; സാമ്പത്തിക പുരോഗതിയുടെ പ്രവര്‍ത്തനയന്ത്രം (ടൂറിസം ആന്‍ എഞ്ചിന്‍ ഫോര്‍ ഇക്കണോമിക് പ്രോസ്പിരിറ്റി) എന്ന വിഷയത്തിലാണ് വെള്ളിയാഴ്ച നടക്കുന്ന ശില്‍പ്പശാല. സംസ്ഥാന ടൂറിസം വകുപ്പ് സെക്രട്ടറി ശ്രീമതി റാണി ജോര്‍ജ്ജ് ഐഎഎസ്, ശ്രീ സമീര്‍ എംസി, ശ്രീ ഇ എം നജീബ് എന്നിവരാണ് ഇതില്‍ പങ്കെടുക്കുന്നത്.
വിനോദസഞ്ചാര മേഖലയിലെ മാറുന്ന പ്രവണതകള്‍ (ചേഞ്ചിംഗ് ട്രെന്‍ഡ്സ് ഇന്‍ ട്രാവല്‍ ആന്‍ഡ് ടൂറിസം) എന്ന വിഷയത്തിലാണ് ശനിയാഴ്ചത്തെ ആദ്യ ശില്‍പ്പശാല. കെടിഡിസി മുന്‍ ചെയര്‍മാനും സംസ്ഥാന സര്‍ക്കാരിന്‍റെ നവകേരളം കര്‍മ്മ പദ്ധതിയുടെ കോ-ഓര്‍ഡിനേറ്ററുമായ ചെറിയാന്‍ ഫിലിപ്പ്, ശ്രീ സുമന്‍ ബില്ല ഐഎഎസ്, ശ്രീ സിയ സിദ്ദിഖി എന്നിവര്‍ ഈ വിഷയത്തില്‍ സംസാരിക്കും.
കേരളത്തില്‍ ഉത്തരവാദിത്ത ടൂറിസത്തിന്‍റെ സ്വാധീനം (ഇംപാക്ട് ഓഫ് ആര്‍ടി ഇന്‍ കേരള) എന്ന വിഷയത്തിലാണ് ഉച്ചയ്ക്ക് ശേഷമുള്ള ശില്‍പ്പശാല. സംസ്ഥാന സാംസ്കാരിക-പട്ടികവിഭാഗ വികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ ഡോ. വേണു വി, ഉത്തരവാദിത്ത ടൂറിസം സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ രൂപേഷ് കുമാര്‍, ശ്രീ ജോസ് ഡോമിനിക്ക് എന്നിവരാണ് ഈ വിഷയത്തില്‍ സംസാരിക്കുന്നത്.
കേരളത്തിലെ ടൂറിസം മേഖലയിലെ പുതിയ ഉത്പന്നങ്ങളും താത്പര്യങ്ങളും(ന്യൂ പ്രൊഡക്ട്സ് ആന്‍ഡ് ഇന്‍ററസ്റ്റ്സ് ഇന്‍ കേരള) എന്ന വിഷയത്തിലാണ് അവസാന ദിവസത്തെ ശില്‍പ്പശാല. ആയുര്‍വേദ, യോഗ, മുസിരിസ് പൈതൃക പദ്ധതി, ജടായുപ്പാറ, ഹോംസ്റ്റേകള്‍ എന്നിവയുടെ പ്രതിനിധികളാണ് ഇതില്‍ പങ്കെടുക്കുന്നത്. വാണിജ്യ കൂടിക്കാഴ്ചകള്‍ നടക്കുന്ന ഐലന്‍റിലെ കെടിഎം മേളയില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമാണ് പ്രവേശനം ഉണ്ടായിരിക്കുന്നത്. ഞായറാഴ്ച പൊതുജനങ്ങള്‍ക്ക് സൗജന്യ പ്രവേശനം ഉണ്ടായിരിക്കുന്നതാണ്.
ലോകോത്തര ബയര്‍മാരേയും സെല്ലര്‍മാരേയും ഒരു കുടക്കീഴില്‍ അണിനിരത്തുന്ന കെടിഎം-2018 ഈ മേഖലയിലെ പ്രമുഖരുമായി ചര്‍ച്ച നടത്തുന്നതിനും മേഖലയുടെ സമഗ്ര വളര്‍ച്ചയ്ക്ക് ഉണര്‍വേകാന്‍ ബിസിനസ് ബന്ധങ്ങള്‍ സ്ഥാപിക്കുന്നതിനുമുള്ള അവസരങ്ങള്‍ നല്‍കും.
പൊതുസ്വകാര്യ പങ്കാളിത്തമാണ് പരിപാടിയുടെ മുഖ്യ ആകര്‍ഷണം. ടൂര്‍ ഓപ്പറേറ്റര്‍, ഹോട്ടല്‍, റിസോര്‍ട്ട്, ഹോംസ്റ്റേ, ഹൗസ്ബോട്ട്, ആയൂര്‍വേദ റിസോര്‍ട്ട്, സാംസ്കാരിക കലാ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള മുഖ്യ പങ്കാളികള്‍ക്ക് ലോകത്തെമ്പാടുമുള്ള ബയര്‍മാരോടൊപ്പം ഫലവത്തായ ചര്‍ച്ചകള്‍ക്കും ആശയവിനിമയത്തിനുമുള്ള അവസരങ്ങള്‍ ലഭ്യമാകും.
സമ്പൂര്‍ണ മാലിന്യ സംസ്കരണം, ജൈവകൃഷി പ്രോത്സാഹനം, ഊര്‍ജത്തിന്‍റെ കാര്യക്ഷമമായ ഉപയോഗം, തദ്ദേശീയ ഉല്‍പ്പന്നങ്ങളുടെ വ്യാപക ഉപയോഗം തുടങ്ങിയവ കെടിഎം-2016 ന്‍റെ പരിഗണനാ വിഷയങ്ങളായിരുന്നെങ്കില്‍ ഇത്തവണ പ്രധാന വിഷയങ്ങള്‍ മഴവെള്ള സംഭരണം, പ്ലാസ്റ്റിക് ഉപയോഗ ലഘൂകരണം, ഹരിതാഭ വര്‍ദ്ധിപ്പിക്കല്‍ എന്നിവയാണ്.