അടിക്കടി മാറി കെഎസ്ആര്‍ടിസി വെബ്‌സൈറ്റ്; സ്വകാര്യ ബസുടമകള്‍ക്ക് ചാകരക്കോള്!
കെഎസ്ആര്‍ടിസിയുടെ വെബ്‌സൈറ്റിലെ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സംവിധാനത്തിനുള്ള ഇടയ്ക്കിടെയുള്ള മാറ്റത്തില്‍ വലഞ്ഞ് യാത്രികര്‍. തിരക്കേറിയ ദീപാവലി സീസണിലുള്‍പ്പെടെയുള്ള ഈ അടിക്കടി മാറ്റങ്ങള്‍ സ്വകാര്യ ബസ് ലോബിക്ക് കൊയ്ത്താകുകയാണ്.
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ വെബ്‌സൈറ്റിലെ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സംവിധാനത്തിനുള്ള ഇടയ്ക്കിടെയുള്ള മാറ്റത്തില്‍ വലഞ്ഞ് യാത്രികര്‍. തിരക്കേറിയ ദീപാവലി സീസണിലുള്‍പ്പെടെയുള്ള ഈ അടിക്കടി മാറ്റങ്ങള്‍ സ്വകാര്യ ബസ് ലോബിക്ക് കൊയ്ത്താകുകയാണ്.
കഴിഞ്ഞദിവസം പഴയ വെബ്‌സൈറ്റായ keralartc.in വഴി ബുക്കുചെയ്യാന്‍ ശ്രമിച്ച യാത്രക്കാര്‍ക്ക് സീറ്റ് ലഭ്യമല്ലെന്ന സന്ദേശമാണ് ലഭിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് online.keralartc.com എന്ന വെബ്‌സൈറ്റ് പ്രവര്‍ത്തനസജ്ജമായത്. ഇതറിയാതെ പലരും പഴയ വെബ്‌സൈറ്റില്‍ കയറിയപ്പോള്‍ സീറ്റ് ഇല്ലെന്നാണ് കാണിച്ചത്. കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനാണ് വെബ്‌സൈറ്റ് മാറ്റുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാല്‍ പഴയ വെബ്‌സൈറ്റില്‍ പുതിയ വെബ്‌സൈറ്റിലേക്കുള്ള ലിങ്ക് ഉള്‍പ്പെടുത്തിയാല്‍ പ്രശ്‌നം ഒഴിവാക്കാമായിരുന്നുവെന്നാണ് യാത്രികര്‍ പറയുന്നത്.
ദീപാവലിക്ക് രണ്ടുദിവസം മുമ്പു തന്നെ സൈറ്റ് മന്ദഗതിയിലായതായി യാത്രികര്‍ പറയുന്നു. പിന്നീടാണ് സൈറ്റ് പൂര്‍ണമായും നിശ്ചലമായത്. പഴയ വെബ്‌സൈറ്റ് വഴി നേരത്തേ ബുക്കുചെയ്തവരുടെ വിവരങ്ങള്‍ ആദ്യഘട്ടത്തില്‍ പുതിയ സൈറ്റില്‍ ഉള്‍പ്പെടുത്താത്തതും വിനയായി. ഇതിനാല്‍ ആദ്യദിവസങ്ങളില്‍ ഒരുസീറ്റില്‍ രണ്ടുപേര്‍ ബുക്കുചെയ്യുന്ന സ്ഥിതിയുമുണ്ടായി. മറ്റ് ബസുകളില്‍ യാത്രക്കാരെ കയറ്റിവിട്ടാണ് അധികൃതര്‍ പ്രശ്നം പരിഹരിച്ചത്.
അടിക്കടി സൈറ്റുകള്‍ മാറുന്നത് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടും കെഎസ്ആര്‍ടിസിക്ക് സാമ്പത്തിക നഷ്ടത്തിനുമിടയാക്കുകയാണ്. നാലുമാസത്തിനിടെ മൂന്നാമത്തെ തവണയാണ് വെബ്‌സൈറ്റ് മാറുന്നത്. നേരത്തേ ഓണ്‍ലൈന്‍ റിസര്‍വേഷന് കെല്‍ട്രോണും ഊരാളുങ്കല്‍ സൊസൈറ്റിയുമായിരുന്നു ഇടനിലക്കാര്‍. ടിക്കറ്റ് ഒന്നിന് 15.50 രൂപയാണ് കെഎസ്ആര്‍ടിസി നല്‍കിയിരുന്നത്. ജൂണില്‍ ബെംഗളൂരുവിലുള്ള കമ്പനിയുമായി കുറഞ്ഞനിരക്കില്‍ കരാര്‍ ഒപ്പിട്ടതോടെ ടിക്കറ്റിനത്തിലുള്ള കോര്‍പ്പറേഷന്റെ ചെലവ് കുറഞ്ഞെന്നാണ് അവകാശവാദം.
കെഎസ്ആര്‍ടിസിയുടെ റിസര്‍വേഷന്‍ സംവിധാനം അവതാളത്തിലാകുന്നത് സ്വകാര്യ ബസ് ലോബിക്കാണ് ഗുണകരമാകുന്നത്. റിസര്‍വേഷന്‍ ലഭിക്കാത്ത യാത്രിക്കാര്‍ കൂട്ടമായി സമീപിക്കുന്നതോടെ സ്വകാര്യ ബസുകള്‍ക്ക് കൊയ്ത്താകുകയാണ് ഉത്സവകാലം. കഴിഞ്ഞ വര്‍ഷം ഓണക്കാലത്തും സമാനമായി കെഎസ്ആര്‍ടിസി സൈറ്റ് അപ്രതീക്ഷിതമായി തകരാറിലായിരുന്നു.
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്
- online.keralartc.com എന്നതാണ് കെഎസ്ആര്‍ടിസിയുടെ പുതിയ വെബ്‌സൈറ്റ് വിലാസം
- ഔദ്യോഗിക വെബ്‌സൈറ്റായ keralartc.com വഴി ഇ-ടിക്കറ്റിങ് ഓപ്ഷന്‍ വഴിയും പുതിയ പോര്‍ട്ടലിലേക്ക് പ്രവേശിക്കാം.
- യാത്രയുടെ 30 ദിവസം മുമ്പുമുതല്‍ ടിക്കറ്റ് ബുക്കുചെയ്യാം.