ട്രെയിനിലും ഇനി ലേഡീസ് സീറ്റ്; പുരുഷന്മാര്‍ ഇരുന്നാല്‍ പിഴ!
ട്രെയിനുകളില്‍ സ്‌ത്രീകള്‍ക്ക് മാത്രമായി ഏര്‍പ്പെടുത്തിയിരുന്ന പ്രത്യേക കോച്ചുകള്‍ റെയില്‍വേ നിര്‍ത്തലാക്കുന്നുവെന്ന് റിപ്പോര്‍ട്ട്. കോച്ച് ക്ഷാമം രൂക്ഷമായ സാഹചര്യത്തിലാണ് നടപടിയെന്നാണ് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നത്.
തിരുവനന്തപുരം: ട്രെയിനുകളില്‍ സ്‌ത്രീകള്‍ക്ക് മാത്രമായി ഏര്‍പ്പെടുത്തിയിരുന്ന പ്രത്യേക കോച്ചുകള്‍ റെയില്‍വേ നിര്‍ത്തലാക്കുന്നുവെന്ന് റിപ്പോര്‍ട്ട്. കോച്ച് ക്ഷാമം രൂക്ഷമായ സാഹചര്യത്തിലാണ് നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രത്യേക കോച്ചുകള്‍ ഒഴിവാക്കുന്നതിനു പകരമായി ജനറല്‍ കോച്ചുകളിലെ നിശ്ചിത സീറ്റുകള്‍ സ്‌ത്രീകള്‍ക്കായി മാറ്റിവെക്കാനാണ് തീരുമാനം. സംവരണ സീറ്റുകള്‍ മനസിലാകുന്നതിനായി ബസുകളിലേത് പോലെ സ്റ്റിക്കറുകള്‍ പതിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
പുതിയ സംവരണ രീതി റെയില്‍ വേ നടപ്പിലാക്കിത്തുടങ്ങിയതായാണ് സൂചന. തിരുവനന്തപുരം - ചെന്നൈ മെയില്‍, കൊച്ചുവേളി- ബംഗുളൂരു എന്നീ ട്രെയിനുകളിലാണ് ആദ്യഘട്ടത്തില്‍ ഇത്തരമൊരു ക്രമീകരണം നടത്തുന്നത്. ഈ രണ്ട് ട്രെയിനുകളിലും നിലവിലുള്ള മൂന്ന് ജനറല്‍ കമ്പാര്‍ട്ട്‌മെന്റുകളിലൊന്നില്‍ ഒന്നുമുതല്‍ 30 വരെയുള്ള സീറ്റുകള്‍ സ്ത്രീകള്‍ക്കുവേണ്ടി മാറ്റി. എന്നാല്‍ മുന്‍കൂര്‍ അറിയിപ്പു നല്‍കാതെയുള്ള നടപടി യാത്രികരെ ആശയക്കുഴപ്പത്തിലാക്കിയെന്നും ആരോപണമുണ്ട്.
ലിങ്ക് ഹോഫ്മാന്‍ ബുഷ് (എല്‍.എച്ച്.ബി.) കോച്ചുകള്‍ ഉപയോഗിക്കുന്ന തീവണ്ടികളിലാണ് സ്ത്രീസംവരണ കോച്ചുകള്‍ ഇല്ലാതായത്. പാഴ്‌സല്‍വാന്‍ സൗകര്യമുള്ള എസ്.എല്‍.ആര്‍. (സീറ്റിങ് കം ലഗേജ് റേക്ക്) കോച്ചിന്റെ ഒരു ഭാഗമാണ് മുമ്പ് വനിതകള്‍ക്ക് മാറ്റിവെച്ചിരുന്നത്. അത് പിന്‍വലിക്കുന്നതാണ് പുതിയ നീക്കത്തിന് കാരണം.
സംവരണ സീറ്റുകളില്‍ ഇരിക്കുന്ന പുരുഷന്മാരെ ടിക്കറ്റ് പരിശോധകരും റെയില്‍വേ സംരക്ഷണസേനാ ഉദ്യോഗസ്ഥരും ചേര്‍ന്നാണ് നീക്കുന്നത്. പലര്‍ക്കും ഇതിന്റെ പേരില്‍ പിഴയും ചുമത്തി. വനിതാ യാത്രികരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് ട്രെയിനുകളില്‍ ലേഡീസ് കോച്ചുകള്‍ അനുവദിച്ചത്. എന്നാല്‍ പുതിയ സംവരണ രീതി നിമിത്തം സുരക്ഷാ ഭീഷണിയുണ്ടാക്കുമെന്നും ആശങ്ക ഉയരുന്നുണ്ട്.