കോംപസിനു വെല്ലുവിളി; ഹ്യുണ്ടായി ട്യൂസോണ്‍ മുഖം മിനുക്കുന്നു
കോംപാക്ട് എസ്‌യുവി ശ്രേണിയില്‍ ഹ്യുണ്ടായി അവതരിപ്പിച്ച ട്യൂസോണ്‍ വീണ്ടും മുഖംമിനുക്കിയെത്തുന്നു.
കോംപാക്ട് എസ്‌യുവി ശ്രേണിയില്‍ ഹ്യുണ്ടായി അവതരിപ്പിച്ച ട്യൂസോണ്‍ വീണ്ടും മുഖംമിനുക്കിയെത്തുന്നു. കൂടുതല്‍ സൗകര്യങ്ങളോടെയാണ് വാഹനം അടുത്ത മെയ് മാസമെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്നാം തലമുറ ടൂസോണാണ് ഇപ്പോള്‍ ഇന്ത്യയിലുള്ളത്. 2016ലാണ് ഈ മോഡല്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിക്കുന്നത്.
കാറിന്‍റെ പുറം മോടിയില്‍ കാര്യമായ മാറ്റമുണ്ടായില്ലെങ്കിലും സൗകര്യങ്ങളും സാങ്കേതിക വിദ്യയും മെച്ചപ്പെടുത്തിയിട്ടുണ്ട്. പൂര്‍ണമായും എല്‍ഇഡി ആക്കിയ ഹെഡ്‌ലൈറ്റ്, ക്രോമിയം സ്ലാറ്റുകള്‍ നല്‍കിയിട്ടുള്ള എല്‍ ഷേപ്പ് ഗ്രില്ല്, പുതിയ ഡിസൈനിലുള്ള ബമ്പര്‍, ഫോഗ് ലാമ്പ് എന്നിവയ്‌ക്കൊപ്പം ബമ്പറിലെ സ്‌കിഡ് പ്ലേറ്റുമാണ് പുതിയ വാഹനത്തിന്‍റെ മുന്‍വശത്തെ പ്രധാന മാറ്റം.
ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നീ സംവിധാനങ്ങളോടെ പുതുതായെത്തുന്ന എട്ട് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ക്യാബിന് ആഡംബരഭാവം നല്‍കുന്നു. 360 ഡിഗ്രി ക്യാമറ, പുതിയ ക്രൂയിസ് കണ്‍ട്രോള്‍ എന്നിവയും പുതുമകളാണ്.
നിലവിലെ ആറ് സ്പീഡ് ഒട്ടോമാറ്റിക്/ മാനുവല്‍ ഗിയര്‍ ബോക്‌സുകളില്‍ 2.0 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എന്‍ജിന്‍ ഓപ്ഷനാണ് പുതിയ ട്യൂസോണിലും. ഡീസല്‍ എന്‍ജിന്‍ 185 എച്ച്പി കരുത്തും പെട്രോള്‍ എന്‍ജിന്‍ 155 എച്ച്പി കരുത്തും ഉത്പാദിപ്പിക്കും.
ഓട്ടോണമസ് ബ്രേക്കിങ് ഉള്‍പ്പെടെ ശക്തമായ സുരക്ഷയാണ് ട്യൂസോണില്‍ ഒരുക്കുന്നത്. വെഹിക്കില്‍ സ്‌റ്റെബിലിറ്റി മാനേജ്മെന്റ്, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ഡൗണ്‍ ഹില്‍ ബ്രേക്ക് കണ്‍ട്രോള്‍, ബ്രേക്ക് അസിസ്റ്റ്, ഇ.എസ്.സി, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍ എന്നിവയാണ് സുരക്ഷ ഒരുക്കുന്നത്.
ജീപ്പ് കോംപസ്, ഫോക്‌സ്‌വാഗണ്‍ ടിഗ്വാന്‍, സ്‌കോഡ കോഡിയാക് തുടങ്ങിയവരാണ് ഇന്ത്യയില്‍ ട്യൂസോണിന്റെ പ്രധാന എതിരാളികള്‍.