എന്താവും പുതിയ സാൻട്രോയുടെ മുഴുവൻ പേര്? നിങ്ങള്‍ക്കും മത്സരിക്കാം!

  • പുതിയ സാൻട്രോയുടെ മുഴുവൻ പേരെന്ത്?
  • മത്സരവുമായി ഹ്യുണ്ടായി
Hyundai to reveal name of new hatchback on October 4

ഒരുകാലത്ത് ഇന്ത്യന്‍ വാഹന വിപണിയില്‍ തരംഗം സൃഷ്‍ടിച്ച വാഹനമായിരുന്നു ഹ്യുണ്ടായിയുടെ സാന്‍ട്രോ. ചുരുങ്ങിയ സമയത്തിനുള്ളില്‍ ജനഹൃദയങ്ങള്‍ കീഴടക്കിയ ജനപ്രിയ വാഹനം. 1998-ല്‍ ടോള്‍ ബോയ് ഡിസൈനില്‍ ഇന്ത്യയിലെത്തിയ സാന്‍ട്രോ പെട്ടെന്നാണ് നിരത്തുകള്‍ കീഴടക്കിയത്. എന്നാല്‍ അതേ വേഗതയിലായിരുന്നു സാന്‍ട്രോയുടെ മടക്കവും. ഇപ്പോള്‍ സാന്‍ട്രോ തിരിച്ചുവരികയാണ്. കഴിഞ്ഞ കുറച്ചുനാളുകളായി അതു തന്നെയാണ് വാഹന ലോകത്തെ സജീവ ചര്‍ച്ചയും.

പുതിയ കാറിന്‍റെ പേരെന്തായിരിക്കുമെന്നാണ് ഇപ്പോള്‍ വാഹന പ്രേമികള്‍ പരസ്പരം ചോദിക്കുന്നത്. കാറിന്റെ നാമകരണം ഒക്ടോബർ നാലിനാണെന്നാണ് പുതിയ വാര്‍ത്തകള്‍. സാൻട്രോ എന്ന പേരു തന്നെ തിരിച്ചെത്തിക്കാൻ ഹ്യുണ്ടേയ് മോട്ടോറിന് പദ്ധതിയുണ്ടെന്നും എന്നാൽ മറ്റൊരു പേരിന്റെ തുടർച്ചായിട്ടാവും ഈ പേര്‍ ഉപയോഗിക്കുകയെന്നാണു സൂചന. മാരുതി സുസുക്കി സെൻ എസ്റ്റിലോ എന്ന മോഡലിലൂടെ ‘സെൻ’ എന്ന പേരു മടക്കിക്കൊണ്ടു വന്നത് ഹ്യുണ്ടായിയും മാതൃകയാക്കിയേക്കുമെന്നാണ് കരുതുന്നത്.

പുതിയ കാറിനു പേരു കണ്ടെത്താൻ മത്സരം സംഘടിപ്പിക്കാനാണു ഹ്യുണ്ടായിയുടെ പദ്ധതി. അടുത്ത മാസം 16ന് ഈ മത്സരം ആരംഭിക്കും. സാൻട്രോ എന്ന പേരിന് ഇപ്പോഴും ഇന്ത്യയിൽ മികച്ച സ്വീകാര്യതയുള്ളതിനാല്‍ ഇതേ പേരു തന്നെ നൽകുന്നതോടെ പരസ്യപ്രചാരണങ്ങൾക്കുള്ള ചെലവ് കുറയ്ക്കാൻ സഹായിക്കുമെന്നാണ് കമ്പനി കരുതുന്നത്. 

ഇയോണിനു പകരക്കാരനായാണു പുതിയ സാൻട്രോ അവതരിക്കുക. പഴയ സാൻട്രോയെ പോലെ ഉയർന്ന മേൽക്കൂരയുള്ള ടോൾ ബോയ് രൂപകൽപ്പനയാവും ഈ കാറിനും. സാൻട്രോ സിങ്ങിലുണ്ടായിരുന്ന 1.1 ലീറ്റർ പെട്രോൾ എൻജിന്റെ പരിഷ്കരിച്ച പതിപ്പാവും കാറിന്‍റെ ഹൃദയം. ഒക്ടോബര്‍ അവസാനത്തോടെ കാർ വിൽപ്പനയ്ക്കെത്തുമെന്നാണു പ്രതീക്ഷ. 

Latest Videos
Follow Us:
Download App:
  • android
  • ios