കേരളത്തിന്‍റെ ആ പുതിയ ട്രെയിന്‍ ഇന്നുമുതല്‍ ഓടിത്തുടങ്ങും
ബെംഗളൂരു - തിരുവനന്തപുരം സെക്ടറിൽ അനുവദിക്കപ്പെട്ട പുതിയ ട്രെയിൻ ഹംസഫർ എക്സ്പ്രസ് ഇന്നുമുതല്‍ ഓടിത്തുടങ്ങും
തിരുവനന്തപുരം: ബംഗളൂരുവിലേക്കും തിരിച്ചുമുള്ള മലയാളി സഞ്ചാരികള്‍ക്ക് ആശ്വാസമായി ബെംഗളൂരു - തിരുവനന്തപുരം സെക്ടറിൽ അനുവദിക്കപ്പെട്ട പുതിയ ട്രെയിൻ ഹംസഫർ എക്സ്പ്രസ് ഇന്നുമുതല്‍ ഓടിത്തുടങ്ങും. ഒക്ടോബര്‍ 20ന് തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുതിയ ട്രെയിൻ കേന്ദ്ര മന്ത്രി അൽഫോൺസ് കണ്ണന്താനം ഫ്ലാഗ് ഓഫ് ചെയ്യും.
ആധുനിക സൗകര്യങ്ങളോട് കൂടിയ 22 തേഡ് എസി കോച്ചുകളാണ് ഹംസഫറിനുള്ളത്. സിസിടിവി ക്യാമറ, ജിപിഎസ് സ്റ്റേഷന്‍ അനൗണ്‍സ്‌മെന്റ് ഡിസ്‌പ്ലേ സംവിധാനം, എല്‍ഇഡി ലൈറ്റുകള്‍, സ്‌മോക്ക് അലാറം, കോഫി വെന്‍ഡിങ് മെഷീന്‍, മിനി പാന്‍ട്രി തുടങ്ങിയ സൗകര്യങ്ങള്‍ ഹംസഫര്‍ എക്‌സ്പ്രസ്സിനെ ആകര്‍ഷകമാക്കുന്നു.
ബംഗളുരുവിലെ ബാനസ് വാടിയിൽ നിന്ന് കൊച്ചുവേളിയിലേക്കും തിരിച്ചും ആഴ്ചയിൽ രണ്ടു ദിവസമാണ് ഹംസഫർ എക്സ്പ്രസ് സർവീസ് നടത്തുക. വ്യാഴം, ശനി എന്നീ ദിവസങ്ങളിൽ വൈകിട്ട് 6.50 ന്, കൊച്ചുവേളിയിൽ നിന്നും പുറപ്പെടുന്ന ട്രെയിൻ വെള്ളി, ഞായർ ദിവസങ്ങളിൽ രാവിലെ 10.45 ന് ബാനസ് വാടിയിൽ എത്തും. വെള്ളി, ഞായർ ദിവസങ്ങളിൽ വൈകീട്ട് 7 മണിക്ക് ബാനസ് വാടിയിൽ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ യഥാക്രമം ശനി, തിങ്കൾ എന്നി ദിവസങ്ങളിൽ രാവിലെ 9.05 നു കൊച്ചുവേളിയിൽ എത്തും.
ബാനസ്‌വാടിക്ക് മുന്‍പ് കൃഷ്ണരാജപുരത്തും തീവണ്ടിക്ക് സ്റ്റോപ്പുണ്ടാവും. മെട്രോ സ്റ്റേഷനോടു ചേര്‍ന്നുള്ള ബയ്യപ്പനഹള്ളി സ്റ്റേഷനിലെ പ്ലാറ്റ്‌ഫോം നിര്‍മ്മാണം പൂര്‍ത്തിയാവുന്ന മുറയ്ക്ക് ഇവിടെയും തീവണ്ടിക്ക് സ്റ്റോപ്പ് അനുവദിക്കും എന്ന പ്രതീക്ഷയിലാണ് യാത്രക്കാര്‍.