ഇന്ത്യയില്‍ നിര്‍മ്മിച്ച് ഹോണ്ട കടല്‍കടത്തിയത് 20 ലക്ഷം ടു വീലറുകള്‍
ഇന്ത്യയില്‍ ഇരുചക്രവാഹനങ്ങള്‍ നിര്‍മ്മിച്ച് വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്നതില്‍ ജാപ്പനീസ് വാഹനനിര്‍മ്മാതാക്കളായ ഹോണ്ടയ്ക്ക് വന്‍കുതിപ്പ്.
ഇന്ത്യയില്‍ ഇരുചക്രവാഹനങ്ങള്‍ നിര്‍മ്മിച്ച് വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്നതില്‍ ജാപ്പനീസ് വാഹനനിര്‍മ്മാതാക്കളായ ഹോണ്ടയ്ക്ക് വന്‍കുതിപ്പ്. ഇന്ത്യയില്‍ നിര്‍മ്മിച്ച 20 ലക്ഷം ഇരുചക്രവാഹനങ്ങളാണ് ഹോണ്ട കയറ്റി അയച്ചത്. 2001-മുതല്‍ ആണ് ഹോണ്ടയുടെ സ്‌കൂട്ടറുകള്‍ കടല്‍ കടക്കാന്‍ തുടങ്ങിയത്. ഹോണ്ട ആക്ടീവ കയറ്റി അയച്ചായിരുന്നു തുടക്കം. 17 വര്‍ഷം പിന്നിടുമ്പോള്‍ 20 ലക്ഷം വാഹനങ്ങളാണ് ഹോണ്ട വിവിധ രാജ്യങ്ങളിലേക്ക് കയറ്റി അയച്ചിരിക്കുന്നത്.
14 വര്‍ഷം കൊണ്ടാണ് ആദ്യ 10 ലക്ഷം വാഹനങ്ങള്‍ കയറ്റി അയച്ചത്. എന്നാല്‍, അടുത്ത 10 ലക്ഷം എന്ന നേട്ടം കൈവരിക്കാന്‍ വെറും മൂന്ന് വര്‍ഷങ്ങൾ മാത്രമാണ് വേണ്ടിവന്നത്. ടൂ വീലർ ശ്രേണിയില്‍ പുതിയ വാഹനങ്ങള്‍ പുറത്തിറക്കാന്‍ സാധിച്ചതാണ് 20 ലക്ഷം യൂണിറ്റ് വാഹനങ്ങള്‍ കയറ്റുമതി ചെയ്യാന്‍ കരുത്ത് പകര്‍ന്നതെന്നാണ് ഹോണ്ട അധികൃതര്‍ പറയുന്നത്.
ആഭ്യന്തര വിപണിയിലെ മികച്ച പ്രതികരണത്തിന്റെ പിന്‍ബലത്തില്‍ ആഗോള തലത്തില്‍ ഹോണ്ടയുടെ വില്‍പ്പനയില്‍ ഏറ്റവും കൂടുതല്‍ സംഭാവന ചെയ്യുന്നത് ഇന്ത്യയാണെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് സീനിയര്‍ വൈസ് പ്രസിഡന്റ് യാദവീന്ദര്‍ സിങ് വ്യക്തമാക്കി.