കോലിയുടെ കരുത്തില്‍ ഹീറോ എക്സ്ട്രീം 200ആർ കേരളത്തിൽ
ഹീറോ മോട്ടോ കോർപ്പ് ലിമിറ്റഡിന്റെ പുതിയ പ്രീമിയം മോട്ടോർസൈക്കിളായ എക്സ്ട്രീം 200ആർ കേരള വിപണിയിൽ പുറത്തിറക്കി. ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്‍ലിയെ പുതിയ ബ്രാന്റ് അംബാസഡറായും തിരഞ്ഞെടുത്തു.
കൊച്ചി: ഹീറോ മോട്ടോ കോർപ്പ് ലിമിറ്റഡിന്റെ പുതിയ പ്രീമിയം മോട്ടോർസൈക്കിളായ എക്സ്ട്രീം 200ആർ കേരള വിപണിയിൽ പുറത്തിറക്കി. ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്‍ലിയെ പുതിയ ബ്രാന്റ് അംബാസഡറായും തിരഞ്ഞെടുത്തു. വിരാട് കോലിയെ ഉൾക്കൊള്ളിച്ചുള്ള പുതിയ പ്രചാരണ പരിപാടികൾക്കും ഇതോടെ തുടക്കമായി. 89900 രൂപയാണ് എക്സ്ട്രീം 200ആറിന്റെ കൊച്ചിയിലെ എക്സ് ഷോറൂം വില.
പുതിയ തലമുറയെ ലക്ഷ്യമിട്ടുള്ള ഏറ്റവും ആധുനികമായ സാങ്കേതിക വിദ്യ ഉൾക്കൊള്ളിച്ചുള്ള, ഉപഭോക്താക്കളെ സംതൃപ്തിപ്പെടുത്തുന്ന ഉൽപ്പന്നമാണ് എക്സ്ട്രീം 200ആർ എന്ന് ഹീറോ മോട്ടോ കോർപ്പ് എംഡിയും സിഇഒയുമായ പവൻ മുൻജാൽ പറഞ്ഞു. ഇന്നത്തെ തലമുറയെ പ്രതിനിധീകരിക്കുന്ന വ്യക്തിയാണ് വിരാട് കോലിയെന്നും ഹീറോ കുടുംബത്തിലേക്ക് അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി
തന്‍റെ തലമുറയിൽപ്പെട്ട ലക്ഷകണക്കിന് ആൺകുട്ടികളും പെൺകുട്ടികളും ഹീറോ മോട്ടോർസൈക്കിളുകളും സ്കൂട്ടറുകളും ഓടിച്ചാണ് വളർന്നതെന്നും അതുകൊണ്ട് തന്നെ ഹീറോ എന്ന ബ്രാന്റുമായി സഹകരിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും വിരാട് കോലി പറഞ്ഞു.
സുരക്ഷക്ക് ഏറെ പ്രാധാന്യം നൽകുന്ന മോഡലാണ് എക്സ്ട്രീം 200ആർ. മോട്ടോർസൈക്കിൾ കാറ്റഗറിയിൽ ആദ്യമായി ആന്റിബ്രേക്കിംഗ് സിസ്റ്റം അവതരിപ്പിക്കുകയാണ് എക്സ്ട്രീം 200ആറിലൂടെ ഹീറോ. ഇതിന് പുറമേ ആകർഷകമായ രീതിയിൽ ഒട്ടേറെ പ്രീമിയം ഫീച്ചേഴ്സും എക്സ്ട്രീം 200ആറിലുണ്ട്. മസ്‍കുലാർ രൂപമാണ് എക്സ്ട്രീം 200ആറിന്റേത്. ബിഎസ് - 4 മാനദണ്ഡമനുസരിച്ചുള്ള 200സിസി എയർ - കൂൾഡ് എഞ്ചിൻ ആണ് വാഹനത്തിലുള്ളത്. 8000 ആർപിഎമ്മിൽ 18.4 പിഎസും 6500 ആർപിഎമ്മിൽ 17.1 എൻഎം ടോർക്കും വാഹനത്തിന് നൽകാനാകും. പൂജ്യത്തിൽ നിന്ന് മണിക്കൂറിൽ 60 കി.മീ വേഗം കൈവരിക്കാൻ എക്സ്ട്രീം 200ആറിന് വെറും 4.6 സെക്കന്റുകൾ മതി. മണിക്കൂറിൽ 114 കി.മീ ആണ് പരമാവധി വേഗം
ഭാരം കുറഞ്ഞ ഫ്രെയിമോടു കൂടിയാണ് വാഹനം രൂപകൽപന ചെയ്തിരിക്കുന്നത്. ഉയർന്ന വേഗതയിലും വളവുകളിലും മററും വാഹനത്തിന് സ്ഥിരത നൽകാൻ ഇത് സഹായിക്കും. വാഹനത്തിന്റെ ഡിസൈനും ഏറെ ആകർഷകമാണ്. ഉയർന്നു നിൽക്കുന്ന ഫ്യുവൽ ടാങ്ക്, സ്പോർട്ടി ഹെഡ്‌ലൈറ്റ്, പുരികത്തിന് സമാനമായ എൽഇഡി പൈലറ്റ് ലാമ്പുകൾ, എൽഇഡി ടെയിൽ ലാമ്പ്, ഡിജിറ്റൽ അനലോഗ് ഇൻഫർമേഷൻ ക്ലസ്റ്റർ, ഡുവൽ ടോൺ ഗ്രാഫിക്സ് എന്നിവ എക്സ്ട്രീം 200ആറിനെ വേറിട്ട് നിർത്തുന്നു. പാന്തർ ബ്രാക്ക് - കൂൾ സിൽവർ, പാന്തർ ബാക്ക് - ചുവപ്പ്, സ്പോർട്സ് റെഡ്, ചാർക്കോൾ ഗ്രേ - ഓറഞ്ച്, ടെക്നോ ബ്ലൂ എന്നീ നിറങ്ങളിൽ വാഹനം ലഭ്യമാണ്. 276 എംഎം ഫ്രണ്ട് ഡിസ്ക്, 220എംഎം റിയർ ഡിസ്ക് ബ്രേക്കുകൾ, സ്റ്റാൻഡേർഡ് എബിഎസ് സിസ്റ്റം എന്നിവ വാഹനത്തിലുണ്ട്