നിരത്തു കീഴടക്കാന്‍ ഹാരിയര്‍ കേരള വിപണിയിലും
വാഹന പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ടാറ്റ മോട്ടോഴ്സിന്റെ ഏറ്റവും പുതിയ എസ്‍യുവിയായ ഹാരിയർ പുറത്തിറക്കി. 12.69 ലക്ഷം രൂപ മുതലാണ് വാഹനത്തിൻറെ കൊച്ചി എക്സ് ഷോറൂം വില. 2018 ഓട്ടോ എക്സ്പോയിൽ H5X എന്ന പേരിൽ അവതരിപ്പിച്ച വാഹനമാണ് ഹാരിയർ.
കൊച്ചി : വാഹന പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ടാറ്റ മോട്ടോഴ്സിന്റെ ഏറ്റവും പുതിയ എസ്‍യുവിയായ ഹാരിയർ പുറത്തിറക്കി. 12.69 ലക്ഷം രൂപ മുതലാണ് വാഹനത്തിൻറെ കൊച്ചി എക്സ് ഷോറൂം വില. 2018 ഓട്ടോ എക്സ്പോയിൽ H5X എന്ന പേരിൽ അവതരിപ്പിച്ച വാഹനമാണ് ഹാരിയർ. ടാറ്റാ ഹാരിയർ പുറത്തിറക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് ടാറ്റാ മോട്ടോഴ്സ് ചീഫ് ടെക്നോളജി ഓഫീസർ രാജേന്ദ്ര പേട്‍കർ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ഒപ്ടിമൽ മോഡുലാർ എഫിഷ്യന്‍റ് ഗ്ലോബൽ അഡ്വാൻസ്ഡ് (OMEGA) സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയുളള വാഹനം ദുർഘടമായ പാതകളിലും സുഖകരമായ ഡ്രൈവിംഗ് വാദ്ഗാനം ചെയ്യുന്നുവെന്നും ഏറ്റവും മികച്ച ഗുണനിലവാരവും സൗകര്യപ്രദമായ കാബിനും സുരക്ഷയും ആണ് വാഹനത്തിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. ഇതു വരെ ടാറ്റാ മോട്ടോഴ്സ് നല്‍കിയിട്ടുള്ളതിൽ വെച്ച് ഏറ്റവുമധികം പ്രീമിയം ഉൽപ്പന്നമാണ് ഹാരിയറെന്ന് ടാറ്റാ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾ ബിസിനസ് യൂണിറ്റ് വൈസ് പ്രസിഡണ്ട് മോഹൻ സർവർക്കർ പറഞ്ഞു.
രാജ്യത്തെ ടാറ്റയുടെ എല്ലാ അംഗീകൃത ഷോറൂമുകളിലൂടെയും ഇന്നു മുതൽ ഹാരിയർ ലഭ്യമാകും. ഏറ്റവും മികച്ച ഡിസൈനും പ്രവർത്തന മികവും ഒത്തിണങ്ങുന്ന ഗ്ലോബൽ എസ്‍യുവിയാണ് ഹാരിയർ. ഒപ്ടിമൽ മോഡുലാർ എഫിഷ്യൻറ് ഗ്ലോബൽ അഡ്വാൻസ്ഡ് (OMEGA) സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയുളള വാഹനം ദുർഘടമായ പാതകളിലും സുഖകരമായ ഡ്രൈവിംഗ് വാദ്ഗാനം ചെയ്യുന്നു. ഇംപാക്റ്റ് ഡിസൈൻ 2.0 അനുസരിച്ചാണ് വാഹനം ഡിസൈൻ ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ഒക്ടോബറിലാണ് വാഹനത്തിന്റെ ബുക്കിംഗ് ആരംഭിച്ചത്. ഹാരിയർ പുറത്തിറങ്ങിയാലുടൻ സ്വന്തമാക്കണമെന്ന ആഗ്രഹത്തിൽ നിരവധി പേരാണ് വാഹനം ബുക്ക് ചെയ്തത്. ഹാരിയർ കൂടി എത്തുന്നതോടെ ടാറ്റാ എസ്‍യുവി ഉപഭോക്താക്കളുടെ കൂട്ടായ്മയായ SOUL കൂടുതൽ ശക്തമാകും. ഉപഭോക്താക്കൾക്ക് റിവാർഡ് ലഭിക്കുന്ന പദ്ധതിയും ടാറ്റാ മോട്ടോഴ്സ് തയ്യാറാക്കിയിട്ടുണ്ട്. SOUL പോയിൻറ്സ് ഉപഭോക്താക്കൾക്ക് നേടാനും അത് പിന്നീട് വിവിധ സമ്മാനങ്ങളായി ലഭിക്കാനും അവസരമുണ്ട്.
ഇംപാക്ട് ഡിസൈൻ 2.0
ഹാരിയറിന്റെ സമകാലിക ശൈലിയിലുള്ള ഡിസൈൻ പെട്ടെന്ന് തന്നെ കാഴ്ചക്കാരുടെ കണ്ണിലുടക്കും. ബോൾഡ് ക്രോം ഫിനിഷിങ്ങോടു കൂടിയ പിന്നിലേക്കിറങ്ങി വരുന്ന റൂഫ് ലൈൻ, തിളക്കമേറിയ വീൽ ആർച്ചുകൾ, ഡുവൽ ഫംഗ്ഷൻ എൽഇഡി ഡിആർഎൽ എന്നിവ വാഹനത്തെ ആകർഷകമാക്കുന്നു.
വൃത്തിയുള്ളതും അടുക്കും ചിട്ടയുള്ളതുമായ ഇന്റീരിയറാണ് ഹാരിയറിലുള്ളത്. പ്രായോഗികതയും സ്റ്റൈലും ഒത്തിണങ്ങുന്നതാണ് ഇന്റീരിയറെന്ന് നിസ്സംശയം പറയാം. ഉന്നത ഗുണമേൻമയുള്ള മെറ്റീരിയലുകൾ കൊണ്ടാണ് ഇന്റീരിയറൊരുക്കിയിരിക്കുന്നത്. മികച്ച കളർ കോമ്പിനേഷനാണ് മറ്റൊരു പ്രത്യേകത. ആഡംബരമേറിയതാണ് വാഹനത്തിലെ അകത്തളം. XE, XM, XT, XZ എന്നീ നാല് പതിപ്പുകളിലായി ഹാരിയർ ലഭ്യമാണ്. കാലിസ്റ്റോ കോപ്പർ, തെർമിസ്റ്റോ ഗോൾഡ്, ഏരിയൽ സിൽവർ, ടെലിസ്റ്റോ ഗ്രേ, ഓർക്കസ് വൈറ്റ് എന്നീ അഞ്ച് നിറങ്ങളിൽ ആണ് ഹാരിയർ വിപണിയിലെത്തിയിരിക്കുന്നത്.
ഐതിഹാസികമായ പാരമ്പര്യം
ജാഗ്വാർ ആന്റ് ലാന്റ് റോവറുമായി ചേർന്ന് ഒപ്ടിമൽ മോഡുലാർ എഫിഷ്യൻറ് ഗ്ലോബൽ അഡ്വാൻസ്ഡ് സാങ്കേതികവിദ്യയനുസരിച്ചാണ് വാഹനം നിർമ്മിച്ചിരിക്കുന്നത്. ജാഗ്വാർ ആന്‍റ് ലാന്‍ഡ് റോവറിന്‍റെ ഡി8 പ്ലാറ്റ് ഫോമിലാണ് വാഹനം നിർമ്മിച്ചിരിക്കുന്നത്. 2.2 ദശലക്ഷം കിലോമീറ്റർ വരുന്ന ദുർഘടമായ പാതകളിലൂടെ ഹാരിയർ ഡ്രൈവ് ചെയ്ത് പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്. പൂനെയിലെ 90 ശതമാനവും ഓട്ടോമേറ്റഡായ പുതിയ അസംബ്ലി ലൈനിലാണ് ഹാരിയർ നിർമ്മിച്ചിരിക്കുന്നത്
ഉയർന്ന സുരക്ഷ
ഏറ്റവും ആധുനികമായ സുരക്ഷാ സംവിധാനങ്ങളാണ് ഹാരിയറിൽ ഒരുക്കിയിരിക്കുന്നത് . സുരക്ഷക്കായി അധികമായി ഏർപ്പെടുത്തിയ 14 ഫീച്ചറുകൾക്ക് പുറമേ അഡ്വാൻസ്ഡ് ഇലക്ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം (ഇഎസ്‍പി) വാഹനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ആറ് എയർബാഗുകൾ, കുട്ടികൾക്കായുള്ള സീറ്റ് എന്നിവ വാഹനത്തിലുണ്ട്.
മികച്ച പ്രകടനം
മൈലേജും പവറും ഒരു പോലെ ഒത്തിണങ്ങുന്ന ക്രയോടെക് 2.0 ഡീസൽ എഞ്ചിനാണ് വാഹനത്തിലുള്ളത്. ആറു സ്പീഡാണ് ട്രാൻസ്മിഷൻ. അഡ്വാൻസ്ഡ് ഇലക്ട്രോണിക്കലി കൺട്രോൾഡ് വാരിയബിൾ ജ്യോമെട്രി ടർബോചാർജർ സഹിതമുള്ള രണ്ടു ലീറ്റർ ക്രയോടെക് ഡീസൽ എൻജിന് 140 ബിഎച്ച്പി, 350 എൻഎം ടോർക്കും ഉൽപാദിപ്പിക്കാനാകും. സിറ്റി, ഇക്കോ, സ്പോർട്സ് എന്നീ ഡ്രൈവ് മോഡുകളുമുണ്ട്.
കണക്ടിവിറ്റി ആന്‍ഡ് ഇൻഫോടെയിൻമെൻറ്
സ്റ്റീയറിങ്ങിൽ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിന്റെയും ക്രൂസ് കൺട്രോളിന്റെയും സ്വിച്ചുകൾ ഉൾക്കൊള്ളിച്ചിരിക്കുന്നു . 8.8 ഹൈ റെസലൂഷൻ ഡിസ്‍പ്ലേ സഹിതമുള്ള ഫ്ലോട്ടിംഗ് ഐലന്റ് ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെൻറ് സിസ്റ്റം ആണ് വാഹനത്തിലുള്ളത്. ആൻഡ്രോയ്ഡ് ഓട്ടോ , ആപ്പിൾ കാർ പ്ലേ, കണക്ട് നെക്സ്റ്റ് ആപ്പ് സ്യൂട്ട് (ഡ്രൈവ് നെക്സ്റ്റ്, ടാററാ സ്മാർട്ട് റിമോട്ട്, ടാറ്റാ സ്മാർട്ട് മാനുവൽ) , വീഡിയോ ആന്‍ഡ് ഇമേജ് പ്ലേ ബാക്ക്, വോയ്സ് റെക്കഗനിഷൻ , എസ്എംസ് റീഡ്ഔട്ട് എന്നിവ വാഹനത്തിന്റെ ഇൻഫോടെയിൻമെൻറിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. ഒമ്പത് സ്പീക്കറുകളോട് കൂടി 320W ആർഎംഎസ് ജെബിഎൽ ഓഡിയോ സിസ്റ്റം ആണ് വാഹനത്തിലുള്ളത്. മീഡിയ, ഫോൺ, നാവിഗേഷൻ വിവരങ്ങൾ എന്നി കളർ ടിഎഫ്ടി ഡിസ്‍പ്ലേയിൽ ദൃശ്യമാകും.