കാത്തിരിപ്പിന് അവസാനം; ഫോക്‌സ്‌വാഗൺ വിർടസ് സെഡാൻ ഇന്നെത്തും
പുതിയ വിര്‍ടസ് മിഡ്-സൈസ് സെഡാനിനായുള്ള പ്രീ-ബുക്കിംഗ് ഓൺലൈനിലും ഡീലർഷിപ്പുകളിലും ആരംഭിച്ചു. ഈ മാസം അവസാനിക്കുന്നതിന് മുമ്പ് സെഡാന്റെ ഡെലിവറി ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഫോക്‌സ്‌വാഗൺ അതിന്റെ ഏറ്റവും പുതിയ പ്രീമിയം മിഡ്-സൈസ് സെഡാനായ വിര്‍ടസിനെ ഇന്ന് ഇന്ത്യയില്‍ അവതരിപ്പിക്കും. ജർമ്മൻ കാർ നിർമ്മാതാവ് വാഹനത്തിന്‍റെ വിലയും ഔദ്യോഗികമായി പ്രഖ്യാപിക്കും. പുതിയ വിര്‍ടസ് മിഡ്-സൈസ് സെഡാനിനായുള്ള പ്രീ-ബുക്കിംഗ് ഓൺലൈനിലും ഡീലർഷിപ്പുകളിലും ആരംഭിച്ചു. ഈ മാസം അവസാനിക്കുന്നതിന് മുമ്പ് സെഡാന്റെ ഡെലിവറി ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അടുത്ത കാലത്തായി എസ്‌യുവികൾക്ക് കാര്യമായ ഇടം നൽകിയിട്ടുള്ള ഇന്ത്യയിലെ ഇടത്തരം സെഡാൻ സെഗ്‌മെന്റിനെ പുനരുജ്ജീവിപ്പിക്കുക എന്നതാണ് വിർടസിലൂടെ ഫോക്‌സ്‌വാഗൺ ലക്ഷ്യമിടുന്നത്.
കംഫർട്ട്‌ലൈൻ, ഹൈലൈൻ, ടോപ്‌ലൈൻ എന്നിവ ഉൾപ്പെടുന്ന മൂന്ന് അടിസ്ഥാന വകഭേദങ്ങളിൽ ഫോക്‌സ്‌വാഗൺ വിർട്ടസ് സെഡാൻ പുറത്തിറക്കാൻ സാധ്യതയുണ്ട്. അവസാന രണ്ട് ട്രിമ്മുകൾക്ക് മാനുവൽ, ഓട്ടോമാറ്റിക് വേരിയന്റുകൾ ലഭിക്കുമെങ്കിലും, അടിസ്ഥാന ട്രിം കംഫർട്ട്ലൈന് മാനുവൽ ട്രാൻസ്മിഷൻ മാത്രമേ ലഭിക്കൂ.
രണ്ട് എൻജിൻ ഓപ്ഷനുകളിലും മൂന്ന് ട്രാൻസ്മിഷൻ ചോയിസുകളിലും ഫോക്‌സ്‌വാഗൺ വിർടസ് വരും. ആറ് സ്‍പീഡ് മാനുവൽ ട്രാൻസ്‍മിഷനും ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സും ഘടിപ്പിച്ച 1.0 ലിറ്റർ ടിഎസ്ഐ എൻജിനുമുണ്ട്. മറ്റൊന്ന്, ഏറെ ശ്രദ്ധ നേടിയ 7-സ്പീഡ് DSG യൂണിറ്റുമായി ഘടിപ്പിച്ച കൂടുതൽ ശക്തമായ 1.5 ലിറ്റർ, നാല് സിലിണ്ടർ, TSI പെട്രോൾ എഞ്ചിനാണ്. 1.0 ലിറ്റർ പെട്രോൾ യൂണിറ്റുകൾക്ക് പരമാവധി 114 bhp ഉൽപ്പാദിപ്പിക്കാനും 175 Nm പീക്ക് ടോർക്കും നൽകാനും കഴിയും. കൂടുതൽ ശേഷിയുള്ള 1.5 ലിറ്റർ യൂണിറ്റ് 148 bhp പരമാവധി കരുത്തും 250 Nm പരമാവധി ടോർക്കും നൽകുന്നു.
2022 ഫോക്‌സ്‌വാഗൺ വിർടസ് ഫോക്‌സ്‌വാഗൺ MQB A0 IN പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്, ഇത് ഈ വർഷം ആദ്യം പുറത്തിറക്കിയ സ്‌കോഡയിൽ നിന്നുള്ള സ്ലാവിയയെ അടിസ്ഥനമിടുന്നു. വെന്റോയേക്കാൾ വലുതായ വിർടസ് ഈ മോഡലിന് പകരമായി ഇവിടെ വിപണിയിലെത്തും. വിർട്ടസിന് 4,561 എംഎം നീളവും 1,507 എംഎം ഉയരവും 1,752 എംഎം വീതിയും 2,651 എംഎം വീൽബേസും ഉണ്ട്. 521 ലിറ്ററിൽ വലിയ ബൂട്ട് സ്പേസും ഇതിലുണ്ട്. ഉള്ളിൽ, 10 ഇഞ്ച് പ്രധാന ഡിസ്‌പ്ലേ സ്‌ക്രീൻ, ഓൾ-ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ സ്‌ക്രീൻ, വയർലെസ് ഫോൺ ചാർജിംഗ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ തുടങ്ങിയ സവിശേഷതകളാൽ നിറഞ്ഞിരിക്കുന്നു.
ആറ് എക്സ്റ്റീരിയർ കളർ ഓപ്ഷനുകളിലാണ് വര്‍ടസ് വാഗ്ദാനം ചെയ്യുന്നത്. വൈൽഡ് ചെറി റെഡ്, കാർബൺ സ്റ്റീൽ ഗ്രേ, റൈസിംഗ് ബ്ലൂ, കാൻഡി വൈറ്റ്, റിഫ്ലെക്സ് സിൽവർ, കുർക്കുമ യെല്ലോ എന്നിവയാണ് ഇവ. 11 ലക്ഷം രൂപ മുതൽ 18 ലക്ഷം രൂപ വരെ (എക്‌സ് ഷോറൂം) ഫോക്‌സ്‌വാഗൺ വിർറ്റസ് സെഡാന്റെ വില പ്രതീക്ഷിക്കുന്നു . സെഗ്‌മെന്റ് ലീഡർ ഹോണ്ട സിറ്റി, മാരുതി സുസുക്കി സിയാസ് എന്നിവരെ കൂടാതെ ടെക്‌നിക്കൽ കസിൻ സ്‌കോഡ സ്ലാവിയ പോലുള്ള എതിരാളികളെ ഇത് നേരിടും.