ഫോര്‍ച്യൂണര്‍ ലെജെന്‍ഡര്‍ ജിആര്‍ സ്‍പോര്‍ട് എഡിഷനുമായി ടൊയോട്ട
ജനപ്രിയ പ്രീമിയം ഫുൾ-സൈസ് എസ്‌യുവിയായ ഫോര്‍ച്യൂണറിന്‍റെ ജിആര്‍ സ്‍പോര്‍ട് എഡിഷനെ പുറത്തിറക്കി ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ട. തായ്‌ലൻഡിൽ ആണ് വാഹനത്തിന്‍റെ അവതരണം എന്ന് സിഗ് വീല്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ജനപ്രിയ പ്രീമിയം ഫുൾ-സൈസ് എസ്‌യുവിയായ ഫോര്‍ച്യൂണറിന്‍റെ ജിആര്‍ സ്‍പോര്‍ട് എഡിഷനെ പുറത്തിറക്കി ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ട. തായ്‌ലൻഡിൽ ആണ് വാഹനത്തിന്‍റെ അവതരണം എന്ന് സിഗ് വീല്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു. അടുത്തിടെ ഇന്തോനേഷ്യയിൽ അവതരിപ്പിച്ച GR സ്‌പോർട്ടിൽ നിന്ന് വ്യത്യസ്തമായി ഫോര്‍ച്യൂണര്‍ ലെജൻഡറിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ പുതിയ മോഡൽ. സ്റ്റാൻഡേർഡ് മോഡലിനെ അപേക്ഷിച്ച് കൂടുതൽ സ്പോർട്ടി രൂപമാണ് ടൊയോട്ട ഫോര്‍ച്യൂണര്‍ GR സ്പോർട്ടിന്റെ പ്രധാന സവിശേഷത.
സ്റ്റാൻഡേർഡ് പതിപ്പിലെ അതേ 2.8 ലിറ്റർ ടർബോ ഡീസൽ എഞ്ചിനാണ് ജിആര്‍ സ്‍പോര്‍ട് എഡിഷന്‍റെയും ഹൃദയം. ഈ യൂണിറ്റ് 204 bhp കരുത്തിൽ 500 Nm ടോര്‍ഖ് ഉത്പാദിപ്പിക്കും. ആറ് സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിഗയർബോക്‌സ് മാത്രമാണ് ട്രാന്‍സ്‍മിഷന്‍ ഓപ്‍ഷന്‍. ഫോർ വീൽ ഡ്രൈവ് സിസ്റ്റവുമായി ജോടിയാക്കിയിരിക്കുന്ന ഷിഫ്റ്റ് ഓൺ ഫ്ലൈ പ്രവർത്തനവും വാഗ്‌ദാനം ചെയ്യുന്നുണ്ട്.
ഫ്രണ്ട് ഫാസിയയിൽ പുതിയ എൽഇഡി ഹെഡ്‌ലാമ്പുകൾ അടങ്ങിയിരിക്കുന്നതാണ് പ്രധാന ആകർഷണം. അതോടൊപ്പം തന്നെ ഫ്രണ്ട് ഗ്രില്ലും ബമ്പറും എസ്‌യുവിയുടെ സ്റ്റാൻഡേർഡ് പതിപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ വ്യത്യസ്തമാണ്. ടെയിൽ ഗേറ്റിൽ ടെയിൽ ലൈറ്റുകൾക്കിടയിലുള്ള അലങ്കാരം ബോഡി കളറിലാണ് നല്‍കിയിരിക്കുന്നത്. പിന്നിൽ 'ഫോര്‍ച്യൂണര്‍' ബാഡ്‍ജിംഗും ഇടംപിടിച്ചിട്ടുണ്ട്. റൂഫിൽ ഘടിപ്പിച്ച ഒരു പുതിയ സ്‌പോയിലർ, ബോഡി-നിറമുള്ള ഡോർ ഹാൻഡിലുകൾ, വലിയ 20 ഇഞ്ച് ബ്ലാക്ക് അലോയി വീലുകൾ എന്നിവയെല്ലാം കൂട്ടിച്ചേർത്തിട്ടുണ്ട്.
പുതിയ അലുമിനിയം പെഡലുകൾ, GR സ്പോർട്ട് എഞ്ചിൻ സ്റ്റാർട്ട്/സ്റ്റോപ്പ് ബട്ടൺ, GR സ്പോർട്ട് ഫ്ലോർ മാറ്റുകൾ എന്നിവ ക്യാബിനിലെ മറ്റ് പരിഷ്ക്കാരങ്ങളിൽ ഉൾപ്പെടുന്നു. പ്രീമിയം ഫുൾ-സൈസ് എസ്‌യുവിയുടെ ഹാൻഡിലിംഗ് കഴിവുകളിലും മെച്ചപ്പെടുത്തലുകൾ നടപ്പിലാക്കിയിട്ടുണ്ട്. സ്റ്റാൻഡേർഡ് മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ സ്പോർട്ടിയർ ട്യൂണിംഗിനൊപ്പം നാല് കോണുകളിലും മോണോട്യൂബ് ഷോക്ക് അബ്സോർബറുകളാണ് ഈ പതിപ്പില്‍. ബ്രേക്കിംഗ് സംവിധാനങ്ങളിലൊന്നും നവീകരണങ്ങൾ കൊണ്ടുവന്നിട്ടില്ല. എന്നാൽ റെഡ് കാലിപ്പർ വീലുകളിലേക്ക് ഉൾപ്പെടുത്തിയിട്ടുണ്ട്.
ധാരാളം മാറ്റങ്ങൾ ഇന്റീരിയറിലും പ്രകടമാണ്. ഡാഷ്ബോർഡിലും അകത്തളത്തിലും അപ്ഹോൾസ്റ്ററിക്ക് ചുവന്ന സ്റ്റിച്ചിങും ചുവന്ന ആക്സന്റുകളാലും ചുറ്റപ്പെട്ട കറുത്ത നിറമാണ്. ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ലെതർ കൊണ്ട് പൊതിഞ്ഞ സ്റ്റിയറിംഗ് വീലും ലഭിക്കുന്നു. ഹെഡ്‌റെസ്റ്റിലും GR ബ്രാൻഡിംഗ് ഉണ്ട്. കൂടാതെ ക്യാബിന് ചുറ്റും ഡാർക്ക് സിൽവർ നിറങ്ങളുമുണ്ട്.
ഫ്രണ്ട് കൊളീഷൻ വാർണിംഗ് സിസ്റ്റം, ലെയ്ൻ ഡിപ്പാർച്ചർ വാർണിംഗ് (സ്റ്റിയറിംഗ് അസിസ്റ്റ്), റഡാർ അധിഷ്ഠിത ഡൈനാമിക് ക്രൂയിസ് കൺട്രോൾ, ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിംഗ് സിസ്റ്റം, 360 ഡിഗ്രി ക്യാമറ എന്നിവയുൾപ്പെടെ നിരവധി സുരക്ഷാ സവിശേഷതകളുണ്ട്. ഇമോഷണൽ റെഡ് വിത്ത് ബ്ലാക്ക് റൂഫ്, വൈറ്റ് പേൾ ബ്ലാക്ക് റൂഫ്, ആറ്റിറ്റ്യൂഡ് ബ്ലാക്ക് മൈക്ക എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിൽ GR സ്‌പോർട്ട് എഡിഷൻ തെരഞ്ഞെടുക്കാം. അതേസമയം ഈ വാഹനം ഇന്ത്യന്‍ വിപണയിലേക്ക് ഉടന്‍ എത്തുമോ എന്ന കാര്യം ഇതുവരെ വ്യക്തമല്ല.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona