ടിഗ്വാൻ ഓൾസ്‍പേസ് ഇന്ത്യയില്‍ എത്തി
33.12 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്‌സ് ഷോറൂം വില
ജർമ്മൻ ആഡംബര വാഹന നിർമാതാക്കളായ ഫോക്‌സ്‌വാഗണ്‍ ടിഗ്വാൻ ഓൾസ്പേസ് എസ്‌യുവി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 33.12 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്‌സ് ഷോറൂം വില. പൂര്‍ണമായി നിര്‍മിച്ചശേഷം ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന സിബിയു റൂട്ടിലൂടെയാണ് വാഹനത്തെ കമ്പനി ഇന്ത്യയിലെത്തിക്കുന്നത്.
നിലവില്‍ 5 സീറ്റര്‍ എസ്‌യുവിയായ ടിഗ്വാന്‍ ആണ് ഫോക്‌സ്‌വാഗണ്‍ കമ്പനി ഇന്ത്യയില്‍ വില്‍ക്കുന്നത്. ഫെബ്രുവരിയില്‍ നടന്ന ദില്ലി ഓട്ടോ എക്‌സ്‌പോയില്‍ 7 സീറ്റര്‍ എസ്‌യുവി പ്രദര്‍ശിപ്പിച്ചിരുന്നു. എന്നാല്‍ പെട്രോള്‍ എന്‍ജിന്‍ ഓപ്ഷനില്‍ മാത്രമായിരിക്കും പുതിയ ഫോക്‌സ്‌വാഗണ്‍ ടിഗ്വാന്‍ ഓള്‍സ്‌പേസ് ലഭിക്കുന്നത്.
ഈ 2.0 ലിറ്റര്‍, ടിഎസ്‌ഐ ടര്‍ബോ-പെട്രോള്‍ എന്‍ജിന്‍ 190 എച്ച്പി പരമാവധി കരുത്തും 320 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സായ 7 സ്പീഡ് ഡിഎസ്ജി എന്‍ജിനുമായി ചേര്‍ത്തുവെച്ചു. പാഡില്‍ഷിഫ്റ്റര്‍ കൂടി നല്‍കി. ഫോക്‌സ്‌വാഗണിന്റെ ‘4മോഷന്‍’ ഓള്‍ വീല്‍ ഡ്രൈവ് സംവിധാനം വഴി നാല് ചക്രങ്ങളിലേക്കും കരുത്ത് എത്തിക്കും. എന്‍ജിന്‍ സ്റ്റാര്‍ട്ട്-സ്‌റ്റോപ്പ് സിസ്റ്റം സ്റ്റാന്‍ഡേഡായി നല്‍കി. ഏഴ് എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍ (ഇഎസ്‌സി), ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, ഐസോഫിക്‌സ് ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍, ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, റിവേഴ്‌സ് പാര്‍ക്കിംഗ് കാമറ എന്നിവ സ്റ്റാന്‍ഡേഡ് സുരക്ഷാ ഫീച്ചറുകളാണ്.
അകത്തെയും പുറത്തെയും രൂപകല്‍പ്പനയില്‍ ടിഗ്വാന്‍, ടിഗ്വാന്‍ ഓള്‍സ്‌പേസ് മോഡലുകള്‍ തമ്മില്‍ സമാനതകളുണ്ട്. എന്നാല്‍ ടിഗ്വാന്‍ ഓള്‍സ്‌പേസിന് നീളവും വീല്‍ബേസും കൂടുതലാണ്. നീളം 215 മില്ലിമീറ്ററും വീല്‍ബേസ് 110 മില്ലിമീറ്ററും വര്‍ധിച്ചു. ഇങ്ങനെ ലഭിച്ച അധിക ഇടത്തിലാണ് മൂന്നാം നിര സീറ്റുകള്‍ ഉറപ്പിച്ചത്. എത്ര സീറ്റുകള്‍ മടക്കിവെയ്ക്കുന്നു എന്നതിന് അനുസരിച്ച് എസ്‌യുവിയുടെ ബൂട്ട് ശേഷി 340 ലിറ്ററില്‍നിന്ന് 1,274 ലിറ്റര്‍ വരെ വര്‍ധിപ്പിക്കാം. ലഗേജ് സൂക്ഷിക്കാന്‍ ഇത്രയും സ്ഥലം ലഭിക്കും.
പുതിയ സെവന്‍ സീറ്റര്‍ എസ്‌യുവിയുടെ പിന്‍ഭാഗം പുനര്‍രൂപകല്‍പ്പന ചെയ്തു. ടിഗ്വാന്‍ എസ്‌യുവിയില്‍ ബോഡിയുടെ അതേ നിറത്തിലുള്ളതാണെങ്കില്‍ പുതിയ എസ്‌യുവിയില്‍ ഗ്ലോസി ബ്ലാക്ക് നിറത്തിലുള്ള അല്‍പ്പം വലിയ റിയര്‍ സ്‌പോയ്‌ലര്‍ കാണാം. അണ്ടര്‍ബോഡി ക്ലാഡിംഗിന് കൂടുതല്‍ ഗ്ലോസി ബ്ലാക്ക് ട്രീറ്റ്‌മെന്റ് നല്‍കിയും ഇരട്ട എക്‌സോസ്റ്റ് പോര്‍ട്ടുകള്‍ നല്‍കിയും പിറകിലെ ബംപര്‍ പരിഷ്‌കരിച്ചു. മുന്നിലെ ബംപര്‍ കൂടുതല്‍ സ്‌പോര്‍ട്ടിയാണ്.
ഹബനിറോ ഓറഞ്ച് മെറ്റാലിക്, ഡീപ്പ് ബ്ലാക്ക് പേള്‍, റൂബി റെഡ് മെറ്റാലിക്, പൈറൈറ്റ് സില്‍വര്‍, പ്യുവര്‍ വൈറ്റ്, പ്ലാറ്റിനം ഗ്രേ മെറ്റാലിക്, പെട്രോളിയം ബ്ലൂ എന്നീ ഏഴ് കളര്‍ ഓപ്ഷനുകളില്‍ ഫോക്‌സ്‌വാഗണ്‍ ടിഗ്വാന്‍ ഓള്‍സ്‌പേസ് ലഭിക്കും.
ഡുവല്‍ ടോണ്‍ 17 ഇഞ്ച് വീലുകള്‍ ലഭിച്ചു. ഡേടൈം റണ്ണിംഗ് ലൈറ്റുകളോടുകൂടി ഫുള്‍ എല്‍ഇഡി ഹെഡ്‌ലാംപുകള്‍ നല്‍കി. പനോരമിക് സണ്‍റൂഫ്, പൂര്‍ണ ഡിജിറ്റലായ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഹാന്‍ഡ്‌സ് ഫ്രീ ബൂട്ട് ഓപ്പണിംഗ്, ഇളം തവിട്ടുനിറത്തിലുള്ള ‘വിയന്ന’ തുകല്‍ സീറ്റുകള്‍, കീലെസ് എന്‍ട്രി, ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, എട്ട് സ്പീക്കറുകള്‍ എന്നിവ സവിശേഷതകളാണ്. സ്കോഡ കോഡിയാക്, ഹോണ്ട സിആർ-വി, ഇസുസു MU-X, മഹീന്ദ്ര ആൾട്രൂറാസ് G4, ഫോർഡ് എൻഡോവർ, ടൊയോട്ട ഫോർച്യൂണർ തുടങ്ങിയ മോഡലുകളാവും വാഹനത്തിന്‍റെ എതിരാളികള്‍.