നെക്സോണിന്‍റെ ജനപ്രിയത മങ്ങുന്നോ? വിൽപ്പനയിൽ വൻ ഇടിവ്
ജനപ്രിയ മോഡലായ ടാറ്റാ നെക്സോണിന്‍റെ വിൽപ്പനയിൽ വൻ ഇടിവ്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഈ കാലയളവിൽ നെക്സോണിന്റെ വാർഷിക ഇടിവ് 13 ശതമാനമാനമാണ്.
2024 ഒക്ടോബർ മാസത്തിലെ കോംപാക്ട് എസ്‌യുവി സെഗ്മെന്റിലെ വിൽപ്പന കണക്കുകൾ പുറത്തുവരുമ്പോൾ ജനപ്രിയ മോഡലായ ടാറ്റാ നെക്സോണിന്‍റെ വിൽപ്പനയിൽ വൻ ഇടിവ്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഈ കാലയളവിൽ നെക്സോണിന്റെ വാർഷിക ഇടിവ് 13 ശതമാനമാനമാണ്.
2017 സെപ്റ്റംബർ മാസത്തിൽ ലോഞ്ച് ചെയ്ത നെക്‌സോൺ കോംപാക്റ്റ് എസ്‌യുവി ടാറ്റ മോട്ടോഴ്‌സിൻ്റെ തലവര മാറ്റിയ മോഡലാണ്. അതുകൊണ്ടുതന്നെ ഇപ്പോൾ നെക്സോണിന്‍റെ വിൽപ്പന ഇടിയുന്നത് വാഹനലോകത്ത് സജീവ ചർച്ചയാകുകയാണ്. 2022, 2023, 2024 സാമ്പത്തിക വർഷങ്ങളിൽ ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന എസ്‌യുവിയും 700,000 യൂണിറ്റ് വിൽപ്പന കടന്ന ആദ്യ ടാറ്റ എസ്‌യുവിയും ആയിരുന്നു ടാറ്റാ നെക്‌സോൺ. വാഹനത്തിന്‍റെ വൻ വിജയത്തെ തുടന്ന് 2020 -ൽ ആദ്യ ഫെയ്‌സ്‌ലിഫ്റ്റ് അവതരിപ്പിച്ചു. 2023 സെപ്റ്റംബർ 14-ന് രണ്ടാമത്തെ ഫേസ് ലിഫ്റ്റും അവതരിപ്പിച്ചു. ഇലക്ട്രിക് നെക്‌സോണും പുറത്തിറക്കി.
ഇന്ത്യൻ വാഹന ഉടമകളെ സുരക്ഷയെക്കുറിച്ചുകൂടി ബോധവാന്മാരാക്കിയ വാഹനമായിരുന്നു ടാറ്റാ നെക്സോൺ. 2018 ഡിസംബറിൽ, ഗ്ലോബൽ എൻസിഎപിയുടെ പഞ്ചനക്ഷത്ര ക്രാഷ് ടെസ്റ്റ് റേറ്റിംഗ് നേടുന്ന ആദ്യത്തെ നിർമ്മിത ഇന്ത്യ കാറായി നെക്സോൺ മാറി. 2024 ഫെബ്രുവരിയിൽ, പുതിയ പ്രോട്ടോക്കോൾ പ്രകാരം ഗ്ലോബൽ എൻസിഎപിയിൽ നിന്ന് ടാറ്റ നെക്‌സോൺ മികച്ച 5-സ്റ്റാർ റേറ്റിംഗ് നേടി. ഇന്ത്യയിൽ വാഹന സുരക്ഷയെക്കുറിച്ചുള്ള ഉപഭോക്തൃ അവബോധം വർദ്ധിച്ചുകൊണ്ടിരിക്കുന്നതും നെക്‌സോൺ അതിൻ്റെ മികച്ച ക്രാഷ് ടെസ്റ്റ് റേറ്റിംഗിൽ നിന്ന് ഗണ്യമായി പ്രയോജനം നേടി. ഇക്കാരണങ്ങളൊക്കെ കൊണ്ടുതന്നെയാണ് നെക്സോണിന്‍റെ ഇടർച്ച വാഹന പ്രേമികൾക്കിടിയിൽ ചർച്ചയാകുന്നതും.
അതേസമയം കോംപാക്ട് എസ്‌യുവികളുടെ ഡിമാൻഡിനെക്കുറിച്ച് പരിശോധിക്കുകയാണെങ്കിൽ ഈ സെഗ്മെന്‍റിൽ ഇന്ത്യൻ വിപണിയിൽ തുടർച്ചയായ വർധനവുണ്ട്. 2024 ഒക്‌ടോബറിലെ ഈ സെഗ്‌മെൻ്റിൻ്റെ വിൽപ്പന കണക്കുകൾ പുറത്തുവരുമ്പോൾ, മാരുതി സുസുക്കി ബ്രെസയാണ് ഒന്നാം സ്ഥാനത്ത്. കഴിഞ്ഞ മാസം മൂന്ന് ശതമാനം വാർഷിക വർദ്ധനയോടെ മൊത്തം 16,565 യൂണിറ്റ് മാരുതി സുസുക്കി ബ്രെസ എസ്‌യുവികൾ വിറ്റു. കഴിഞ്ഞ വർഷം ഇക്കാലയളവിൽ മാരുതി സുസുക്കി ബ്രെസയ്ക്ക് 16,050 പുതിയ ഉപഭോക്താക്കളെ ലഭിച്ച സ്ഥാനത്താണിത്. ഇന്ത്യൻ വിപണിയിൽ മാരുതി സുസുക്കി ബ്രെസയുടെ പ്രാരംഭ എക്സ്-ഷോറൂം വില മുൻനിര മോഡലിന് 8.34 ലക്ഷം മുതൽ 14.14 ലക്ഷം രൂപ വരെയാണ്.
മാരുതി സുസുക്കി ഫ്രോങ്ക്സാണ് ഈ വിൽപ്പന പട്ടികയിൽ രണ്ടാം സ്ഥാനത്ത് . കഴിഞ്ഞ മാസം 45 ശതമാനം വാർഷിക വർധനയോടെ 16,419 യൂണിറ്റ് ഫ്രോങ്ക്സ് എസ്‌യുവികൾ വിറ്റു. അതേസമയം ടാറ്റ പഞ്ച് ഈ വിൽപ്പന പട്ടികയിൽ മൂന്നാം സ്ഥാനത്താണ്. മൂന്ന് ശതമാനം വാർഷിക വളർച്ചയോടെ മൊത്തം 15,740 യൂണിറ്റ് പഞ്ച് എസ്‌യുവികൾ ടാറ്റ വിറ്റു. ടാറ്റ നെക്സോൺ ഈ വിൽപ്പന പട്ടികയിൽ നാലാം സ്ഥാനത്തായി എന്നത് മാത്രമല്ല ശ്രദ്ധേയം. നെക്സോണിന്റെ വിൽപ്പനയിലെ വാർഷിക ഇടിവ് 13 ശതമാനമാനമാണ് എന്നതാണ്. ടാറ്റ നെക്‌സോൺ മൊത്തം 14,759 യൂണിറ്റ് എസ്‌യുവികൾ വിറ്റു. 2023 ഒക്ടോബറിൽ 16,887 യൂണിറ്റ് നെക്സോണുകൾ വിറ്റ സ്ഥാനത്താണ് ഈ ഇടിവ്. ഈ വഷം സെപ്റ്റംബർ മാസത്തിലും മുൻവർഷത്തെ അപേക്ഷിച്ച് നെക്സോണിന് വിൽപ്പന ഇടിവ് സംഭവിച്ചു എന്നതും ശ്രദ്ധേയമാണ്. 25 ശതമാനമായിരുന്നു ഇടിവ്.
അതേസമയം 2024 ഒക്ടോബറിലെ വിൽപ്പന കണക്കുകളിലേക്ക് തിരികെ വരുമ്പോൾ ഹ്യൂണ്ടായ് വെന്യു ആണ് ഈ വിൽപ്പന പട്ടികയിൽ അഞ്ചാം സ്ഥാനത്ത്. ഹ്യൂണ്ടായ് വെന്യു മൊത്തം 10,901 യൂണിറ്റ് എസ്‌യുവികൾ വിറ്റു. കിയ സോനെറ്റ് ആറാം സ്ഥാനത്തും മഹീന്ദ്ര XUV 3X0 ഏഴാം സ്ഥാനത്തുമായിരുന്നു. എട്ടാം സ്ഥാനത്തായിരുന്നു ഹ്യൂണ്ടായ് എക്‌സെറ്റർ ഉണ്ട്. നിസാൻ മാഗ്നൈറ്റ് ഈ വിൽപ്പന പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ്. നിസാൻ മാഗ്നൈറ്റ് ഈ കാലയളവിൽ 21 ശതമാനം വാർഷിക വർധനയോടെ മൊത്തം 3,119 യൂണിറ്റ് എസ്‌യുവികൾ വിറ്റു. ടൊയോട്ട ടേസറാണ് പത്താം സ്ഥാനത്ത്.
33 കിമിക്ക് മേൽ മൈലേജ്, മോഹവില! പുതിയ മാരുതി സുസുക്കി ഡിസയർ ഇറങ്ങി! ഇതാ വിലവിവരങ്ങൾ