സ്‌കോഡ ഇലക്ട്രിക്ക് കാർ അടുത്ത വർഷം ഇന്ത്യയിലെത്തും
സ്കോഡ ഇന്ത്യയിലെ തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് കാറിൻ്റെ ലോഞ്ച് ടൈംലൈൻ സ്ഥിരീകരിച്ചു . 2025-ൽ കമ്പനി എൻയാക്ക് ഇവി ഇന്ത്യയിൽ അവതരിപ്പിക്കും എന്നാണ് പുതിയ റിപ്പോർട്ടുകൾ.
ചെക്ക് ആഡംബര വാഹന ബ്രാൻഡായ സ്കോഡ ഇന്ത്യയിലെ തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് കാറിൻ്റെ ലോഞ്ച് ടൈംലൈൻ സ്ഥിരീകരിച്ചു . 2025-ൽ കമ്പനി എൻയാക്ക് ഇവി ഇന്ത്യയിൽ അവതരിപ്പിക്കും എന്നാണ് പുതിയ റിപ്പോർട്ടുകൾ. ഈ വർഷം തന്നെ ഈ ഇലക്ട്രിക് വാഹനം പുറത്തിറക്കാൻ ഉദ്ദേശിച്ചിരുന്നെങ്കിലും ഇപ്പോൾ അത് അടുത്ത വർഷത്തേക്ക് മാറ്റി. പുതുക്കിയ മോഡൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. വാഹനത്തിന് ഒരു പുതിയ ഡിസൈൻ ലഭിക്കും. 2025 ജനുവരിയിൽ നടക്കുന്ന ഭാരത് മൊബിലിറ്റി ഷോയിൽ ഈ വാഹനം പ്രദർശിപ്പിക്കും.
വാർത്താ ഏജൻസിയായ എഎൻഐയോട് സംസാരിക്കവെ സ്കോഡ ഓട്ടോ ഇന്ത്യ ഡയറക്ടർ പെറ്റർ ജാൻബയാണ് എൻയാക് ഇവിയുടെ ലോഞ്ച് ടൈംലൈൻ വെളിപ്പെടുത്തിയത്. ഇവിയുടെ അവതരണത്തിലെ കാലതാമസത്തിന് കാരണം അതിൻ്റെ അപ്‌ഡേറ്റ് ചെയ്ത പതിപ്പിൻ്റെ പ്രവർത്തനങ്ങൾ നടക്കുന്നതിനാലാണെന്നും ഇന്ത്യയിൽ അവതരിപ്പിക്കുന്നതിന് മുമ്പ് വാഹനം കാര്യമായ മുഖം മിനുക്കലിന് പദ്ധതിയിടുന്നുവെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിലെ പൂനെയിലുള്ള ചകൻ പ്ലാൻ്റിനായി 15,000 കോടി രൂപയുടെ നിക്ഷേപ പദ്ധതി സ്കോഡ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.
സ്കോഡയുടെ എംഇബി പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് എൻയാക് നിർമ്മിച്ചിരിക്കുന്നത്. എൻയാക്ക് 80 വേരിയൻ്റ് ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഒരൊറ്റ ഇലക്ട്രിക് മോട്ടോറും 82kWh ബാറ്ററിയും സജ്ജീകരിച്ചിരിക്കുന്ന ഇത് ഒറ്റ ചാർജിൽ 500 കിലോമീറ്ററിലധികം റേഞ്ച് നൽകും. ഈ ഇവിക്ക് 6.7 സെക്കൻഡിനുള്ളിൽ 0-100 കി.മീ/മണിക്കൂർ വേഗത കൈവരിക്കാനും 28 മിനിറ്റിനുള്ളിൽ 10-80 ശതമാനം മുതൽ ചാർജ് ചെയ്യാനും കഴിയും. ഏകദേശം 50 ലക്ഷം രൂപയായിരിക്കും ഈ ഇലക്ട്രിക് എസ്‌യുവിയുടെ എക്സ് ഷോറൂം വില.