അരങ്ങേറ്റം, പോർഷ കയെൻ കൂപ്പെ ഇന്ത്യൻ വിപണിയിൽ

ജെര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ പോര്‍ഷെ പുതിയ കയെന്‍ കൂപ്പെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. പോര്‍ഷെ കയെന്‍ മോഡലിന്റെ എസ്‌യുവി-കൂപ്പെ വകഭേദമാണ് കയെന്‍ കൂപ്പെ

Porsche Cayenne Coupe Launched In India

ജെര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ പോര്‍ഷെ പുതിയ കയെന്‍ കൂപ്പെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. പോര്‍ഷെ കയെന്‍ മോഡലിന്റെ എസ്‌യുവി-കൂപ്പെ വകഭേദമാണ് കയെന്‍ കൂപ്പെ.  രണ്ട് എൻജിൻ ഓപ്ഷനുകളിൽ കയിൻ കുപ്പേ വിപണിയിലെത്തും.  കയെന്‍ കൂപ്പെ വേരിയന്റിന് 1.31 കോടി രൂപയും കയെന്‍ കൂപ്പെ ടര്‍ബോ വേരിയന്റിന് 1.97 കോടി രൂപയുമാണ് ഇന്ത്യ എക്‌സ് ഷോറൂം വില.

റഗുലര്‍ കയെന്‍ എസ്.യു.വിയുടെ അടിസ്ഥാനത്തിലാണ് പുതിയ കയെന്‍ കൂപ്പെ. പിന്നിലേക്ക് ചരിഞ്ഞിറങ്ങുന്ന കൂപ്പെ റൂഫ്‌ലൈന്‍ കയെന്‍ കൂപ്പെയുടെ സവിശേഷതയാണ്. ചെരിഞ്ഞ റൂഫ്‌ലൈന്‍ ആണെന്നതിനാല്‍ സ്റ്റാന്‍ഡേഡ് കയെനുമായി താരതമ്യം ചെയ്യുമ്പോള്‍ കൂപ്പെ പതിപ്പിന് 43 എംഎം ഉയരം കുറഞ്ഞിരിക്കുന്നു. എന്നാല്‍ പിറകിലെ വീതി 18 എംഎം വര്‍ധിച്ചു. 

പിന്‍ഭാഗം കുറേക്കൂടി ഷാര്‍പ്പാണ്.  പുതിയ പോര്‍ഷെ കയെന്‍ കൂപ്പെയുടെ പിറകില്‍ അഡാപ്റ്റീവ് സ്‌പോയ്‌ലര്‍ നല്‍കിയിരിക്കുന്നു. രണ്ട് വ്യത്യസ്ത തരത്തിലുള്ള റൂഫ് ലഭിക്കും. സ്റ്റാന്‍ഡേഡായി നല്‍കുന്നത് പനോരമിക് ഫിക്‌സ്ഡ് ഗ്ലാസ് റൂഫാണ്. ഓപ്ഷണല്‍ കാര്‍ബണ്‍ ഫൈബര്‍ പാക്കേജിന്റെ കൂടെ കാര്‍ബണ്‍ ഫൈബര്‍ റൂഫും ലഭ്യമാണ്.

കാബിനില്‍, പിറകില്‍ രണ്ട് വെവ്വേറെ സീറ്റുകളുടെ സവിശേഷതകളോടെ ബെഞ്ച് സീറ്റ് നല്‍കി. കയെന്‍ മോഡലുമായി താരതമ്യം ചെയ്യുമ്പോള്‍, മികച്ച ഹെഡ്‌റൂം ലഭിക്കുന്നതിന് പിറകിലെ സീറ്റ് 30 എംഎം താഴ്ത്തി സ്ഥാപിച്ചു. പൂര്‍ണമായും കറുപ്പില്‍ തീര്‍ത്ത കാബിന്‍ സ്‌പോര്‍ട്ടിയാണ്. 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍, പോര്‍ഷെയുടെ മൂന്ന് സ്‌പോക്ക് സ്റ്റിയറിംഗ് വീല്‍ തുടങ്ങിയവ പ്രത്യേകതകളാണ്. 625 ലിറ്ററാണ് ബൂട്ട്. പിന്‍ സീറ്റുകള്‍ മടക്കിവെച്ചാല്‍ 1,540 ലിറ്ററായി വര്‍ധിപ്പിക്കാം.

കയെന്‍ കൂപ്പെ വേരിയന്റില്‍ 3.0 ലിറ്റര്‍ വി6 ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ് ഹൃദയം. ഈ എഞ്ചിന്‍ 335 ബിഎച്ച്പി കരുത്തും 450 എന്‍എം ടോര്‍ക്കും  സൃഷ്‍ടിക്കും. സ്റ്റാന്‍ഡേഡ് ഫിറ്റ്‌മെന്റായി ‘സ്‌പോര്‍ട്ട് ക്രോണോ പാക്കേജ്’ ലഭിക്കുന്നതോടെ പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ ആറ് സെക്കന്‍ഡ് വേണം. എന്നാല്‍ ഓപ്ഷണല്‍ ലൈറ്റ്‌വെയ്റ്റ് സ്‌പോര്‍ട്‌സ് പാക്കേജുകള്‍ ഉപയോഗിക്കുമ്പോള്‍ 5.9 സെക്കന്‍ഡ് മതി. മണിക്കൂറില്‍ 243 കിലോമീറ്ററാണ് ടോപ് സ്പീഡ്.

4.0 ലിറ്റര്‍, ട്വിന്‍ ടര്‍ബോ, വി8 പെട്രോള്‍ എന്‍ജിനാണ് കയെന്‍ കൂപ്പെ ടര്‍ബോ എന്ന ടോപ് വേരിയന്റിന് കരുത്തേകുന്നത്. ഈ മോട്ടോര്‍ 542 ബിഎച്ച്പി കരുത്തും 770 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 0-100 കിമീ/മണിക്കൂര്‍ വേഗമാര്‍ജിക്കാന്‍ കേവലം 3.9 സെക്കന്‍ഡ് മതി. മണിക്കൂറില്‍ 286 കിലോമീറ്ററാണ് ടോപ് സ്പീഡ്. രണ്ട് മോട്ടോറുകളുമായും 8 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ചേര്‍ത്തുവെച്ചു. നാല് ചക്രങ്ങളിലേക്കും കരുത്ത് എത്തിക്കും.

ഓട്ടോമാറ്റിക് എല്‍ഇഡി ഹെഡ്‌ലാംപുകള്‍, 4 സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ക്രൂസ് കണ്‍ട്രോള്‍, തുകല്‍ അപ്‌ഹോള്‍സ്റ്ററി, 18 തരത്തില്‍ ക്രമീകരിക്കാവുന്ന മുന്‍ സീറ്റുകള്‍, റിയര്‍ കാമറ, മുന്നിലും പിന്നിലും പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവ സ്റ്റാന്‍ഡേഡ് ഫീച്ചറുകളാണ്. 

എട്ട് എയര്‍ബാഗുകള്‍, ഐസോഫിക്‌സ് ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍, ഇബിഡി സഹിതം എബിഎസ്, ബ്രേക്ക് അസിസ്റ്റ്, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട്, ഹില്‍ ഡെസന്റ് കണ്‍ട്രോള്‍ എന്നിവ അടിസ്ഥാന സുരക്ഷാ ഫീച്ചറുകളാണ്. 20 ഇഞ്ച് അലോയ് വീലുകളിലാണ് പോര്‍ഷെ കയെന്‍ കൂപ്പെ വരുന്നത്.

മൂന്നാം തലമുറ പോര്‍ഷെ കയെന്‍ അടിസ്ഥാനമാക്കി നിര്‍മിച്ച കയെന്‍ കൂപ്പെ ഈ വര്‍ഷം മാര്‍ച്ചിലാണ് ആഗോളതലത്തില്‍ അവതരിപ്പിച്ചത്. എല്ലാ പോര്‍ഷെകളെയും പോലെ കയെന്‍ കൂപ്പെ മോഡലും പൂര്‍ണമായി നിര്‍മിച്ചശേഷം ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുകയാണ്. യൂറോപ്പില്‍ വില്‍ക്കുന്ന അതേ കയെന്‍ കൂപ്പെ തന്നെയാണ് ഇന്ത്യയില്‍ എത്തിയിരിക്കുന്നത്. ലംബോര്‍ഗിനി ഉറുസ്, റേഞ്ച് റോവര്‍ സ്‌പോര്‍ട്ട്, മെഴ്‌സേഡസ് ബെന്‍സ് ജിഎല്‍ഇ കൂപ്പെ, ബിഎംഡബ്ല്യു എക്‌സ്6, വരാനിരിക്കുന്ന ഔഡി ക്യു8 എന്നിവയാണ് പ്രധാന എതിരാളികള്‍.

Latest Videos
Follow Us:
Download App:
  • android
  • ios