സിട്രോൺ ബസാൾട്ട് കൂപ്പെ എസ്‍യുവി, കൂടുതൽ വിവരങ്ങൾ പുറത്ത്
വിപണിയിൽ അവതരിപ്പിക്കുന്നതിന് മുന്നോടിയായി, സിട്രോൺ അതിൻ്റെ ചില പ്രധാന സവിശേഷതകൾ വെളിപ്പെടുത്തുന്ന മറ്റൊരു ടീസർ ഇറക്കി.
സിട്രോൺ ബസാൾട്ട് കൂപ്പെ എസ്‌യുവിയുടെ വിലകൾ 2024 ഓഗസ്റ്റ് 2-ന് പ്രഖ്യാപിക്കും. വിപണിയിൽ അവതരിപ്പിക്കുന്നതിന് മുന്നോടിയായി, സിട്രോൺ അതിൻ്റെ ചില പ്രധാന സവിശേഷതകൾ വെളിപ്പെടുത്തുന്ന മറ്റൊരു ടീസർ ഇറക്കി. ലെതറെറ്റ് സീറ്റുകൾ, 10.2 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, അതിന് തൊട്ടുതാഴെയായി ക്യൂബ് ആകൃതിയിലുള്ള എസി വെൻ്റുകൾ, ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ എന്നിങ്ങനെയുള്ള ഘടകങ്ങൾ C3 എയർക്രോസുമായി ബസാൾട്ട് പങ്കിടുന്നു. കാറിൽ റോട്ടറി ഡയലുകൾക്ക് പകരം HVAC നിയന്ത്രണങ്ങൾക്കായി ഇതിന് പുതിയ ടോഗിൾ സ്വിച്ചുകൾ ലഭിക്കുന്നു.
C3 എയർക്രോസിൽ നിന്ന് ഇതിനെ കൂടുതൽ വ്യത്യസ്തമാക്കുന്നത് സ്റ്റോറേജ് കമ്പാർട്ട്‌മെൻ്റും പുതുക്കിയ പിൻ ഹെഡ്‌റെസ്റ്റുകളുമുള്ള പുതിയ, വലിയ ഫ്രണ്ട് ആംറെസ്റ്റാണ്. മുന്നിലും പിന്നിലും യുഎസ്ബി ചാർജറുകൾ, സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ, വയർലെസ് ചാർജിംഗ്, ഇലക്ട്രിക് ഫോൾഡിംഗ് മിററുകൾ, പുഷ്-ബട്ടൺ സ്റ്റാർട്ട്, കീലെസ് എൻട്രി, ക്രമീകരിക്കാവുന്ന ഹെഡ്‌റെസ്റ്റുകൾ, ഡ്യുവൽ എയർബാഗുകൾ, ഹിൽ ഹോൾഡ് കൺട്രോൾ, റിവേഴ്സ് പാർക്കിംഗ് സെൻസറുകൾ, എബിഎസ്, ഇബിഡി, ക്രൂയിസ് കൺട്രോൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം തുടങ്ങിയവയും കൂപ്പെ എസ്‌യുവിയിൽ വരാൻ സാധ്യതയുണ്ട്.
സിട്രോൺ ബസാൾട്ട് കൂപ്പെ എസ്‌യുവിയിൽ 1.2 എൽ, 3 സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ സി3 എയർക്രോസിൽ നിന്ന് ലഭിക്കും. പെട്രോൾ യൂണിറ്റ് 110 bhp കരുത്തും 205 Nm ടോർക്കും നൽകുന്നു. മാനുവൽ, 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സുകൾ ഓഫറിൽ ലഭിക്കും. പവർട്രെയിനും ഫീച്ചറുകളും പങ്കിടുന്നതിനു പുറമേ, സിട്രോണിൽ നിന്നുള്ള വരാനിരിക്കുന്ന കൂപ്പെ എസ്‌യുവി, സി3 എയർക്രോസിൽ നിന്ന് ഡിസൈൻ ഘടകങ്ങൾ കടമെടുക്കും. മുൻവശത്ത്, അൽപ്പം വ്യത്യസ്തമായ ഫിനിഷുള്ള രണ്ട് ഭാഗങ്ങളുള്ള ഗ്രിൽ, എൽഇഡി ഡിആർഎല്ലുകളുള്ള പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ക്രോം ചെയ്ത ഷെവ്‌റോൺ ലോഗോ, ഒരു ഫോക്സ് സിൽവർ സ്‌കിഡ് പ്ലേറ്റ്, വേറിട്ട ബോണറ്റ് എന്നിവ ഇതിൻ്റെ സവിശേഷതയാണ്.
ചതുരാകൃതിയിലുള്ള വീൽ ആർച്ചുകൾക്ക് വ്യത്യസ്‌ത ക്ലാഡിംഗ് ഉണ്ട്. ഒപ്പം ഇരുവശത്തും പിഞ്ച് ചെയ്ത വിൻഡോ ലൈൻ, വിൻഡോ ലൈനിൻ്റെ ബ്ലാക്ക്-ഔട്ട് എക്‌സ്‌റ്റൻഷനുള്ള ഒരു സി-പില്ലർ, പുൾ-ടൈപ്പ് ഡോർ ഹാൻഡിലുകൾ, കറുപ്പും വെള്ളിയും ഉള്ള ഡ്യുവൽ-ടോൺ ബമ്പർ ഫിനിഷ്, ഒപ്പം വലിയ എൽഇഡി സിഗ്നേച്ചറുകൾ ഉള്ള പുതുതായി രൂപകൽപ്പന ചെയ്ത ടെയിൽലാമ്പുകൾ തുടങ്ങിയ ഫീച്ചറുകളും ലഭിക്കുന്നു. ലോഞ്ച് ചെയ്‌തുകഴിഞ്ഞാൽ, 2024 ഓഗസ്റ്റ് 7-ന് വിൽപ്പനയ്‌ക്കെത്താനിരിക്കുന്ന ടാറ്റ കർവ്വിനെതിരെ സിട്രോൺ ബസാൾട്ട് മത്സരിക്കും. സിട്രോൺ ബസാൾട്ടിന്‍റെ വില 11 ലക്ഷം രൂപ മുതൽ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.