മാരുതിയുടെ ആദ്യ ഇലക്ട്രിക്ക് മോഡല്‍ XL5; വിപണിയിലെത്തുക അടുത്ത വര്‍ഷം
മെലിഞ്ഞ ഗ്രില്‍, സ്പ്ലിറ്റ് ഹെഡ്‌ലാംപ് ഡിസൈന്‍ എന്നിവയോടെയാണ് മാരുതി സുസുകി എക്‌സ്എല്‍ 5 വരിക
മുംബൈ: മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് മോഡലിന്‍റെ പേര് XL5 ആയിരിക്കും എന്ന് റിപ്പോര്‍ട്ട്. വാഗണ്‍ആറിനെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ഈ മോഡല്‍ 2021ല്‍ വിപണിയില്‍ എത്തും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഇ-വാഗണ്‍ആര്‍ എന്നായിരിക്കും ഈ വാഹനത്തിന് പേര് നല്‍കുകയെന്നായിരുന്നു ആദ്യ സൂചനകള്‍. എന്നാല്‍ XL5 എന്നായിരിക്കും മാരുതിയുടെ ആദ്യ ഇലക്ട്രിക് വാഹനത്തിന്റെ പേര് എന്നാണ് പുതിയ റിപ്പോര്‍ട്ട്.
2019ലാണ് മാരുതി സുസുക്കി എക്‌സ്എല്‍ 6 വിപണിയിലെത്തിയത്. എന്നാല്‍ പേരില്‍ അല്ലാതെ എക്‌സ്എല്‍ 6 വാഹനവുമായി പുതിയ മോഡലിന് ബന്ധമൊന്നുമുണ്ടാകില്ല. ഒരിടവേളയ്‌ക്ക് ശേഷം ഈ വാഹനം വീണ്ടും പരീക്ഷണയോട്ടത്തിന് ഇറങ്ങിയതോടെയാണ് 2021 ആദ്യംതന്നെ ഈ വാഹനമെത്തുമെന്ന് പ്രതീക്ഷിക്കുന്നത്.
പുതുതലമുറ വാഗണ്‍ആറിനും സുസുക്കി സോളിയോയ്‌ക്കും സമാനമായി ടാള്‍ബോയ് ഡിസൈനിലാണ് XL5-ഉം എത്തുക. റേഡിയേറ്റര്‍ ഗ്രില്ലും എല്‍ഇഡി ഹെഡ്‌ലാമ്പും ഡിആര്‍എല്ലും ഈ വാഹനത്തിന്റെ മുന്‍വശത്തെ വാഗണ്‍ആറില്‍ നിന്നും വ്യത്യസ്തമാക്കും. ഇടതുവശത്ത് മുന്നിലേയും പിന്നിലേയും ചക്രങ്ങള്‍ക്ക് മുകളിലായി രണ്ട് ചാര്‍ജിങ് പോയിന്റുകള്‍ വാഹനത്തിലുണ്ട്.
മെലിഞ്ഞ ഗ്രില്‍, സ്പ്ലിറ്റ് ഹെഡ്‌ലാംപ് ഡിസൈന്‍ എന്നിവയോടെയാണ് മാരുതി സുസുകി എക്‌സ്എല്‍ 5 വരിക. പ്രൊജക്റ്റര്‍, ഓട്ടോമാറ്റിക് ഹെഡ്‌ലാംപുകളില്‍ എല്‍ഇഡി എന്നിവയുണ്ടാകും. ചുരുക്കിപ്പറഞ്ഞാല്‍ എക്‌സ്എല്‍ 5ന്റെ മൊത്തത്തിലുള്ള രൂപം വാഗണ്‍ആര്‍ ഹാച്ച്ബാക്കിന് സമാനമായിരിക്കും.
വാഹനത്തിന്‍റെ വശങ്ങളും വേറിട്ടതാണ്. പുതുമയുള്ള ബി പില്ലറാണ് XL5ല്‍. മുകളില്‍ കനം കുറഞ്ഞ് താഴേക്ക് വരുന്തോറും വീതി കൂടി വരുന്ന ബി പില്ലറാണിതിലുള്ളത്. ബി പില്ലറിന്റെ മുകള്‍ ഭാഗത്ത് കറുപ്പ് നിറവും ബോഡിയില്‍ ഗ്രാഫിക്‌സും നല്‍കുന്നുണ്ട്. സി പില്ലറിന് തൊട്ടുമുന്നിലായി കറുപ്പ് നിറത്തിലുള്ള മറ്റൊരു പില്ലറും XL5-നെ കൂടുതല്‍ സ്റ്റൈലിഷാക്കുന്നു.
ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 200 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ശേഷിയുള്ള ബാറ്ററിയായിരിക്കും വാഹനത്തില്‍ നല്‍കുകയെന്നാണ് മാരുതി മുമ്പ് അറിയിച്ചിട്ടുള്ളത്. സ്റ്റാന്‍ഡേര്‍ഡ്, ഡിസി ഫാസ്റ്റ് ചാര്‍ജിങ്ങ് സംവിധാനങ്ങള്‍ ഇതിലൊരുങ്ങും. സ്റ്റാന്റേഡ് ചാര്‍ജര്‍ ഉപയോഗിച്ച് ഏഴ് മണിക്കൂറില്‍ ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാം.
കാബിന്‍ രൂപകല്‍പ്പന വാഗണ്‍ആര്‍ ഹാച്ച്ബാക്കില്‍ കാണുന്നതു തന്നെയാണ്. സുസുക്കിയുടെ 7.0 ഇഞ്ച് ‘സ്മാര്‍ട്ട്‌പ്ലേ’ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവ പ്രതീക്ഷിക്കുന്നു. പിറകില്‍ ചെറിയ മാറ്റങ്ങള്‍ കാണാന്‍ കഴിയും. ഇഗ്നിസ് ഉപയോഗിക്കുന്ന 15 ഇഞ്ച് അലോയ് വീലുകളിലാണ് എക്‌സ്എല്‍ 5 വരുന്നത്.
2021-ന്റെ തുടക്കത്തില്‍ അവതരിപ്പിക്കാനൊരുങ്ങുന്ന ഈ വാഹനം മാരുതിയുടെ പ്രീമിയം ഡീലര്‍ഷിപ്പായ നെക്‌സയിലൂടെയായിരിക്കും വിപണിയില്‍ എത്തുക.