ക്രാഷ് ടെസ്റ്റിൽ തകർന്ന് മാരുതി സുസുക്കി; ഒരു സ്റ്റാര്‍ മാത്രം നേടി സ്വിഫ്‍റ്റ്, എസ്-പ്രസോ, ഇഗ്നിസ്

കുഞ്ഞുങ്ങളുടെ സുരക്ഷയിൽ ഇഗ്നിസ്, എസ്-പ്രസോ കാറുകള്‍ നേടിയത് പൂജ്യം. ഗ്ലോബൽ എൻകാപ് അവതരിപ്പിച്ച പുതിയ ക്രാഷ് ടെസ്റ്റിലാണ് മാരുതി സുസുക്കി കാറുകള്‍ പരാജയപ്പെട്ടത്

Maruti Suzuki Swift Ignis and S-Presso Global NCAP crash test results 2022

ആഗോള ക്രാഷ് ടെസ്റ്റിൽ മാരുതി സുസുക്കി കാറുകള്‍ നടത്തിയത് ദയനീയ പ്രകടനം.

അന്താരാഷ്ട്ര ഏജൻസി ഗ്ലോബൽ എൻകാപ് (Global NCAP) നടത്തിയ ക്രാഷ് ടെസ്റ്റിൽ മാരുതി സുസുക്കി മോ‍ഡലുകളായ മാരുതി സുസുക്കി എസ്-പ്രസോ (Maruti Suzuki S-Presso), മാരുതി സുസുക്കി സ്വിഫ്‍റ്റ് (Maruti Suzuki Swift), മാരുതി സുസുക്കി ഇഗ്നിസ് ( Maruti Suzuki Ignis) എന്നിവ നേടിയത് അഞ്ചിൽ ഒരു സ്റ്റാര്‍ മാത്രം. 

കുട്ടികളുടെ സുരക്ഷയിൽ എസ്-പ്രസോ, ഇഗ്നിസ് കാറുകള്‍ പൂജ്യം ആണ് നേടിയത്. ഈ വിഭാഗത്തിൽ സ്വിഫ്റ്റ് ഒരു സ്റ്റാര്‍ നേടി.

ഗ്ലോബൽ എൻകാപ് അവതരിപ്പിച്ച പുതിയ ക്രാഷ് ടെസ്റ്റാണിത്. കൂടുതൽ കടുപ്പമുള്ള കടമ്പകളാണ് കാറുകള്‍ നേരിടേണ്ടി വന്നത്. പുതിയ ക്രാഷ് ടെസ്റ്റുകളുടെ രണ്ടാംഘട്ട ഫലമാണിത്. ക്രാഷ് ടെസ്റ്റിൽ മാരുതി കാറുകള്‍ നാണംകെട്ടപ്പോള്‍ മഹീന്ദ്ര സ്കോര്‍പിയോ-എൻ (Mahindra Scorpio-N) അഞ്ച് സ്റ്റാറുകള്‍ നേടി ഉന്നത സുരക്ഷ മാനദണ്ഡം പാലിച്ചു. കുട്ടികളുടെ സുരക്ഷയിൽ മൂന്ന് സ്റ്റാറുകളാണ് സ്കോര്‍പിയോ-എൻ നേടിയത്.

മാരുതി, മഹീന്ദ്ര കാറുകള്‍ അവയുടെ ബേസിക് സേഫ്‍റ്റി സ്പെസിഫിക്കേഷനിലാണ് പരീക്ഷിച്ചതെന്ന് ഗ്ലോബൽ എൻകാപ് അറിയിച്ചു

മൂന്ന് മാരുതി മോഡലുകള്‍ക്കും  മുൻനിരയിൽ രണ്ട് എയര്‍ബാഗുകളും എ.ബി.എസ് സൗകര്യവും ഉണ്ടായിരുന്നു. ഈ മൂന്നു മോഡലുകള്‍ക്കും ഇ.എസ്‍.സി ( ESC-Electronic stability control), സൈഡ് കര്‍ട്ടൻ എയര്‍ബാഗ്‍ എന്നിവ ഉണ്ടായിരുന്നില്ല. ഓപ്‍ഷണലായും ഇത് ഈ മോഡലുകളിൽ ലഭ്യമല്ല. മുൻവശം ഇടിപ്പിച്ചുള്ള പരീക്ഷണത്തിൽ മൂന്ന് മോഡലുകളും കാര്യമായി തകര്‍ന്നു.

മഹീന്ദ്രയുടെ സ്കോര്‍പിയോ-എൻ മോഡലിന് മുന്നിലെ രണ്ട് എയര്‍ബാഗുകളും എ.ബി.എസ് സൗകര്യവും ഉണ്ടായിരുന്നു. ഈ മോഡലിന് ഇ.എസ്.സി സ്റ്റാൻഡേഡ് ആയി ലഭ്യമല്ലെങ്കിലും കൂടുതലും മോഡലുകളിൽ സൈഡ് കര്‍ട്ടൻ ബാഗുകള്‍ ഉണ്ട്. ത്രീ പോയിന്‍റ് സീറ്റ് ബെൽറ്റ് ഇല്ലാത്തതാണ് കുഞ്ഞുങ്ങളുടെ സുരക്ഷയിൽ മഹീന്ദ്രക്ക് 3 സ്റ്റാര്‍ മാത്രം ലഭിക്കാൻ കാരണമെന്നും ഗ്ലോബൽ എൻകാപ് വിശദീകരിക്കുന്നു.

പുതുക്കിയ ക്രാഷ് ടെസ്റ്റ് അനുസരിച്ച് എല്ലാ മോഡലുകളുടെയും മുൻഭാഗവും വശങ്ങളും ഗ്ലോബൽ എൻകാപ് പരിശോധിക്കും. ഇലക്ട്രോണിക് സ്റ്റബിലിറ്റി കൺട്രോൾ, കാൽനടയാത്രക്കാര്‍ക്ക് പരിക്കേൽക്കാതിരിക്കാനുള്ള സാധ്യത തുടങ്ങിയവയും റേറ്റിങ്ങിൽ നിര്‍ണായകമാണ്. 

ഇന്ത്യയിലെ ഏറ്റവും വലിയ വിപണി പങ്കാളിത്തമുള്ള കാര്‍ നിര്‍മ്മാതാക്കള്‍ മോശം സുരക്ഷയുള്ള കാറുകളാണ് വിൽക്കുന്നത് എന്നത് ഉൽക്കണ്ഠയുണ്ടാക്കുന്നുണ്ട്. മാരുതി സുസുക്കി വളരെ പ്രധാനപ്പെട്ട സുരക്ഷാ സംവിധാനങ്ങള്‍ ഓപ്ഷണലായി പോലും കാര്‍ വാങ്ങുന്നവര്‍ക്ക് നൽകുന്നില്ല -- ഗ്ലോബൽ എൻകാപ് സെക്രട്ടറി ജനറൽ അലെഹാന്ദ്രോ ഫുറാസ് പറഞ്ഞു.

ലോകം മുഴുവൻ റോഡ് അപകടങ്ങള്‍ ഒഴിവാക്കാൻ വേണ്ടി പ്രവര്‍ത്തിക്കുന്ന ബ്രിട്ടീഷ് സന്നദ്ധ സംഘടന ടുവേഡ്‍സ് സീറോ ഫൗണ്ടേഷൻ (Towards Zero Foundation) ആണ് ഗ്ലോബൽ എൻകാപ് (Global NCAP) സംഘടിപ്പിക്കുന്നത്. ഇന്ത്യയ്ക്ക് വേണ്ടി സുരക്ഷിതമായ കാറുകള്‍ (#SaferCarsForIndia) എന്ന പുതിയ ക്യാംപെയ്‍നിന്‍റെ ഭാഗമായാണ് പുതിയ ക്രാഷ് ടെസ്റ്റുകള്‍ ഇപ്പോള്‍ നടത്തിയത്.

Latest Videos
Follow Us:
Download App:
  • android
  • ios