നിരത്ത് കീഴടക്കാന്‍ അവന്‍ വരുന്നു; പുതിയ മിഡ്-സൈസ് എസ്‌യുവിയുമായി മാരുതി, പ്രഖ്യാപനം ഉടന്‍
“കമ്പനിയുടെ മിഡ്-സൈസ് എസ്‌യുവി ജൂലൈ മൂന്നാം വാരത്തിൽ അനാവരണം ചെയ്യും. മോഡലിന്റെ ഉത്പാദനം ഓഗസ്റ്റിൽ തുടങ്ങും''- മാരുതി സുസുക്കി മാർക്കറ്റിംഗ് ആന്റ് സെയിൽസ് സീനിയർ എക്‌സിക്യൂട്ടീവ് ഡയറക്ടർ ശശാങ്ക് ശ്രീവാസ്‍തവ വ്യക്തമാക്കി.
മുംബൈ: മാരുതി സുസുക്കി വരും മാസങ്ങളിൽ പുതിയ ലോഞ്ചുകളുടെ ഒരു നിരയുമായി എത്താന്‍ ഒരുങ്ങുകയാണ്. അപ്‌ഡേറ്റ് ചെയ്‌ത ബലെനോ, XL6, എർട്ടിഗ എന്നിവ മികച്ച പ്രകടനം കാഴ്ചവയ്ക്കുമ്പോൾ, കഴിഞ്ഞദിവസം പുറത്തിറക്കിയ പുതുക്കിയ ബ്രെസയ്ക്ക് ആഴ്ചകൾക്കുള്ളിൽ 45,000-ത്തിലധികം ബുക്കിംഗുകൾ ലഭിച്ചു. ഇപ്പോഴിതാ ഒരു പുതിയ മിഡ്-സൈസ് എസ്‌യുവി കൂടി അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് മാരുതി സുസുക്കി എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഈ മോഡലിന്റെ അവതരണം ഈ മാസം മൂന്നാം വാരത്തിൽ നടക്കുമെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.
വളരെക്കാലമായി കോംപാക്റ്റ്, മിനി സബ് സെഗ്‌മെന്റുകളിലെ കരുത്തന്മാരാണ് മാരുതി സുസുക്കി. കൂടാതെ സബ് കോംപാക്റ്റ് എസ്‌യുവി വിഭാഗം ബ്രെസ ഭരിക്കുന്നു. എന്നാൽ മിഡ്-സൈസ് എസ്‌യുവി സെഗ്‌മെന്റും രാജ്യത്തെ ഏറ്റവും വലിയ കാർ നിർമ്മാതാവിന്റെ സാനിധ്യം കുറവാണ്. ഈ സെഗ്‌മെന്റുകളിലും അതിന്റെ വിജയം ആവർത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് മാരുതി സുസുക്കി ഇപ്പോൾ പുതിയ മോഡല്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
“കമ്പനിയുടെ മിഡ്-സൈസ് എസ്‌യുവി ജൂലൈ മൂന്നാം വാരത്തിൽ അനാവരണം ചെയ്യും. മോഡലിന്റെ ഉത്പാദനം ഓഗസ്റ്റിൽ തുടങ്ങും. ഈ വിഭാഗം വളരെ വലുതാണ്, ഇത് മൊത്തത്തിലുള്ള വിപണിയുടെ 18 ശതമാനമാണ്.." മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ (എംഎസ്ഐഎൽ) മാർക്കറ്റിംഗ് ആന്റ് സെയിൽസ് സീനിയർ എക്‌സിക്യൂട്ടീവ് ഡയറക്ടർ ശശാങ്ക് ശ്രീവാസ്‍തവ, എച്ച്ടി ഓട്ടോയോട് പറഞ്ഞു. എസ്‌യുവി ഇതര വിഭാഗത്തിൽ മാരുതിയുടെ വിഹിതം 67 ശതമാനമാണ് എന്നും എന്നാൽ മൊത്തത്തിലുള്ള വിപണി വിഹിതം നോക്കുമ്പോൾ അത് 50 ശതമാനത്തിൽ താഴെയായി എന്നും എസ്‌യുവികൾക്കുള്ളിൽ മാരുതിയുടെ വിപണി വിഹിതം കുറവാണ് എന്നതാണ് പ്രാഥമികമായി കാരണം എന്നും അദ്ദേഹം വ്യക്തമാക്കി.
ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ മിഡ്-സൈസ് എസ്‌യുവിയെ അവതരിപ്പിക്കുകയും ബുക്കിംഗ് ആരംഭിക്കുകയും ചെയ്ത അതേ ദിവസം തന്നെയാണ് മാരുതി സുസുക്കി മിഡ്-സൈസ് എസ്‌യുവിയുടെ അനാച്ഛാദനത്തിനുള്ള സ്ഥിരീകരണവും. നിലവിൽ ഹ്യൂണ്ടായ് ക്രെറ്റയും കിയ സെൽറ്റോസും ആധിപത്യം പുലർത്തുന്ന, ലാഭകരമായ ഈ പാസഞ്ചർ വാഹന വിഭാഗത്തിലേക്ക് പ്രവേശിക്കാനും മുന്നോട്ട് പോകാനും മാരുതി സുസുക്കിയും ടൊയോട്ടയും കൈകോര്‍ത്തിരിക്കുകയാണ്.
സുസുക്കി വികസിപ്പിച്ച മോഡൽ കർണാടകയിലെ ബിഡാദിയിലെ ടൊയോട്ട കിർലോസ്‍കർ മോട്ടോർ പ്ലാന്റിൽ നിർമ്മിക്കുകയും മാരുതി സുസുക്കി, ടൊയോട്ട മോഡലുകളായി വിൽക്കുകയും ചെയ്യും. മാരുതി സുസുക്കി മോഡൽ മൈൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യ വാഗ്ദാനം ചെയ്യുമെങ്കിലും ടൊയോട്ട അർബൻ ക്രൂസർ ഹൈറൈഡർ വാഗ്ദാനം ചെയ്യുമെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. ശക്തമായ ഹൈബ്രിഡ് സാങ്കേതികവിദ്യയുള്ള രാജ്യത്തെ ആദ്യത്തെ ഇടത്തരം എസ്‌യുവിയായിരിക്കും അർബൻ ക്രൂയിസർ ഹൈറൈഡർ.