ഉപഭോക്താക്കൾക്കായി പുതിയ റിവാർഡ്‍സ് പ്രോഗ്രാമുമായി മാരുതി
പുത്തന്‍ റിവാർഡ്‍സ് ലോയൽറ്റി പ്രോഗ്രാമുമായി രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്.
പുത്തന്‍ റിവാർഡ്‍സ് ലോയൽറ്റി പ്രോഗ്രാമുമായി രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്. ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കളെയും വിമാന യാത്രക്കാരെയും പോലെ കാർ ഉടമസ്ഥരെയും ലക്ഷ്യമിട്ട് റിവാർഡ്‍സ് എന്ന പേരിലാണു കമ്പനി പുതിയ കസ്റ്റമർ ലോയൽറ്റി പ്രോഗ്രാം അവതരിപ്പിച്ചത്.
പുതിയ കാർ വാങ്ങുമ്പോഴും സർവീസിങ് വേളയിലും മാരുതി ഇൻഷുറൻസ്, ആക്സസറികൾ, കസ്റ്റമർ റഫറൽ തുടങ്ങിയ വേളകളിലുമെല്ലാം കസ്റ്റമർ ലോയൽറ്റി പ്രോഗ്രാം വഴി നേട്ടത്തിന് അവസരമുണ്ടെന്നു മാരുതി സുസുക്കി വ്യക്തമാക്കി. മെംബർ, സിൽവർ, ഗോൾഡ്, പ്ലാറ്റിനം എന്നിങ്ങനെ നാലുതരം അംഗത്വവും മാരുതി സുസുക്കി റിവാർഡ്സിൽ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.
രാജ്യത്തെ മാരുതി സുസുക്കി ഡീലർഷിപ്പുകളിലെല്ലാം മാരുതി സുസുക്കി റിവാർഡ്സ് അനുസരിച്ചുള്ള ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്താം. അരീന, നെക്സ, ട്രൂവാല്യൂ ഔട്ട്‌ലെറ്റുകളിലൂടെയെല്ലാം വിൽക്കുന്ന വാഹനങ്ങളുടെ ഉടമസ്ഥരെ മാരുതി സുസുക്കി റിവാർഡ്സിൽ അംഗങ്ങളാക്കുമെന്നു കമ്പനി അറിയിച്ചു. ഇതാദ്യമായാണു രാജ്യത്തെ ഏതെങ്കിലും വാഹന നിർമാതാവ് കസ്റ്റമർ ലോയൽറ്റി പ്രോഗ്രാം ആരംഭിക്കുന്നതെന്നും മാരുതി സുസുക്കി പറയുന്നു.
ഉപഭോക്താക്കൾക്ക് ആഹ്ളാദകരമായ സേവനം ലഭ്യമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണു മാരുതി സുസുക്കി റിവാർഡ്സ് എന്നു കമ്പനി മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ കെനിചി അയുകാവ പറഞ്ഞു. മികച്ച ആനുകൂല്യങ്ങളാണു പദ്ധതി പ്രകാരം അംഗങ്ങൾക്കു ലഭ്യമാവുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാഹന സർവീസിങ് വേളയിലും ആക്സസറികളും മാരുതി ജനുവിൻ പാർട്സ് വാങ്ങുമ്പോളും എക്സ്റ്റൻഡഡ് വാറന്റിക്കും ഇൻഷുറൻസിനും ഡ്രൈവിങ് സ്കൂൾ പ്രവേശനത്തിനുമൊക്കെ മാരുതി സുസുക്കി റിവാർഡ്സ് പ്രകാരമുള്ള ആനുകൂല്യം ഉപകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.