സോണറ്റിന്‍റെ ആനിവേഴ്‍സറി എഡീഷനുമായി കിയ

ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയയുടെ ഇന്ത്യയിലെ മൂന്നാമത്തെ വാഹനമായ സോണറ്റ് 2020 സെപ്റ്റംബര്‍ 18-നാണ് ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്. അന്നുമുതല്‍ ജനപ്രിയ മോഡലായി കുതിക്കുകയാണ് സോണറ്റ്

Kia with the Anniversary Edition of the Sonet

ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയയുടെ (Kia) ഇന്ത്യയിലെ മൂന്നാമത്തെ വാഹനമായ സോണറ്റ് (Sonet) 2020 സെപ്റ്റംബര്‍ 18-നാണ് ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്. അന്നുമുതല്‍ ജനപ്രിയ മോഡലായി കുതിക്കുകയാണ് സോണറ്റ്.  ഇപ്പോഴിതാ ആദ്യ വർഷം പൂർത്തിയാക്കുന്ന വേളയിൽ സോണറ്റിന്റെ ആനിവേഴ്സറി എഡീഷൻ അവതരിപ്പിച്ചിരിക്കുകയാണ് കിയ. ആറോറ ബ്ലാക്ക്പേൾ, ഗ്ലേഷ്യർ വൈറ്റ് പേൾ, സ്റ്റീൽ സിൽവർ, ഗ്രാവിറ്റി ഗ്രേ നിറങ്ങളിൽ ലഭ്യമാവുന്ന സൊണെറ്റ് ആനിവേഴ്സറി എഡീഷന് 10.79 ലക്ഷം രൂപയാണു രാജ്യത്തെ ഷോറൂം വില എന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

HTX വേരിയന്റ് അടിസ്ഥാനമാക്കിയാണ് സോണറ്റ് ആനിവേഴ്സറി എഡിഷൻ തയ്യാറാക്കിയിരിക്കുന്നത്. ഡീസലിലും പെട്രോളിലുമായി മാന്വൽ, ഓട്ടോമാറ്റിക് ഗിയര്ബോക്സ് ഓപ്ഷനുകളിൽ ലഭ്യമാണ്. ടൈഗർ-നോസ് ഫ്രണ്ട് ഗ്രിൽ, സ്കിഡ് പ്ലേറ്റുകൾ, സെന്റർ വീൽ ക്യാപ്സ്, സൈഡ് സിൽസ് എന്നിവയിൽ ടാംഗറിൻ ഓറഞ്ച് ആക്സന്റുകൾ നൽകിയിട്ടുണ്ട്. ആനിവേഴ്സറി എഡീഷൻ എന്ന സവിശേഷ ചിഹ്നത്തിനൊപ്പം ടാംഗെറിൻ നിറത്തിലെ സൈഡ് ഡോർ ഗാർണിഷും സെന്റർ വീൽ ക്യാംപും സഹിതമാണ് വാഹനം എത്തുന്നത്. കൂടുതൽ പേശീബലം തോന്നിക്കാൻ സൈഡ് സ്കിഡ് പ്ലേറ്റുകളും ഘടിപ്പിച്ചിട്ടുണ്ട്.

118 ബിഎച്ച്പി കരുത്തും 172 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 1.0 ലിറ്റർ ടി-ജിഡിഐ പെട്രോൾ എഞ്ചിൻ, 99 ബിഎച്ച്പി കരുത്തും 240 എൻഎം ടോർക്കും നിർമ്മിക്കുന്ന 1.5 ലിറ്റർ ഡീസൽ എഞ്ചിനുകളിൽ സോണറ്റ് ആനിവേഴ്സറി എഡിഷൻ സ്വന്തമാക്കാം. പെട്രോൾ എൻജിൻ ആറ് സ്പീഡ് ഐഎംടി ഗിയർബോക്സിലും ഏഴ് സ്പീഡ് ഡിസിടിയിലും ലഭിക്കുമ്പോൾ ഡീസൽ എൻജിൻ 6-സ്പീഡ് മാന്വൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സുകളാണ് എത്തുന്നത്.

ബീജും കറുപ്പും ചേർന്ന ഡ്യുവൽ ടോൺ ലെതറേറ്റ് അപ്ഹോൾസ്റ്ററി തന്നെയാണ് സോണറ്റ് ആനിവേഴ്സറി എഡിഷനിലും. 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, ഇലക്ട്രിക് സൺറൂഫ്, എൽഇഡി ഹെഡ്‌ലാമ്പുകൾ, ഇന്റഗ്രേറ്റഡ് ഡിആർഎൽ, 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റി, ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീൽ, പുഷ് സ്റ്റാർട്ട്/സ്റ്റോപ്പ് ബട്ടൺ, റിയർ വ്യൂ പാർക്കിംഗ് ക്യാമറ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ, റിയർ എസി വെന്റുകൾ തുടങ്ങിയ ഫീച്ചറുകൾ സോണറ്റ് ആനിവേഴ്സറി എഡിഷനിലുണ്ട്.

അതേസമയം ഒരുവര്‍ഷത്തിനുള്ളില്‍ ഇതുവരെ ഒരു ലക്ഷം യൂണിറ്റ് വിൽപ്പന സോണറ്റ് സ്വന്തമാക്കിയതായാണ് കണക്കുകള്‍. നിലവിൽ  രാജ്യത്തെ മൊത്തം വിൽപ്പനയുടെ 32 ശതമാനത്തോളം വരും സോണറ്റിന്‍റെ വില്‍പ്പന എന്നാണ് കമ്പനി പറയുന്നത്. സെൽറ്റോസ് എസ്‌യുവിയും കാർണിവൽ എംപിവിയും ഇന്ത്യയിൽ അവതരിപ്പിച്ചതിനു ശേഷമാണ് ഹ്യുണ്ടായിയുടെ സബ്-ബ്രാൻഡായ കിയ മോട്ടോർസ്  സോണറ്റിനെ ഇന്ത്യയില്‍ അവതരിപ്പിച്ചത്. ടെക് ലൈന്‍, ജി.ടി ലൈന്‍ എന്നീ രണ്ട് വിഭാഗങ്ങളിലായി HTE, HTK, HTK+, HTX, HTX+, GTX+ എന്നീ വേരിയന്റുകളിലാണ് സോണറ്റ് എത്തുന്നത്. 1.2 ലിറ്റര്‍ പെട്രോള്‍, 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്നീ മൂന്ന് എന്‍ജിന്‍ ഓപ്ഷനുകളിലാണ് സോണറ്റ് വിപണിയിൽ എത്തുന്നത്. ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ച്, ആറ് സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക്, ഇന്റലിജെന്റ് മാനുവല്‍ (ഐ.എ.ടി) എന്നിവയാണ് ഈ വാഹനത്തില്‍ ട്രാന്‍സ്‍മിഷന്‍.

നിരവധി സുരക്ഷ ഫീച്ചറുകള്‍ക്കൊപ്പം 57-ഓളം കണക്ടിവിറ്റി ഫീച്ചറുകളുമായാണ് സോണറ്റ് എത്തിയിട്ടുള്ളത്. കിയ സോണറ്റ് എസ്‌യുവിയുടെ 7 സീറ്റര്‍ വേര്‍ഷന്‍ ഇന്തോനേഷ്യന്‍ വിപണിയില്‍ അടുത്തിടെ അവതരിപ്പിച്ചിരുന്നു. ഇന്ത്യയില്‍ വില്‍ക്കുന്ന 5 സീറ്റര്‍ കിയ സോണറ്റ് സബ്‌കോംപാക്റ്റ് എസ്‌യുവിയുടെ (നാല് മീറ്ററില്‍ താഴെ നീളം, 3995 എംഎം) അതേ ഡിസൈന്‍, സ്റ്റൈലിംഗ് എന്നിവ കിയ സോണറ്റ് 7 സീറ്ററിനും നല്‍കിയിരിക്കുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios