ഇന്ത്യയില്‍ ഒന്നാമനായി വെന്യു കുതിക്കുന്നു; ആദ്യപാദ കണക്കുകള്‍ പുറത്ത്
കോംപാക്ട് എസ്യുവി സെഗ്മെന്‍റ് പരിശോധിച്ചാല്‍ 2021 സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ ഒന്നാംസ്ഥാനം സ്വന്തമാക്കിയിരിക്കുകയാണ് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായിയുടെ വെന്യു.
ദില്ലി: രാജ്യത്തെ വാഹനവിപണിയില്‍ കടുത്ത മത്സരം നേരിടുന്ന വിഭാഗമാണ് സബ് കോംപാക്‌ട് എസ്യുവി സെഗ്മെന്റ്. ഇപ്പോഴിതാ ഈ സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യപാദത്തിലെ വാഹനവില്‍പ്പന കണക്കുകള്‍ പുറത്തുവന്നിരിക്കുന്നു. കോംപാക്ട് എസ്യുവി സെഗ്മെന്‍റ് പരിശോധിച്ചാല്‍ 2021 സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ ഒന്നാംസ്ഥാനം സ്വന്തമാക്കിയിരിക്കുകയാണ് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായിയുടെ വെന്യു. 5,371 യൂണിറ്റുകളുമായിട്ടാണ് വെന്യു സെഗ്മെന്റിലെ ഒന്നാമനായത്.
മാരുതി സുസുക്കി വിറ്റാര ബ്രെസ, ടാറ്റ നെക്‌സോൺ, മഹീന്ദ്ര XUV300, ഫോർഡ് എക്കോസ്‌പോർട്ട്, ഹോണ്ട WR-V തുടങ്ങിയവരെ പിന്തള്ളിയാണ് വെന്യുവിന്‍റെ ഈ നേട്ടം. സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യപാദത്തില്‍ വെന്യു 27 ശതമാനം വിപണി വിഹിതം രേഖപ്പെടുത്തിയപ്പോൾ ബ്രെസ, നെക്സോൺ, XUV300 എന്നിവര്‍ക്ക് യഥാക്രമം 26, 19, 16 ശതമാനം വീതം നേടാനേ കഴിഞ്ഞുള്ളു.
വിറ്റാര ബ്രെസ 5,114 യൂണിറ്റുമായി രണ്ടാം സ്ഥാനത്തും നെക്സോൺ 3,663 യൂണിറ്റും XUV300 3,069 യൂണിറ്റും നേടി യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളിൽ എത്തി. ഐക്കണിക്ക് അമേരിക്കൻ വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡിന്‍റെ സബ് ഫോർ മീറ്റർ എസ്‌യുവി ഇക്കോസ്‍പോര്‍ട് 1,543 യൂണിറ്റ് വിൽപ്പനയാണ് ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യപാദം നേടിയത്. ഹോണ്ടയുടെ WR-V 2020 ആകെ 772 വാഹനങ്ങളാണ് നിരത്തിലെത്തിച്ചത്.
2019 മെയ് 21ന് ഇന്ത്യയിലെത്തിയ ഹ്യുണ്ടായി വെന്യു അടുത്തിടെ ഒരു ലക്ഷം യൂണിറ്റ് വിൽപ്പനയെന്ന നാഴികക്കല്ലും പിന്നിട്ടിരുന്നു. ഹ്യുണ്ടായി ഇന്ത്യയിലെത്തിക്കുന്ന ആദ്യ കണക്ടഡ് എസ്‍യുവിയായാണ് വെന്യു. ബ്ലൂലിങ്ക് സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തിൽ 33 സുരക്ഷ ഫീച്ചറുകളും നിരവധി സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകളുണ്ട് വാഹനത്തില്‍.
വലിയ സാങ്കേതികവിദ്യകളുള്ള വലിയ വാഹനം എന്ന വിശേഷണം ഏറ്റവും ഇണങ്ങുന്ന വെന്യു ഇ, എസ്, എസ്എക്സ്, എസ്എക്സ് (ഓപ്ഷണല്‍) എന്നീ നാല് വകഭേദങ്ങളിലാണ് വിപണിയിലെത്തുന്നത്. രണ്ട് പെട്രോള്‍ എന്‍ജിനും ഒരു ഡീസല്‍ എന്‍ജിനും കരുത്ത് പകരുന്ന വെന്യുവിന് ആകെ 13 വേരിയന്റുകളുണ്ട്. ക്രൂയിസ് കണ്‍ട്രോള്‍, ആറ് എയര്‍ബാഗ്, സ്പീഡ് സെന്‍സിങ് ഡോര്‍ ലോക്ക്, എബിഎസ് വിത്ത് ഇഎസ്‌സി, ഹില്‍ അസിസ്റ്റ് കണ്‍ട്രോള്‍ എന്നിവയാണ് വാഹനത്തിന് സുരക്ഷയൊരുക്കുന്നത്.
1.0 ലിറ്റർ ടർബോ പെട്രോൾ, 1.2 ലിറ്റർ പെട്രോൾ, 1.4 ലിറ്റർ ഡീസൽ എന്നീ മൂന്ന് എൻജിൻ ഓപ്ഷനുകളിലാണ് ഹ്യുണ്ടായി വെന്യു ആദ്യമെത്തിയത്. പിന്നീട് ബിഎസ്-6 നിലവാരത്തിലേക്ക് മാറിയതോടെ ഡീസൽ എൻജിൻ ശേഷി 1.5 ലിറ്ററായി ഉയർത്തി. 1.0 ലിറ്റർ ടർബോ എൻജിൻ മോഡലാണ് ഏറ്റവുമധികം ജനപ്രീതി നേടിയത്. മൊത്ത വിൽപ്പനയുടെ 44 ശതമാനവും ഈ വാഹനത്തിനാണ്. മാരുതി ബ്രസ, മഹീന്ദ്ര എക്‌സ്‌യുവി 300, ഫോര്‍ഡ് എക്കോസ്‌പോര്‍ട്ട്, ടാറ്റ നെക്സോണ്‍ തുടങ്ങിയവരാണ് വെന്യുവിന്‍റെ മുഖ്യ എതിരാളികള്‍.
അടുത്തിടെ വെന്യുവിന്‍റെ സ്പെഷ്യൽ എഡിഷൻ മോഡലിനെ കമ്പനി വിപണിയിലെത്തിച്ചിരുന്നു. ജന്മനാടായ ദക്ഷിണ കൊറിയയിൽ ആണ് ഈ മോഡലിനെ കമ്പനി അവതരിപ്പിച്ചത്. ഹ്യുണ്ടായി വെന്യു ഫ്‌ളെക്‌സ് എഡിഷന്‍ എന്ന് പേരിട്ടിരിക്കുന്ന ഈ വാഹനത്തിന് കരുത്തേകുന്നത് ഹ്യുണ്ടായിയുടെ 1.6 ലിറ്റര്‍ നാച്വറലി ആസ്പിരേറ്റഡ് പെട്രോള്‍ എന്‍ജിനാണ്. ഇത് 121.2 ബിഎച്ച്പി പവറും 154 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത് സിവിടി ട്രാന്‍സ്മിഷന് സമാനമായ സ്മാര്‍ട്ട് സ്ട്രീം ഐവിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ്.
ഫ്ലക്സ് വേരിയന്റിന് സ്റ്റാൻഡേർഡ് മോഡലിൽ നിന്ന് മെക്കാനിക്കൽ മാറ്റങ്ങളൊന്നുമില്ല. ദക്ഷിണ കൊറിയയിൽ നിർമിച്ച ഹ്യുണ്ടായി വെന്യുവിന് 4,040 മില്ലീമീറ്റർ നീളവും 1,770 മില്ലീമീറ്റർ വീതിയും 1,585 മില്ലീമീറ്റർ ഉയരവുമാണുള്ളത്. 2,520 മില്ലീമീറ്ററാണ് വീൽബേസ്. നിയോണ്‍ ഗ്രീന്‍-ബ്ലാക്ക് ഡ്യുവല്‍ ടോണ്‍ നിറങ്ങളാണ് വാഹനത്തിന് നൽകിയിരിക്കുന്നത്. ഹ്യുണ്ടായിയുടെ റെഗുലര്‍ പതിപ്പിന് സ്‌പോര്‍ട്ടി ഭാവം നല്‍കിയാണ് ഫ്‌ളെക്‌സ് എഡിഷന്‍ എത്തിയിരിക്കുന്നത്.
മാത്രമല്ല വെന്യുവിലെ ടോപ്പ് സെല്ലിങ്ങ് മോഡലായ 1.0 ലിറ്റര്‍ ടര്‍ബോ എന്‍ജിന്‍ പതിപ്പില്‍ ക്ലച്ചില്ലാതെ ഗിയര്‍ മാറാവുന്ന ഇന്റലിജെന്റ് മാനുവൽ ട്രാൻസ്‍മിഷന്‍ എന്ന പുതിയ സംവിധാനത്തെ അവതരിപ്പിക്കാനും തയ്യാറെടുക്കുകയാണ് ഹ്യുണ്ടായി.