സാങ്കേതിക തകരാര്‍; ഈ പുത്തന്‍ വാഹനങ്ങളെ തിരികെ വിളിക്കുന്നു

കോംപാക്ട് എസ്‌യുവി സെഗ്മെന്‍റില്‍ ഫോര്‍ഡ് അവതരിപ്പിച്ച ഇക്കോ സ്‌പോര്‍ട്ടിന്റെ പെട്രോള്‍ മോഡല്‍ തിരികെ വിളിക്കുന്നു

Ford EcoSport Petrol recalled for software update

കോംപാക്ട് എസ്‌യുവി സെഗ്മെന്‍റില്‍ ഫോര്‍ഡ് അവതരിപ്പിച്ച ഇക്കോ സ്‌പോര്‍ട്ടിന്റെ പെട്രോള്‍ മോഡല്‍ തിരികെ വിളിക്കുന്നു. പവര്‍ട്രെയിന്‍ കണ്‍ട്രോള്‍ മൊഡ്യൂള്‍ സോഫ്റ്റ്‌വെയറിന്റെ അപ്‌ഡേഷന് വേണ്ടിയാണ് തിരികെ വിളിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 2017 നവംബര്‍ മുതല്‍ 2018 മാര്‍ച്ച് വരെയുള്ള കാലയളവില്‍ നിര്‍മിച്ച് വിറ്റ വാഹനങ്ങളാണ് തിരിച്ച് വിളിക്കുന്നത്. 

ബാറ്ററിയിലെ ചാര്‍ജ് നഷ്ടപ്പെടുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് സോഫ്റ്റ്‌വെയര്‍ അപ്‌ഡേഷനായി വാഹനങ്ങളെ തിരികെ വിളിക്കുന്നത്. 7249 വാഹനങ്ങള്‍ക്ക് ഈ തകരാര്‍ സംഭവിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. തകരാറുണ്ടെന്ന് സംശയിക്കുന്ന വാഹനങ്ങളുടെ ഉടമകള്‍ക്ക് കമ്പനി ഇ-മെയില്‍ മുഖേന ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ഈ ഉപയോക്താക്കള്‍ക്ക് സര്‍വീസ് സ്‌റ്റേഷനുമായി ബന്ധപ്പെടുകയോ കൂടുതല്‍ വിവരങ്ങള്‍ക്കായി ഫോര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യണമെന്ന് ഫോര്‍ഡ് ഇന്ത്യ വ്യക്തമാക്കി. 

തകരാറുള്ള വാഹനങ്ങള്‍ക്ക് സൗജന്യമായായി സോഫ്റ്റ്‌വെയര്‍ അപ്‌ഡേഷന്‍ നടത്തികൊടുക്കും. ഇതു സംബന്ധിച്ച് കമ്പനി സര്‍വീസ് ഡീലര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. 

2017-ലാണ് ഫോര്‍ഡ് ഇക്കോ സ്‌പോര്‍ട്ടിന്റെ പുതുക്കിയ പതിപ്പ് നിരത്തിലെത്തിയത്.  1.5 ലിറ്റര്‍ മൂന്ന് സിലണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന്‍റെ ഹൃദയം. അഞ്ച് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകളാണ് ട്രാന്‍സ്മിഷന്‍.
 

Latest Videos
Follow Us:
Download App:
  • android
  • ios