നിങ്ങളുടെ പഴയ ആള്‍ട്ടോയും വാഗണ്‍ ആറും ഇനി ഇലക്ട്രിക്കാക്കാം; എളുപ്പവിദ്യയുമായി ഒരു കമ്പനി!

നിലവിലുള്ള പെട്രോള്‍-ഡീസല്‍ വാഹനങ്ങളുടെ എന്‍ജിന്‍ എടുത്തുമാറ്റി പകരം ഇലക്ട്രിക് കിറ്റ് സ്ഥാപിക്കാനുള്ള നീക്കത്തില്‍ ഒരു സ്റ്റാര്‍ട്ടപ്പ് കമ്പനി

E trio Automobiles launching retrofitted electric cars in India

2030-ഓടെ പെട്രോള്‍-ഡീസല്‍ വാഹനങ്ങള്‍ ഇന്ത്യന്‍ നിരത്തില്‍ നിന്നും പൂര്‍ണമായും ഒഴിവാക്കാനുള്ള നീക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. അതിനുസരിച്ച് രാജ്യം പതിയെ ഇലക്ട്രിക് വാഹനങ്ങളിലേക്ക് ചുവടുമാറുകയാണ്. പ്രമുഖ വാഹന നിര്‍മാതാക്കളെല്ലാം ഇലക്ട്രിക് മോഡലുകള്‍ ഇന്ത്യയിലെത്തിക്കാനുള്ള ശ്രമങ്ങളില്‍ മുഴുകിയിരിക്കുകയാണ് ഇപ്പോള്‍. 

കുതിച്ചുകയറുന്ന ഇന്ധന വില മൂലം വാഹന ഉടമകളും പരമ്പരാഗത ഇന്ധന വാഹനങ്ങളെ തള്ളിപ്പറഞ്ഞു തുടങ്ങിയ ഈ സാഹചര്യത്തില്‍ നിലവിലുള്ള പെട്രോള്‍-ഡീസല്‍ വാഹനങ്ങളുടെ എന്‍ജിന്‍ എടുത്തുമാറ്റി പകരം ഇലക്ട്രിക് കിറ്റ് സ്ഥാപിക്കാനുള്ള നീക്കത്തിലാണ് ഒരു സ്റ്റാര്‍ട്ടപ്പ് കമ്പനി.  മാരുതി സുസുക്കിയുടെ ആള്‍ട്ടോ, വാഗണ്‍ ആര്‍ മോഡലുകളെ ഇലക്ട്രിക്കാക്കാനുള്ള അനുമതി ഇ-ട്രിയോ ഓട്ടോമൊബൈല്‍സ് എന്ന ഈ സ്റ്റാര്‍ട്ടപ്പ് കമ്പനി സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ARAI (ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ) യില്‍ നിന്നാണ് ഇതിനുള്ള അനുമതി ഇ-ട്രിയോ സ്വന്തമാക്കിയത്.  ഇത്തരത്തില്‍ ഇലക്ട്രിക് കിറ്റ് സ്ഥാപിക്കാന്‍ ഇന്ത്യയില്‍ അനുമതി ലഭിക്കുന്ന ആദ്യ സംരംഭകരാണ് തെലുങ്കാന കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇ-ട്രിയോ എന്നാണ് റിപ്പോര്‍ട്ടുകള്‍. 

നിലവില്‍ ആള്‍ട്ടോ, വാഗണ്‍ ആര്‍ എന്നിവയില്‍ മാത്രം ഇലക്ട്രിക് കിറ്റ് സ്ഥാപിക്കാനുള്ള അനുമതിയാണ് ARAI ഇ-ട്രിയോയ്ക്ക് നല്‍കിയിട്ടുള്ളത്. ഈ വാഹനങ്ങളുടെ ഗിയര്‍ലെസ് ഇലക്ട്രിക് മോഡലുകളാവും കമ്പനി ഒരുക്കുന്നത്. 

ഈ ഇലക്ട്രിക് കാറുകള്‍ക്ക്  ഒറ്റചാര്‍ജില്‍ 150 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. പൂജ്യത്തില്‍ നിന്ന് 60 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഇലക്ട്രിക് കിറ്റ് സ്ഥാപിച്ച ആള്‍ട്ടോയ്ക്ക് വെറും അഞ്ചു സെക്കന്‍ഡ് മതിയെന്നും കമ്പനി പറയുന്നു. മണിക്കൂറില്‍ 80 കിലോമീറ്ററായിരിക്കും പരമാവധി വേഗത. 

ഇതിനുള്ള ഇലക്ട്രിക് കിറ്റുകള്‍ ചൈനയില്‍ നിന്നും സൗത്ത് കൊറിയയില്‍ നിന്നുമാണ്  ഇ-ട്രിയോ ഇറക്കുമതി ചെയ്യുക. ഈ കിറ്റുകളിലെ കണ്‍ട്രോളര്‍ ഇ-ട്രിയോ തന്നെ സ്വന്തമായി വികസിപ്പിച്ചെടുത്തവയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

അടുത്ത വര്‍ഷം 5000 കാറുകള്‍ കിറ്റ് ഘടിപ്പിച്ച് പുറത്തിറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. മാസംതോറും 1000 കാറുകളില്‍ കിറ്റ് ഉള്‍പ്പെടുത്താനുള്ള ശേഷിയും ഇ-ട്രിയോ കേന്ദ്രങ്ങളിലുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷമായി ഇലക്ട്രിക് കിറ്റ് സ്ഥാപിച്ചുള്ള പരീക്ഷണത്തിലാണ് കമ്പനി. ഈ ഇലക്ട്രിക്ക് വാഹനങ്ങള്‍ ഏതു സമയത്തും അനായാസേനെ ചാര്‍ജ്ജ് ചെയ്യാമെന്നും കമ്പനി അവകാശപ്പെടുന്നു.
 

Latest Videos
Follow Us:
Download App:
  • android
  • ios