അകവും പുറവും നിറയെ മാറ്റങ്ങള്‍; ഡാറ്റ്സണ്‍ ഗോ, ഗോ+ പ്രീ ബുക്കിങ് തുടങ്ങി
ഉള്‍വശത്തെ 6.75 ഇഞ്ച് ടച്ച് സ്ക്രീനായിരിക്കും ഉപഭോക്താക്കളെ ഏറെ ആകര്‍ഷിക്കുന്ന പ്രധാന സവിശേഷത. ആപ്പിളിന്റെ കാര്‍ പ്ലേയും ആന്‍ഡ്രോയിഡ് ഓട്ടോയും സപ്പോര്‍ട്ട് ചെയ്യുന്നതാണിത്.
ദില്ലി: അകവും പുറവും കാര്യമായ മാറ്റങ്ങളോടെ എത്തുന്ന ഡാറ്റ്സണ്‍ ഗോ, റെഡി ഗോ കാറുകളുടെ പ്രീ ബുക്കിങ് ആരംഭിച്ചു. 11,000 രൂപ നല്‍കി ഷോറൂമുകളില്‍ കാര്‍ ബുക്ക് ചെയ്യാം. ജപ്പാനീസ് കാര്‍ നിര്‍മ്മാതാക്കളായ ഡാറ്റ്‍സണ്‍ ഒക്ടോബര്‍ 10നാണ് പുതിയ മോഡലുകള്‍ വിപണിയിലെത്തിക്കുന്നത്.
പുതിയ മോഡല്‍ ഗോ രണ്ട് പുതിയ നിറങ്ങളില്‍ കൂടി ലഭ്യമാവും. ആംബര്‍ ഓറഞ്ച്, സണ്‍ഷൈന്‍ ബ്രൗണ്‍ എന്നിവയാണ് പുതിയ നിറങ്ങള്‍. രൂപമാറ്റം വരുത്തിയ ബംബറുകളില്‍ ഡേ ടൈം റണ്ണിങ് ലൈറ്റുകള്‍ ഉള്‍പ്പെടെയുള്ള ചെറിയ മാറ്റങ്ങളുണ്ട്. മുന്‍ഭാഗത്തെ ഗ്രില്‍ അല്‍പ്പം പുറത്തേക്ക് തള്ളിനില്‍ക്കുന്നതാണ്. പുതുമ തോന്നിപ്പിക്കുന്നതിനായി പിന്‍ഭാഗത്തെ ബംബറിലും ചെറിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഇതിന് പുറമെ രണ്ട് മോഡലുകളിലും ഇത് ആദ്യമായി 14 ഇഞ്ച് അലോയ് വീലുകളുണ്ടാകുമെന്ന പ്രത്യേകതയുമുണ്ട്.
എന്നാല്‍ ഉള്‍വശത്തെ 6.75 ഇഞ്ച് ടച്ച് സ്ക്രീനായിരിക്കും ഉപഭോക്താക്കളെ ഏറെ ആകര്‍ഷിക്കുന്ന പ്രധാന സവിശേഷത. ആപ്പിളിന്റെ കാര്‍ പ്ലേയും ആന്‍ഡ്രോയിഡ് ഓട്ടോയും സപ്പോര്‍ട്ട് ചെയ്യുന്നതാണിത്. പുതിയ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ഗ്ലവ് ബോക്സും ഉള്‍പ്പെടുത്തി ഡാഷ് ബോര്‍ഡ് നവീകരിച്ചു. മുന്‍സീറ്റുകള്‍ക്കിടയില്‍ പുതിയ ഹാന്റ് ബ്രേക്ക് ലിവറുണ്ടാകും. പവന്‍ വിന്‍ഡോ, ഇലക്ട്രിക് സംവിധാനത്തിലൂടെ നിയന്ത്രിക്കാവുന്ന മിററുകള്‍, പിന്നിലെ പാര്‍ക്കിങ് സെന്‍സറുകള്‍, മുന്‍ഭാഗത്തെ ഡ്യൂവര്‍ എയര്‍ബാഗുകള്‍, പിന്നിലെ വൈപ്പര്‍ തുടങ്ങിയവയുമുണ്ടാകും.
എന്നാല്‍ എഞ്ചിന്‍ അനുബന്ധ കാര്യങ്ങളിലൊന്നും മാറ്റമുണ്ടാവില്ല. 1.2 ലിറ്റര്‍ 3 സിലിണ്ടര്‍ എഞ്ചിന്‍ തന്നെയായിരിക്കും പുതിയ മോഡലിലും. അഞ്ച് ഗിയറുകളുള്ള മാനുവല്‍ ഗിയര്‍ ബോക്സ് തന്നെയാണെങ്കിലും അന്താരാഷ്ട്ര വിപണിയില്‍ ഓട്ടോമാറ്റിക് ട്രാന്‍സ്‍മിഷന്‍ പതിപ്പും വന്നേക്കും. ഇത് ഇന്ത്യയിലെത്താന്‍ ഇനിയും സമയമെടുക്കും. പുതിയ പ്രത്യേകതള്‍ കൊണ്ടുതന്നെ വിലയില്‍ 25,000 മുതല്‍ 30,000 രൂപ വരെ വര്‍ദ്ധനവുണ്ടാകാനാണ് സാധ്യത.