ഇനി പോലീസിനെ ലൈസന്‍സ് ഇങ്ങനെ കാണിച്ചാല്‍ മതി
ഡ്രൈവിംഗ് ലൈസന്‍സിന്റെയും വാഹന രജിസ്‌ട്രേഷന്‍, ഇന്‍ഷുറന്‍സ് രേഖകളുടെയും ഡിജിറ്റല്‍ പകര്‍പ്പുകള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം. കേന്ദ്ര ഗതാഗത മന്ത്രാലയം ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കി
ദില്ലി: വാഹന പരിശോധനയ്ക്ക് ഇടയിലും മറ്റും ഇനിമുതല്‍ ഡ്രൈവിംഗ് ലൈസന്‍സ്, ഇന്‍ഷുറന്‍സ് രേഖകള്‍ എന്നിവയുടെ ഡിജിറ്റല്‍ പതിപ്പ് കാണിച്ചാലും മതിയാകും. ഡ്രൈവിംഗ് ലൈസന്‍സിന്റെയും വാഹന രജിസ്‌ട്രേഷന്‍, ഇന്‍ഷുറന്‍സ് രേഖകളുടെയും ഡിജിറ്റല്‍ പകര്‍പ്പുകള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം. കേന്ദ്ര ഗതാഗത മന്ത്രാലയം ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കി.
യഥാര്‍ത്ഥ രേഖകള്‍ക്ക് നല്‍കുന്ന മൂല്യം തന്നെ ഡിജിലോക്കര്‍, എംപരിവാഹന്‍ എന്നീ സര്‍ക്കാര്‍ അംഗീകൃത ആപ്പുകളില്‍ സൂക്ഷിച്ചുവയ്ക്കുന്ന ഡിജിറ്റല്‍ പകര്‍പ്പുകള്‍ക്ക് നല്‍കുമെന്നാണ് വിജ്ഞാപനം. ഐ.ടി നിയമപ്രകാരം ഡിജിലോക്കറില്‍ നിന്നും എടുക്കുന്ന ഡിജിറ്റല്‍ പകര്‍പ്പുകള്‍ യഥാര്‍ത്ഥ രേഖകള്‍ക്ക് തുല്യമായി കണക്കാക്കാവുന്നതാണ്.
എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ഡിജിലോക്കര്‍, എംപരിവാഹന്‍ എന്നിവയിലൂടെ ലഭ്യമാകുന്ന രേഖകള്‍ പരിഗണിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. സേവനം ഉപയോഗിക്കുന്നതിന് ഉപയോക്താക്കള്‍ ഡിജിലോക്കര്‍, എംപരിവാഹന്‍ എന്നിവയില്‍ ഏതെങ്കിലും ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം ആധാര്‍ നമ്പരുമായി ബന്ധിപ്പിക്കണം.
തുടര്‍ന്ന് ബന്ധപ്പെട്ട രേഖകളും അനുബന്ധ വിവരങ്ങളും ആപ്പില്‍ സൂക്ഷിക്കാം. ട്രാഫിക് പോലീസോ മോട്ടോര്‍ വാഹന വകുപ്പ് അധികൃതരോ ആവശ്യപ്പെട്ടാല്‍ ഡിജിറ്റല്‍ രേഖകള്‍ കാണിച്ചാല്‍ മതിയാകും.