സീസൺ ടിക്കറ്റെടുക്കാന്‍ ഇനി മൊബൈൽ നമ്പറും രക്തഗ്രൂപ്പും നിർബന്ധം
സീസൺ ടിക്കറ്റുകളിൽ ഇനിമുതല്‍ യാത്രക്കാരുടെ മൊബൈൽ നമ്പറും രക്തഗ്രൂപ്പും നിർബന്ധമാക്കാന്‍ ഇന്ത്യന്‍ റെയില്‍വേ ഒരുങ്ങുന്നു
തിരുവനന്തപുരം: യാത്രക്കാരുടെ പ്രത്യേക ശ്രദ്ധയ്ക്ക്. സീസൺ ടിക്കറ്റുകളിൽ ഇനിമുതല്‍ യാത്രക്കാരുടെ മൊബൈൽ നമ്പറും രക്തഗ്രൂപ്പും നിർബന്ധമാക്കാന്‍ ഇന്ത്യന്‍ റെയില്‍വേ ഒരുങ്ങുന്നു. പേരും വയസ്സും മാത്രമാണ് ഇപ്പോഴുള്ളതെന്ന് ടിക്കറ്റ് പരിശോധകർ അറിയിച്ചതിനെത്തുടർന്നാണ് പുതിയ നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. സീസൺ ടിക്കറ്റിനൊപ്പം റെയിൽവേ നൽകുന്ന തിരിച്ചറിയൽ കാർഡ് കർശനമാക്കിയതിനു പിന്നാലെയാണ് പുതിയ നടപടി.
പുതുതായി സീസൺ ടിക്കറ്റ് എടുക്കുന്നവരും നിലവിലുള്ളവ പുതുക്കുന്നവരും മൊബൈൽ നമ്പറും രക്തഗ്രൂപ്പും നൽകണം. ഈ വിവരങ്ങൾ സെർവറിൽ രേഖപ്പെടുത്തിയാൽ മാത്രമേ സീസൺ ടിക്കറ്റ് പ്രിന്‍റ് ചെയ്യൂ. ടിക്കറ്റ് പരിശോധകർക്ക് യാത്രക്കാരന്റെ സമ്പൂർണ വിവരം ഇനി ഈ തിരിച്ചറിയൽ കാർഡിൽ കിട്ടും.
കാലാവധി അവസാനിക്കുന്നതിന് 10 ദിവസം മുമ്പ് സീസൺ ടിക്കറ്റ് കൗണ്ടർ വഴി എടുക്കാം. ഏഴുവർഷമാണ് ടിക്കറ്റിനൊപ്പമുള്ള തിരിച്ചറിയൽ കാർഡിന്റെ കാലാവധി. ഇതുകഴിഞ്ഞാൽ ഒരു രൂപയും ഫോട്ടോയും രേഖകളും സഹിതം അപേക്ഷിക്കണം. ജനസാധാരൺ ടിക്കറ്റ് സേവാകേന്ദ്രത്തില്‍ നിന്നും സീസൺ ടിക്കറ്റ് എടുക്കാം. റെയിൽവേ അവതരിപ്പിച്ച പുതിയ മൊബൈൽ ആപ്പായ യുടിഎസിലും സീസൺ ടിക്കറ്റ് കിട്ടും. ടിക്കറ്റ് പരിശോധകരെ മൊബൈൽ ആപ്പിലെ ഷോ ടിക്കറ്റ് കാണിച്ചാൽ മതി.