പ്രളയത്തില്‍ സൗജന്യവുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

പ്രളയക്കെടുതിക്കിടെ പ്രവാസികള്‍ ഉള്‍പ്പെടെയുള്ള മലയാളി യാത്രികര്‍ക്ക് ആശ്വാസവുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്.  ബുക്ക് ചെയ്തിരിക്കുന്ന ടിക്കറ്റുകള്‍ റദ്ദാക്കുന്നത് തീര്‍ത്തും സൗജന്യമാക്കുമെന്നും യാത്ര റദ്ദാക്കുന്നവര്‍ക്ക് മുഴുവന്‍ തുകയും തിരികെ ലഭിക്കുമെന്നും കമ്പനി പ്രഖ്യാപിച്ചു. 

Air india express face book post

തിരുവനന്തപുരം: പ്രളയക്കെടുതിക്കിടെ പ്രവാസികള്‍ ഉള്‍പ്പെടെയുള്ള മലയാളി യാത്രികര്‍ക്ക് ആശ്വാസവുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്.  ബുക്ക് ചെയ്തിരിക്കുന്ന ടിക്കറ്റുകള്‍ റദ്ദാക്കുന്നത് തീര്‍ത്തും സൗജന്യമാക്കുമെന്നും യാത്ര റദ്ദാക്കുന്നവര്‍ക്ക് മുഴുവന്‍ തുകയും തിരികെ ലഭിക്കുമെന്നും കമ്പനി പ്രഖ്യാപിച്ചു. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയത്. 

യാത്രാ തീയതി മാറ്റുന്നതും സെക്ടര്‍ മാറ്റുന്നതും പൂര്‍ണമായും സൗജന്യമായിരിക്കും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍നിന്ന് പുറപ്പെടുകയും ഇവിടേയ്ക്ക് വരികയും ചെയ്യുന്ന വിമാനങ്ങള്‍ക്ക് ഓഗസ്റ്റ് 26 വരെയാണ് ഈ സൗജന്യം ലഭിക്കുകയെന്നും പോസ്റ്റിലൂടെ കമ്പനി വ്യക്തമാക്കി.

കേരളത്തിലെ അതിരൂക്ഷമായ പ്രളയക്കെടുതിയില്‍ വെള്ളം കയറി നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളം അടച്ചിട്ടതോടെ നൂറുകണക്കിന് ആളുകളുടെ വിമാനയാത്രയും വെള്ളത്തിലായിരിക്കുകയാണ്. അവര്ർക്ക് ആശ്വാസമാകുകയാണ് കമ്പനിയുടെ പ്രഖ്യാപനം.

അതേസമയം വെള്ളപ്പൊക്കത്തെ തുടര്‍ന്ന് അടച്ചിട്ടിരിക്കുന്ന നെടുമ്പാശേരി വിമാനത്താവളം ശനിയാഴ്ചയും തുറക്കില്ല. റണ്‍വേയില്‍ കൂടുതല്‍ വെള്ളം കയറിയതിനാല്‍ ഈ മാസം 26ന് ഉച്ചയ്ക്ക് രണ്ട് വരെയാണ് വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കുന്നത്. ചെങ്ങൽ തോട്ടില്‍ ജലമൊഴുക്ക് കൂടുകയും വെള്ളം കയറുകയും ചെയ്തതോടെ റൺവേ കാണാത്ത വിധം പൂർണമായും വെള്ളത്തിൽ മുങ്ങിയ അവസ്ഥയിലാണ്.

വിമാനത്താവളം ശനിയാഴ്ച വരെ അടച്ചിടാനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍, സ്ഥിതിഗതികള്‍ വീണ്ടും മോശമായതോടെ പ്രവര്‍ത്തനം തുടങ്ങാന്‍ കഴിയാത്ത അവസ്ഥയാവുകയായിരുന്നു. ടെർമിനലിന് ഉള്ളിലേക്ക് വെള്ളം കയറാതിരിക്കാൻ ചാക്കുകളിൽ മണൽ നിറച്ചു വിരിക്കുകയാണ് ജീവനക്കാർ. സ്ഥിതിഗതികൾ പൂർവസ്ഥിതിയിലാകാൻ കൂടുതൽ ദിവസമെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതാണ് തുറക്കാനുള്ള തീരുമാനം നീട്ടിയത്. ടെർമിനലിന്റെ പ്രവേശന ഭാഗവും കാർ പാർക്കിങ് ഏരിയായും പ്രധാന സൗരോർജ പ്ലാന്റുമൊക്കെ വെള്ളത്തിൽ മുങ്ങിയ നിലയിലാണ്. തുടര്‍ച്ചയായ കനത്തമഴയുള്ളതിനാലും പ്രദേശമാകെ വെള്ളത്തിൽ മുങ്ങിയിരിക്കുന്നതിനാലും വെള്ളം പമ്പ് ചെയ്തു കളയാനും സാധിക്കുന്നില്ല.

ഡാമുകൾ തുറന്നിരിക്കുന്നതിനാൽ പെരിയാറിലെ വെള്ളപ്പൊക്കത്തിനും കുറവില്ല. ഇതോടെ വിദേശത്ത് പോകേണ്ടവരും വിദേശത്തുനിന്ന് നാട്ടിലേക്കു വരുന്നവരും യാത്രയിൽ മാറ്റം വരുത്തേണ്ടി വരും. നെടുമ്പാശേരിയിൽ നിന്നുള്ള 35 സർവ്വീസുകൾ നിലവില്‍ തിരുവനന്തപുരത്തേക്ക് മാറ്റിയിരുന്നു. മൂന്നു ഹജ്ജ് വിമാനങ്ങളും തലസ്ഥാനത്തു നിന്നാണ് പുറപ്പെടുക.

Latest Videos
Follow Us:
Download App:
  • android
  • ios