ടയറുകളുടെ ആയുസ്സ് കൂട്ടാന്‍ 10 എളുപ്പ വഴികള്‍
സൗന്ദര്യവല്‍ക്കരണമൊന്നും നടത്തിയില്ലെങ്കിലും നിത്യവും ചക്രങ്ങള്‍ പരിശോധിക്കുന്നത് ചക്രത്തിന്‍റെ മാത്രമല്ല വാഹനത്തിന്റെയും ഒപ്പം ഉടമയുടെയും ആയുസ്സ് കൂട്ടും. ചക്രപരിചരണത്തിന് ഇതാ ചില പൊടിക്കൈകള്‍.
അധികം ഡെക്കറേഷനൊന്നും ആവശ്യമില്ലാത്ത വാഹനഭാഗമായതിനാലാവണം വാഹനങ്ങളെ പൊന്നുപൊലെ സൂക്ഷിക്കുന്ന പലരും വേണ്ടവിധം ശ്രദ്ധിക്കാന്‍ മറന്നു പോകുന്ന ഭാഗമാണ് ചക്രങ്ങള്‍. ടയറുകളെ വേണ്ടവിധം പരിശോധിക്കാനും പരിരക്ഷിക്കാനുമുള്ള ഈ മറവിക്കു പിന്നില്‍ അജ്ഞതയോ അലസതയോ ഒക്കെയാവും. സൗന്ദര്യവല്‍ക്കരണമൊന്നും നടത്തിയില്ലെങ്കിലും നിത്യവും ചക്രങ്ങള്‍ പരിശോധിക്കുന്നത് ചക്രത്തിന്‍റെ മാത്രമല്ല വാഹനത്തിന്റെയും ഒപ്പം ഉടമയുടെയും ആയുസ്സ് കൂട്ടും. ചക്രപരിചരണത്തിന് ഇതാ ചില പൊടിക്കൈകള്‍.
1. വലുപ്പവും നിലവാരവും
വാഹനത്തിന് കമ്പനി നിര്‍ദേശിച്ച വലുപ്പവും നിലവാരവുമുള്ള ചക്രങ്ങള്‍ മാത്രമേ ഘടിപ്പിക്കാവൂ. ഉന്നത നിലവാരമുള്ള ചക്രങ്ങളാണ് ഘടിപ്പിച്ചിട്ടുള്ളതെന്ന് ഉറപ്പാക്കുക.
2. കാലാവധി
ചക്രത്തില്‍ രേഖപ്പെടുത്തിയ കാലാവധി പ്രത്യേകം ശ്രദ്ധിക്കുക. കാലാവധി കഴിഞ്ഞ ചക്രങ്ങള്‍ ഒരുകാരണവശാലും ഉപയോഗിക്കരുത്. ഇത്തരം ചക്രങ്ങള്‍ക്കു തേയ്മാനം സംഭവിച്ചില്ലെങ്കില്‍ക്കൂടി അവയുടെ കരുത്തും ബലവും നഷ്ടമായിട്ടുണ്ടാകും
3. കാറ്റ് പരിശോധന
ചക്രത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകം കാറ്റാണ്. അതിനാല്‍ കാറ്റിന്റെ അളവ് കൃത്യമാണെന്ന് രണ്ടാഴ്ച കൂടുമ്പോള്‍ പരിശോധിച്ച് ഉറപ്പു വരുത്തുക. ചക്രം തണുത്തിരിക്കുമ്പോള്‍ മാത്രം കാറ്റിന്റെ അളവ് പരിശോധിക്കുക
4. അമിതഭാരം
വാഹനത്തില്‍ കയറ്റാവുന്ന ഭാരം സംബന്ധിച്ചുള്ള നിര്‍മ്മാതാക്കളുടെ നിബന്ധന പാലിക്കുക. താങ്ങാന്‍ കഴിയാത്ത ഭാരം വഹിച്ചുള്ള ഓട്ടം വാഹനങ്ങളുടെ ചക്രം പൊട്ടിത്തെറിക്കുന്നതിനിടയാക്കും. കാറ്റിന്റെ മര്‍ദ്ദം കൂടുന്നതും കുറയുന്നതും അപകടം ക്ഷണിച്ചു വരുത്തും. കൂടുതല്‍ ഭാരവുമായി ദൂരയാത്രയ്ക്ക് ഒരുങ്ങുകയാണെങ്കില്‍, ചക്രത്തില്‍ കുറച്ചധികം കാറ്റടിക്കുന്നത് നല്ലതാണ്. പക്ഷെ ചക്രത്തില്‍ രേഖപ്പെടുത്തിയതിനെക്കാള് കാറ്റ് അധികമാകാതിരിക്കാനും ശ്രദ്ധിക്കണം
5. വേഗപരിധി
ചക്രങ്ങളില്‍ രേഖപ്പെടുത്തിയ വേഗപരിധി നിര്‍ബന്ധമായും പാലിക്കുക
6. പരുക്കന്‍ ഡ്രൈവിംഗ്
ഓടിക്കുന്നയാളിന്റെ കയ്യിലിരിപ്പും ചക്രത്തിന്‍റെ ആയുസിനെ സ്വാധീനിക്കും. പെട്ടെന്ന് നിര്‍ത്തുമ്പോഴും മുന്നോട്ട് കുതിക്കുമ്പോഴുമൊക്കെ ചക്രത്തിന്റെ പുറംപാളികള്‍ പൊടിഞ്ഞ് തീരും. വളവുകളിലും തിരിവുകളിലും വേഗം കുറക്കുക. പാറക്കല്ലുകളിലൂടെ അമിതവേഗത്തില്‍ ഓടിക്കാതിരിക്കുക
7. വാല്‍വ്
ചക്രത്തിന്റെ വാല്‍വ് റബ്ബര്‍ അടപ്പ് കൊണ്ട് മൂടി വെക്കണം. പൊടിയും ചളിയും കയറി വാല്‍വ് അടയുന്നത് ഈ റബ്ബര്‍ അടപ്പുകള്‍ തടയും. ഇത്തരം എക്സട്രാ റബ്ബര്‍ അടപ്പുകള്‍ എപ്പോഴും വാഹനത്തില്‍ കരുതുക
8. അലൈന്മെന്റ് പരിശോധന
ചക്രങ്ങളുടെ അലൈന്മെന്റ് യഥാസമയം പരിശോധിക്കുക. അലൈന്‍മെന്‍റിലെ മാറ്റം ചക്രങ്ങളുടെ ആയുസും വാഹനത്തിന്റെ ഇന്ധന ക്ഷമതയും കുറക്കും
9. ചക്രങ്ങള്‍ പരസ്പരം മാറ്റിയിടുക
ചക്രങ്ങള്‍ പരസ്പരം മാറ്റിയിടുന്നത് അവയുടെ ആയുസ്സ് കൂട്ടും. ഏകദേശം ഓരോ 12,000 കിലോമീറ്ററിനും 17,500 കിലോ മീറ്ററിനും ഇടയില്‍ ചക്രങ്ങള്‍ സ്ഥാനം മാറ്റിയിടാവുന്നതാണ്
10. വിദഗ്ധ തൊഴിലാളികളുടെ സേവനം
ചക്രം സ്വയം മാറ്റിയിടരുത്. അതിന് വിദഗ്ദ തൊഴിലാളികളുടെ സേവനം ഉറപ്പുവരുത്തുക. അല്ലാത്ത പക്ഷം ചക്രത്തിന്‍റെ പെട്ടെന്നുള്ള നാശവും അപകടവും ഉറപ്പാണ്