സുരക്ഷിതമാക്കാം മഴക്കാല യാത്രകള്‍; ഡ്രൈവര്‍മാര്‍ ശ്രദ്ധിക്കേണ്ട 11 കാര്യങ്ങള്‍

താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് അപകടം ഒഴിവാക്കുവാന്‍ സഹായിക്കുമെന്ന് എംവിഡി.

important rainy season driving tips for drivers joy

മഴക്കാല യാത്രകള്‍ സുരക്ഷിതമാക്കാന്‍ ഡ്രൈവര്‍മാര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പങ്കുവച്ച് മോട്ടോര്‍ വാഹനവകുപ്പ്. മഴക്കാലത്ത് കഴിയുന്നതും യാത്രകള്‍ ഒഴിവാക്കുക എന്നതാണ് ഉത്തമം. എന്നാല്‍ ഒഴിവാക്കാന്‍ കഴിയാത്ത സാഹചര്യങ്ങളില്‍ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് അപകടം ഒഴിവാക്കുവാന്‍ സഹായിക്കുമെന്ന് എംവിഡി അറിയിച്ചു. റോഡിലെ വെള്ളക്കെട്ടിന് മുകളിലൂടെ വേഗത്തില്‍ വാഹനം ഓടിക്കരുത്. അത് അപകടകരമായ ജലപാളി പ്രവര്‍ത്തനം അഥവാ അക്വാപ്ലെയിനിംഗ് എന്ന പ്രതിഭാസത്തിന് കാരണമായേക്കാമെന്ന് എംവിഡി മുന്നറിയിപ്പ് നല്‍കി. 

മഴ പെയ്തു കൊണ്ടിരിക്കുമ്പോള്‍ മറ്റ് വാഹനങ്ങളില്‍ നിന്ന് അകലം പാലിച്ച് ഓടിക്കണം. മുന്നില്‍ പോകുന്ന വാഹനങ്ങളില്‍ നിന്ന് തെറിക്കുന്ന ചെളിവെള്ളം വീന്‍ഷീല്‍ഡില്‍ അടിച്ച് കാഴ്ചയ്ക്ക് അവ്യക്തതയുണ്ടാകും. മാത്രമല്ല, ഈര്‍പ്പം മൂലം ബ്രേക്കിംഗ് ക്ഷമത പൊതുവെ കുറയുമെന്നതിനാല്‍ മുന്നിലെ വാഹനം പെട്ടെന്ന് നിര്‍ത്തുമ്പോള്‍ നമ്മുടെ വാഹനം നില്‍ക്കണമെന്നില്ലെന്നും മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു.

ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍ ഇങ്ങനെ: 
1. വെള്ളം കവിഞ്ഞൊഴുകുന്ന പാലങ്ങളിലൂടെയൊ റോഡിലൂടെയാ ഡ്രൈവ് ചെയ്യരുത്.
2. ശക്തമായ മഴയത്ത് മരങ്ങളൊ മറ്റ് ഇലക്ട്രിക് ലൈനുകളോ ഇല്ലാത്ത റോഡ് അരികില്‍ ഹാസാര്‍ഡസ് വാണിംഗ് ലാംപ് ഓണ്‍ ചെയ്ത് സുരക്ഷിതമായി പാര്‍ക്ക് ചെയ്യുക.
3. മഴക്കാലത്ത് സഡന്‍ ബ്രേക്കിംഗ് ഒഴിവാക്കുന്ന രീതിയില്‍ വാഹനം ഓടിക്കുന്നത് വാഹനം തെന്നിമാറുന്നത് ഒഴിവാക്കും.
4. മഴക്കാലത്ത് പാര്‍ക്ക് ചെയ്യുമ്പോള്‍ മരങ്ങളുടെ കീഴിലോ മലഞ്ചെരുവിലോ ഹൈ ടെന്‍ഷന്‍ ലൈനുകളുടെ താഴെയോ ആകാതിരിക്കാന്‍ ശ്രദ്ധിക്കുക. 
5. വെള്ളക്കെട്ടിലൂടെ പോകേണ്ടി വരുമ്പോള്‍ ഫസ്റ്റ് ഗിയറില്‍ മാത്രം ഓടിക്കുക. ഈ അവസരത്തില്‍ വണ്ടി നില്‍ക്കുകയാണെങ്കില്‍ ഒരു കാരണവശാലും വീണ്ടും സ്റ്റാര്‍ട്ട് ചെയ്യാതെ വണ്ടിയില്‍ നിന്നും ഇറങ്ങി തള്ളി മാറ്റാന്‍ ശ്രമിക്കണം. 
6. ബ്രേക്കിനകത്ത് വെള്ളം കയറുകയാണെങ്കില്‍ കുറച്ച് ദൂരത്തേക്ക് ബ്രേക്ക് പതിയെ ചവിട്ടിക്കൊണ്ട് ഫസ്റ്റ് ഗിയറില്‍ തന്നെയോടിക്കാം. അതിനുശേഷം ബ്രേക്ക് ചെറുതായി ചവിട്ടി പിടിച്ച് കുറച്ച് ദൂരം ഓടിച്ചതിന് ശേഷം ഒന്നു രണ്ട് തവണ ഇടവിട്ട് ബ്രേക്ക് ചവിട്ടി കാര്യക്ഷമത ഉറപ്പ് വരുത്തണം.
7. വെള്ളത്തിലൂടെ കടന്ന് പോകുമ്പോള്‍ ഏസി ഓഫ് ചെയ്യുക.
8. മഴക്കാലത്ത് ട്രാഫിക് ബ്ലോക്ക് കൂടും, വേഗത കൂട്ടാതെ സമയം കണക്കാക്കി മുന്‍കൂട്ടി യാത്രതിരിക്കുക.
9. പാര്‍ക്ക് ചെയ്തിട്ടുള്ള വാഹനത്തില്‍ വെള്ളം കയറിയെങ്കില്‍ ഒരു കാരണവശാലും സ്റ്റാര്‍ട്ടാക്കാന്‍ ശ്രമിക്കരുത്. സര്‍വ്വീസ് സെന്ററില്‍ അറിയിക്കുക.
10. മഴക്കാലത്ത് ഗൂഗിളിനെ മാത്രം ആശ്രയിച്ച് വാഹനം ഓടിക്കുന്നത് ഒഴിവാക്കുക.
11. വാഹനത്തിന്റെ ടയര്‍ അടക്കമുള്ള ഭാഗങ്ങളും, ഇലക്ട്രിയ്ക്കലും മെക്കാനിക്കലുമായ ഭാഗങ്ങളുടെ ക്ഷമത ഉറപ്പ് വരുത്തുകയും ചെയ്യുക.


കണ്ണുകെട്ടി ചെസ്സ്‍ബോർഡ് ക്രമീകരിക്കാമോ? അതും 46 സെക്കന്റിനുള്ളില്‍, ലോക റെക്കോർഡുമായി 10 വയസുകാരി 
 

Latest Videos
Follow Us:
Download App:
  • android
  • ios