വെറും വിനോദമല്ല വിദ്യാര്‍ത്ഥികളുടെ വിനോദ യാത്ര, എംവിഡി സര്‍ക്കുലര്‍ ഇങ്ങനെ!
പരിശോധനയില്‍ സ്പീഡ് ഗവർണർ ഘടിപ്പിക്കാത്ത വണ്ടികള്‍ക്ക് ആര്‍ടിഒ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കില്ലാ എന്നിരിക്കെയാണ് അപകടത്തില്‍പ്പെട്ട 'ലുമിനസ്' എന്ന ടൂറിസ്റ്റ് ബസ് 97.2 കിലോമീറ്റര്‍ വേഗതയില്‍ പാഞ്ഞത്.
വിദ്യാഭ്യാസ കാലത്തിനിടെയില്‍ ഒരു തവണയെങ്കിലും വിനോദ യാത്രയ്ക്ക് പോകാത്തവര്‍ വളരെ ചുരുക്കമാകും. വിദ്യാലയങ്ങളില്‍ നിന്നും വിനോദയാത്ര തീരുമാനിച്ച് ഉടനെ തന്നെ ബസ് ബുക്ക് ചെയ്ത് അങ്ങനെയങ്ങ് വിനോദ യാത്രയ്ക്ക് പോകാന്‍ പറ്റില്ല. അതിന് യാത്രപോകുന്ന ബസുകളും സ്കൂള്‍ / കോളേജുകളും ചില നിയന്ത്രണങ്ങളും നിയമങ്ങളും പാലിക്കേണ്ടതുണ്ട്. വടക്കഞ്ചേരിയില്‍ ഇന്നലെ അര്‍ദ്ധരാത്രിയിലുണ്ടായ അപകടത്തെ തുടര്‍ന്ന് ഒമ്പത് ജീവനുകളാണ് പൊലിഞ്ഞത്. അതില്‍ അഞ്ച് പേര്‍ വിദ്യാര്‍ത്ഥികളാണ്. നിരവധി പേരുടെ നില ഗുരുതരമായി തുടരുന്നു. ഇതിനിടെയാണ് മോട്ടോര്‍ വാഹന വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ആയ ഡോ. ജോതിരാജ് എം പുറത്തിറക്കിയ സര്‍ക്കുലര്‍ വീണ്ടും ചര്‍ച്ചയാകുന്നത്.
അപകടത്തെ തുടര്‍ന്ന് ഗതാഗത മന്ത്രി മാധ്യമങ്ങളെ കണ്ടപ്പോള്‍ ടൂറിസ്റ്റ് ബസിന്‍റെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന് പറഞ്ഞിരുന്നു. അപകടത്തില്‍പ്പെടുമ്പോള്‍ മണിക്കൂറില്‍ 97.2 കിലോമീറ്റര്‍ വേഗതയിലായിരുന്നു ബസ് സഞ്ചരിച്ചിരുന്നത്. ഇത് ദുരന്തത്തിന്‍റെ വ്യാപ്തി വര്‍ദ്ധിപ്പിച്ചു. ഇത്തരം ബസുകള്‍ക്ക് സ്പീഡ് ഗവണര്‍ വച്ച് വേഗത 60 കിലോമീറ്റര്‍ ആയി നിജപ്പെട്ടുത്തിയിട്ടുണ്ട്. പരിശോധനയില്‍ സ്പീഡ് ഗവർണർ ഘടിപ്പിക്കാത്ത വണ്ടികള്‍ക്ക് ആടിഒ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കില്ലാ എന്നിരിക്കെയാണ് അപകടത്തില്‍പ്പെട്ട 'ലുമിനസ്' എന്ന ടൂറിസ്റ്റ് ബസ് 97.2 കിലോമീറ്റര്‍ വേഗതയില്‍ പാഞ്ഞത്.
സംസ്ഥാനത്തെ വിവിധ കോളേജുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ പഠന യാത്ര / വിനോദ യാത്രയ്ക്കായി സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത കോണ്‍ട്രാക്ട് കാര്യേജ് വാഹനങ്ങള്‍ ഉണ്ടായോഗിക്കേണ്ടതാണെന്നും ഡോ. ജോതിരാജ് എം, കഴിഞ്ഞ ജൂലൈ മാസത്തിലിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. അനധികൃതമായി രൂപമാറ്റം വരുത്തിയതോ, ആഡംബര ലൈറ്റുകള്‍ ഘടിപ്പിച്ചിട്ടുള്ളതും അരോചകമായ ശബ്ദം പുറപ്പെടുവിക്കുന്ന ഓഡിയോ സിസ്റ്റം ഘടിപ്പിച്ചിട്ടുള്ളതുമായ കോണ്‍ട്രാക്ട് കാര്യേജ് വാഹനങ്ങള്‍ വിനോദ / പഠന യാത്രയ്ക്കായി ഉപയോഗിക്കരുതെന്നും സര്‍ക്കുലറില്‍ പ്രത്യേകം പറയുന്നു. അത്തരം വാഹനങ്ങള്‍ക്കെതിരെ മോട്ടോര്‍ വാഹനവകുപ്പിന്‍റെ നിയമ നടപടികള്‍ ഉണ്ടായിരിക്കുമെന്നും സര്‍ക്കുലര്‍ മുന്നറിയിപ്പ് നല്‍കുന്നു. എന്നാല്‍, ഇന്നലെ എറണാകുളം വെട്ടിക്കൽ ബസേലിയോസ് വിദ്യാനികേതൻ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ വിനോദ യാത്രയ്ക്കായി ഉപയോഗിച്ച വാഹനത്തില്‍ ഈ നിയമങ്ങളെല്ലാം കാറ്റില്‍പ്പറത്തിയിരുന്നു. സ്പീഡ് ഗവര്‍ണര്‍ നീക്കം ചെയ്ത വാഹനം ആഡംബര ലൈറ്റുകളും ഫ്ലാഷ് ലൈറ്റും മറ്റ് ശബ്ദ സംവിധാനങ്ങളും ഉപയോഗിച്ചിരുന്നു. ഇതെല്ലാം തന്നെ മോട്ടോര്‍ വാഹന നിയമത്തിന് എതിരാണ്. ഇത് സംബന്ധിച്ച് നേരത്തെ ഈ ബസിനെതിരെ എടുത്ത കേസ് നിലവിലുണ്ട്.
കൂടാതെ ഇത്തരം പഠന / വിനോദ യാത്രകള്‍ക്ക് പോകുന്ന കുട്ടികളുടെ രക്ഷകര്‍ത്താക്കളില്‍ നിന്ന് അനുമതി വാങ്ങിയിട്ടുണ്ടെന്ന് അതത് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രിന്‍സിപ്പല്‍മാര്‍ ഉറപ്പ് വരുത്തണമെന്നും സര്‍ക്കുലര്‍ പറയുന്നു. ഇതൊക്കെ പുറമേ പഠന / വിനോദ യാത്ര ആരംഭിക്കുന്നതിന് മുമ്പ് തന്നെ ബന്ധപ്പെട്ട റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ / ജോയിന്‍റ് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍മാരെ വിനോദ / പഠന യാത്ര സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കേണ്ടതും യാത്രയ്ക്കുള്ള അനുമതി വാങ്ങേണ്ടതുമാണെന്നും സര്‍ക്കുലറില്‍ പറയുന്നു.
എന്നാല്‍, ഇന്ന് രാവിലെ മാധ്യമങ്ങളെ കണ്ട ഗതാഗത മന്ത്രി ആന്‍റണി രാജു പറഞ്ഞത്, സ്കൂള്‍ അധികൃതര്‍ ഇത്തരത്തില്‍ വിനോദ യാത്രയ്ക്ക് മുമ്പ് പ്രദേശത്തെ ആര്‍ടിയോയുമായി ബന്ധപ്പെട്ടിട്ടില്ലെന്നാണ്. ഒരേ സമയം ടൂറിസ്റ്റ് ബസും സ്കൂള്‍ അധികൃതരും നിയമം പാലിക്കാന്‍ തയ്യാറായിരുന്നില്ലെന്ന് ഇതില്‍ നിന്നും വ്യക്തമാണ്. ഇതിനെതിരെ നടപടിയുണ്ടാകുമെന്നും മന്ത്രി അറിയിച്ചു. ഇതിനൊക്കെ പുറമെ ബസ് ഓടിച്ചിരുന്ന ഡ്രൈവര്‍ വേളാങ്കണ്ണി യാത്ര കഴിഞ്ഞ് വന്നതിന് തൊട്ട് പുറകെ വിശ്രമമില്ലാതെയാണ് വിദ്യാര്‍ത്ഥികളുമായി ഊട്ടിക്ക് വിനോദ യാത്ര തിരിച്ചതും. അപകടത്തില്‍പ്പെട്ട ലുമിനസ് ടൂറിസ്റ്റ് ബസിനെതിരെ നിലവില്‍ മറ്റ് കേസുകളുണ്ട്. അനധികൃതമായി ലൈറ്റുകള്‍ ഘടിപ്പിച്ചതിനും കളേര്‍ഡ് ലൈറ്റുകള്‍ ഉപയോഗിച്ചതും എയര്‍ ഹോണ്‍ ഉപയോഗിച്ചതിനുമാണ് ലുമിനസിനെതിരെ കേസുകള്‍ നിലവിലുള്ളത്.
കൂടുതല്‍ വായനയ്ക്ക്: വടക്കഞ്ചേരി അപകടം: ടൂറിസ്റ്റ് ബസിന്‍റെ വേഗം 97.2 കി.മി, അപകട കാരണം അമിത വേഗതയെന്ന് മന്ത്രി