ബൈക്ക് യാത്രയിലെ ആരോഗ്യപ്രശ്‍നങ്ങള്‍, കാരണങ്ങളും പരിഹാരവും
ബൈക്ക് യാത്ര കൊണ്ട് ഒരുപാട് ഗുണങ്ങളുണ്ട്. സമയലാഭം തന്നെയാണ് അതില്‍ പ്രധാനം. എന്നാല്‍ തുടര്‍ച്ചയായുള്ള ബൈക്ക് യാത്രകള്‍ പലരിലും പല ആരോഗ്യ പ്രശ്‍നങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്. എന്തൊക്കെയാണ് അവയില്‍ പ്രധാന പ്രശ്നങ്ങളെന്നും അവയ്ക്കുള്ള പരിഹാരമെന്തെന്നും പരിശോധിക്കാം.
ബൈക്ക് യാത്ര കൊണ്ട് ഒരുപാട് ഗുണങ്ങളുണ്ട്. സമയലാഭം തന്നെയാണ് അതില്‍ പ്രധാനം. എന്നാല്‍ തുടര്‍ച്ചയായുള്ള ബൈക്ക് യാത്രകള്‍ പലരിലും പല ആരോഗ്യ പ്രശ്‍നങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്. എന്തൊക്കെയാണ് അവയില്‍ പ്രധാന പ്രശ്നങ്ങളെന്നും അവയ്ക്കുള്ള പരിഹാരമെന്തെന്നും പരിശോധിക്കാം.
നടുവേദന
ദിവസവും ബൈക്കില്‍ ദീര്‍ഘദൂരം യാത്ര ചെയ്യുന്ന 80 ശതമാനം പേരിലും നടുവേദനയും ഡിസ്‌ക് തേയ്മാനവും കാണുന്നുണ്ടെന്നാണ് വിദഗ്‍ധര്‍ പറയുന്നത്. ബൈക്ക് യാത്രകളിലുണ്ടാകുന്ന ചലനങ്ങള്‍ നട്ടെല്ലിലെ ലംബാര്‍ വെര്‍ട്ടിബ്ര എന്ന ഭാഗത്ത് നേരിട്ട് സമ്മര്‍ദമേല്‍പ്പിക്കും. അതുപോലെ നട്ടെല്ലിലെ കശേരുക്കള്‍ തമ്മില്‍ പരസ്പരം ഉരസുന്നത് തടയുന്ന ഡിസ്കുകളെയും തെറ്റായ ഇരിപ്പിലുള്ള ബൈക്കോടിക്കല്‍ പ്രതികൂലമായി ബാധിക്കുന്നു. ഇത്തരം യാത്രകള്‍ സ്ഥിരമാകുന്നതോടെ ഈ ഡിസ്‌കുകള്‍ പതിയെ പുറത്തേക്ക് തള്ളിവരും. അതോടെ സുഷുമ്‌നാ നാഡിയുള്‍പ്പെടെയുള്ള നാഡികള്‍ ഞെരുങ്ങുകയും കഠിനമായ നടുവേദനയുണ്ടാകുകയും ചെയ്യും.
നടുവേദനയുടെ ലക്ഷണങ്ങള്‍
- കാലിന്‍റെ പിന്നില്‍ നിന്നും തുടങ്ങുന്ന വേദന പെരുവിരല്‍ വരെ പടരാം
- സ്റ്റെപ്പുകള്‍ ഇറങ്ങുമ്പോഴും ഉണര്‍ന്നെണീക്കുമ്പോഴുമെല്ലാമുള്ള വേദന
- തിരിയുമ്പോഴും ചുമയ്ക്കുമ്പോഴുമുള്ള തീവ്ര വേദന
- നടുവേദന ശക്തമാണെങ്കില്‍ ദീര്‍ഘദൂര ബൈക്ക് യാത്ര നട്ടെല്ലിനെ ബാധിച്ചുതുടങ്ങി എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്
കഴുത്തും തോളും
ഈ ശരീര ഭാഗങ്ങളിലെ സന്ധികള്‍ക്കുള്ള കടച്ചിലാണ് പ്രധാന പ്രശ്നം. പലര്‍ക്കും ബൈക്ക് യാത്ര അവസാനിപ്പിച്ചാലും കുറച്ചുനേരത്തേക്ക് കഴുത്ത് തിരിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടാകും. ബൈക്ക് ഓടിക്കുമ്പോള്‍ ഹാന്‍ഡിലില്‍പിടിച്ച് നേരേനോക്കി കൂടുതല്‍ നേരം ഇരിക്കുന്നതിലൂടെ കഴുത്തിലെ കശേരുക്കളുടെ മുറുക്കം കൂടുന്നതു കാരണമാണ് ഇങ്ങനെ സംഭവിക്കുന്നത്.
ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഈ പ്രശ്‍നങ്ങളൊക്കെ ഒഴിവാക്കാം
- നടുനിവര്‍ത്തി നേരെയിരുന്ന് മാത്രം ബൈക്ക് ഓടിക്കുക
- കഴുത്ത് മുന്നിലേക്ക് നീട്ടിവെച്ചും മുന്നോട്ട് കുനിഞ്ഞിരുന്നും വണ്ടിയോടിക്കരുത് .
- ചെവികളും തോളും ഒരേ രേഖയില്‍ വരണം
- കാലുകള്‍ ഫുട്ട്‌റസ്റ്റില്‍ നേരെ വെച്ച് ഹാന്‍ഡിലില്‍ പിടിച്ചിരിക്കുക
- കുഴികള്‍ നിറഞ്ഞ റോഡിലൂടെ പതുക്കെ മാത്രം ഓടിക്കുക
- ദീര്‍ഘദൂരം തുടര്‍ച്ചയായി ബൈക്കില്‍ യാത്ര ചെയ്യരുത്.
- ലോങ് ഡ്രൈവില്‍ ചെറിയ ഇടവേളകളെടുത്ത് യാത്ര തുടരുക
കടപ്പാട് : ആരോഗ്യമാസിക