മാസവാടകയ്ക്ക് ഇനി ഫോക്സ്‌വാഗൻ ടൈഗൂൺ വീട്ടിലെത്തിക്കാം

മാസം 28000 രൂപ മുതലുള്ള വാടക പാക്കേജുകളാണ് ലഭ്യമാകുക എന്നാണ് റിപ്പോര്‍ട്ടുകള്‍. 24, 36, 48 മാസത്തേക്കാണ് വാഹനങ്ങൾ വാടകയ്ക്ക് നൽകുന്നത്. 

You can now bring the Volkswagen Tiguan home for a monthly rental

ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗണിന്റെ മിഡ്-സൈസ് എസ്‍യുവിയായ ടൈഗൂണിനെ അടുത്തിടെയാണ് വിപണിയിൽ അവതരിപ്പിക്കുന്നത്. രണ്ട് പെട്രോൾ എൻജിൻ വകഭേദങ്ങളുമായി എത്തുന്ന വാഹനത്തിന്റെ 10.50 ലക്ഷം രൂപ മുതൽ 17.50 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില

ഇപ്പോഴിതാ ഈ വാഹനം മാസ വാടകയ്ക്ക് നല്‍കുന്ന പദ്ധതിയുമായി എത്തിയിരിക്കുകയാണ് ഫോക്സ്‍വാഗണ്‍ എന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒറിക്സ് എന്ന കമ്പനിയുമായി സഹകരിച്ചാണ് ചെറു എസ്‍യുവി ടൈഗൂൺ മാസവാടക നൽകാൻ ഫോക്സ്‌വാഗൻ ഇന്ത്യയുടെ നീക്കം.

മാസം 28000 രൂപ മുതലുള്ള വാടക പാക്കേജുകളാണ് ലഭ്യമാകുക എന്നാണ് റിപ്പോര്‍ട്ടുകള്‍. 24, 36, 48 മാസത്തേക്കാണ് വാഹനങ്ങൾ വാടകയ്ക്ക് നൽകുന്നത്. ഫോക്സ്‍‌വാഗൻ രാജ്യത്തെ 30 ഷോറൂമുകളിലാണ് ഈ സൗകര്യം ലഭ്യമാക്കിയത്. ആദ്യ ഘട്ടമായി ദില്ലി എൻസിആർ, മുംബൈ, പുണെ, അഹമ്മദാബാദ്, ബെംഗളൂരു, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിലെ 30 ‍ഡീലർഷിപ്പുകളിലാണ് പദ്ധതി നടപ്പാക്കുക.

വാഹനത്തിന്റെ പരിപാലനചെലവ്, ഇൻഷുറൻസ്, 100 ശതമാനം ഓൺ ഫിനാൻസിങ് എല്ലാം ചേർന്നതാണ് മാസവാടക. ചെറു ഹാച്ച്ബാക്കായ പോളോ 16500 രൂപ വാടകയ്ക്കും സെ‍ഡാൻ വെന്റോ 27000 രൂപയ്ക്കും ടി റോക്ക് 59000 രൂപയ്ക്കുമാണ് ലഭിക്കുന്നത്. മാത്രമല്ല, എതുസമയവും ഉപഭോക്താവിന് വാഹനം അപ്ഗ്രേഡ് ചെയ്യാനും തിരിച്ചു നൽകാനും സാധിക്കുമെന്നും ഫോക്സ്‌വാഗൻ അറിയിച്ചു. ഇതേ പദ്ധതിക്ക് കീഴിൽ നേരത്തെ പോളോയും വെന്റോയും ടി റോക്കും ഫോക്സ്‌വാഗന്‍ മാസ വാടകയ്ക്ക് നല്‍കിയിരുന്നു.

അതേസമയം ഡൈനാമിക് ലൈൻ, പെർഫോമൻസ് ലൈൻ എന്നിങ്ങനെ രണ്ട് ശ്രേണിയിലാണ് ഫോക്സ്‌വാഗൺ ടൈഗൂൺ എത്തുന്നത്. ഡൈനാമിക് ലൈനിന് കീഴെ കംഫർട്ട്ലൈൻ, ഹൈലൈൻ, ടോപ്‌ലൈൻ എന്നിങ്ങനെ മൂന്ന് ട്രിം ലെവലിലും പെർഫോമൻസ് ലൈനിൽ ജിടി, ജിടി പ്ലസ് എന്നിങ്ങനെ രണ്ട് ട്രിം ലെവലിലുമാണ് എസ്‌യുവി വിപണിയിലെത്തിയിരിക്കുന്നത്.

എസ്.യു.വികള്‍ക്ക് അടിസ്ഥാനം ഒരുക്കുന്നതിനായി ഫോക്‌സ്‌വാഗണ്‍-സ്‌കോഡ കൂട്ടുകെട്ടില്‍ ഒരുങ്ങിയിട്ടുള്ള MBQ AO IN പ്ലാറ്റ്‌ഫോമിലാണ് ടൈഗൂണ്‍ നിര്‍മിച്ചിരിക്കുന്നത്. ഈ പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കി സ്‌കോഡയുടെ ആദ്യ വാഹനം കുഷാക്ക് മാസങ്ങള്‍ക്ക് മുമ്പ് ഇന്ത്യയില്‍ എത്തിയിരുന്നു.

രണ്ട് പെട്രോൾ എഞ്ചിനിലാണ് ഫോക്സ്‌വാഗൺ ടൈഗൂൺ വിപണിയിലെത്തിയിരിക്കുന്നത്. 115 ബിഎച്ച്പി പവറും 175 എൻഎം ടോർക്കും നിർമിക്കുന്ന 1.0 ലിറ്റർ, 3 സിലിണ്ടർ ടർബോ-പെട്രോൾ എൻജിൻ 6-സ്പീഡ് മാന്വൽ, 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിങ്ങനെ രണ്ട് ഗിയർബോക്‌സ് ഓപ്ഷനൊപ്പം ലഭിക്കും. 147 ബിഎച്ച്പി പവറും 250 എൻഎം ടോർക്കും നിർമിക്കുന്ന 1.5-ലിറ്റർ ടർബോ-പെട്രോൾ നാല് സിലിണ്ടർ എൻജിൻ 6-സ്പീഡ് മാന്വൽ, 7-സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ഗിയർബോക്‌സുകളിൽ ലഭിക്കും. 7-സ്പീഡ് ഡിസിടി ഗിയർബോക്‌സുള്ള പതിപ്പിന് ജിടി ബ്രാൻഡിങും ഉണ്ടായിരിക്കും.

Latest Videos
Follow Us:
Download App:
  • android
  • ios