ദേശീയപാത റെഡിയാകുന്നത് അതിവേഗം, ഇത്രയും ടോള്‍ പ്ലാസകള്‍; ടോളില്‍ കേരളത്തിന്‍റെ കീശ കീറുമോ?
കേരളത്തിലെ ദേശീയപാത നിർമ്മാണം പൂർത്തിയാകുമ്പോൾ ടോൾ പ്ലാസകൾ സ്ഥാപിക്കേണ്ടത് എവിടെയൊക്കെയെന്നുള്ള കാര്യത്തിൽ ഏകദേശം ധാരണ ആയതായാണ് വിവരം.
സംസ്ഥാനത്ത് വടക്ക് മുതല്‍ തെക്ക് വരെ ദേശീയപാതയുടെ നിർമ്മാണം ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. 2025 ഓടെ പാതയുടെ നിർമ്മാണം പൂർത്തിയാകുമെന്നാണ് ദേശീയപാത അതോറിറ്റി വ്യക്തമാക്കുന്നത്. ഒമ്പത് ജില്ലകളിലൂടെ 643.295 കിലോമീറ്റർ ദൈര്‍ഘ്യമുള്ളതായിരിക്കും പുതിയ സൂപ്പര്‍ റോഡ്. വിവിധ റീച്ചുകളാക്കി തിരിച്ചാണ് ഈ പാതയുടെ നിർമ്മാണം. ദേശീയപാതയ്ക്കായി 45 മീറ്റർ വീതിയിലാണ് സ്ഥലം ഏറ്റെടുത്തത്. 27 മീറ്റർ വീതിയിൽ അര മീറ്റർ മീഡിയനോടു കൂടിയ ആറുവരിപ്പാതയായിരിക്കും വരിക. ഇരുവശങ്ങളിലും ഏഴ് മീറ്റർ വീതിയുള്ള സർവീസ് റോഡുകളും ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ പുതിയ റോഡിന്‍റെ അന്തിമഘട്ടം പണികള്‍ പുരോഗമിക്കുന്നതോടെ സംസ്ഥാനത്ത് ടോൾ പിരിവിനെപ്പറ്റിയുള്ള ആശങ്കകളും ഉയര്‍ന്നുതുടങ്ങിയിട്ടുണ്ട്. അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം നിർവഹിച്ച ബംഗളുരു- മൈസൂർ എക്സ്പ്രസ് വേയിൽ കഴിഞ്ഞ ദിവസമാണ് ടോൾ പിരിവ് ആരംഭിച്ചത്. പിന്നാലെ കടുത്ത പ്രതിഷേധവും ഉയര്‍ന്നുകഴിഞ്ഞു. ഈ സാഹചര്യത്തിലാണ് കേരളത്തിന്‍റെ മുഖച്ഛായ മാറ്റുന്ന പുതിയ ദേശീയ പാതയും ടോള്‍ പ്ലാസകളുമൊക്കെ സജീവ ചര്‍ച്ചാ വിഷയമാകുന്നത്.
അഞ്ച് വർഷത്തിനകം രാജ്യത്ത് പെട്രോള്‍, ഡീസല്‍ ഉപയോഗം അവസാനിപ്പിക്കുമെന്ന് ഗഡ്‍കരി!
കേരളത്തിലെ ദേശീയപാത നിർമ്മാണം പൂർത്തിയാകുമ്പോൾ ടോൾ പ്ലാസകൾ സ്ഥാപിക്കേണ്ടത് എവിടെയൊക്കെയെന്നുള്ള കാര്യത്തിൽ ഏകദേശം ധാരണ ആയതായാണ് വിവരം. പുതിയ ദേശീയ പാതയിൽ 11 ഇടത്താണ് പുതിയ ടോൾ പ്ലാസകൾ തുറക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. തൃശൂർ മുതൽ കൊല്ലം അടക്കമുള്ള ജില്ലകളിൽ ടോൾ പ്ലാസകൾ നിർമ്മിക്കും. പാതയുടെ 50 മുതല്‍ 60 കി മി ദൈർഘ്യത്തിൽ ഒരു ടോൾ ബൂത്ത് എന്ന നിലയ്ക്കായിരിക്കും നിർമ്മാണം. എന്നാൽ ഇവ എവിടെയൊക്കെയായിരിക്കും നിർമ്മിക്കുകയെന്ന് ഇനിയും വ്യക്തമാക്കിയിട്ടില്ല.
ഇതോടെ സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കുന്നവരും പൊതുഗതാഗത സംവിധാനത്തെ ആശ്രയിക്കുന്നവരമൊക്കെ ടോൾ പിരിവ് നല്‍കേണ്ടി വരും. ബെംഗളുരു-മൈസൂരു അതിവേഗ പാതയിൽ കഴിഞ്ഞ ദിവസം മുതലാണ് ടോൾ പിരിവ് ആരംഭിച്ചത്. ഉയർന്ന ടോൾ നിരക്ക് മൂലം കർണാടകയിലെ പൊതുഗതാഗത സംവിധാനമായ കെഎസ്ആർടിസി തങ്ങളുടെ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചിരുന്നു.
കർണാടകയിലെ പുതിയ എക്സ്പ്രസ് വേയിൽ രണ്ട് ടോൾ പ്ലാസകളാണുള്ളത്. ബസുകൾക്ക് 460 രൂപയാണ് ഒരു വശത്തേക്ക് ടോളായി വാങ്ങുന്നത്. 24 മണിക്കൂറിനുള്ളിൽ മടക്കയാത്ര ചെയ്താൽ 690 രൂപ മതിയാവും. ബസിന്റെ പ്രതിമാസ പാസിന് 15,325 രൂപയാണ് ഈടാക്കുന്നത്. ഈ സാഹചര്യത്തിലാണ് ടിക്കറ്റ് നിരക്ക് 20 രൂപ വരെ ഉയർത്തിയത്. സരിഗെ ബസുകളിൽ യാത്ര ചെയ്യുന്നവരിൽ നിന്നും 15 രൂപയും രാജഹംസ ബസുകളിലെ യാത്രികരിൽ നിന്നും 18 രൂപയും മൾട്ടി ആക്സിൽ ബസുകളിലെ യാത്രികരിൽ നിന്നും 20 രൂപയുമാണ് അധികമായി വാങ്ങുക. അതിവേഗ പാതയിലൂടെ സഞ്ചരിക്കുന്നവരിൽ നിന്നു മാത്രമാണ് ഇത്തരത്തിൽ ഉയർന്ന നിരക്ക് ഈടാക്കുന്നതെന്ന് കര്‍ണാടക കെഎസ്ആർടിസി വ്യക്തമാക്കിയിട്ടുണ്ട്.
കേരളത്തിൽ ദേശീയപാത യാഥാർത്ഥ്യമാകുന്നതോടെ സ്വകാര്യ വാഹന ഉടമകളെയും പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നവരെയും ടോൾ പിരിവ് ഒരുപോലെ ബാധിക്കുമോയെന്നത് കണ്ടുതന്നെ അറിയണം. ദേശീയപാത 66 നിർമ്മാണം പൂർത്തിയാകുന്നതോടെ ബസുകളിലെ യാത്രാനിരക്ക് വർദ്ധിച്ചേക്കും എന്ന് സ്ഥീരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
ടോൾ പിരിവിന്റെ ചുമതല ദേശീയപാത അതോറിറ്റിക്കായിരിക്കും. നിർമ്മാണ തുക പൂർണമായും പിരിച്ചു കഴിഞ്ഞാൽ ടോൾനിരക്ക് 40 ശതമാനമായി കുറയ്ക്കും. പാതയുടെ അരികിൽ പെട്രോൾ പമ്പുമുതൽ വഴിയോര വിശ്രമ കേന്ദ്രം, ഷോപ്പിംഗ് മാൾ എന്നിവയും ലക്ഷ്യമിടുന്നുണ്ട്. കൊച്ചിയിൽ കുമ്പളത്ത് ഇത്തരത്തിൽ സ്ഥലം ഏറ്റെടുക്കാൻ ശ്രമം നടത്തിയെങ്കിലും എതിർപ്പ് ശക്തമായതിനാൽ താൽക്കാലികമായി പദ്ധതി മാറ്റിവയ്ക്കുകയായിരുന്നു.
പുതിയ ദേശീയപാത യാതാര്‍ത്ഥ്യമാകുന്നതോടെ മികച്ച റോഡിലൂടെ സഞ്ചരിക്കാം എന്നതും സമയവും ഇന്ധനവും ലാഭിക്കാൻ സാധിക്കും എന്നതും നേട്ടമാണ്. ഒപ്പം സുഖ സവാരിയും ലഭിക്കും. എന്നാൽ നിത്യവും യാത്ര ചെയ്യുന്നവർ ബസുകളെ ഒഴിവാക്കി ട്രെയിനിലേക്ക് മാറിയാൽ അത് കെ എസ് ആർ ടി സിക്കടക്കം തിരിച്ചടിയാകാനാണ് സാധ്യത.
അതേസമയം കര്‍ണാടകയില്‍ ടോള്‍ നിരക്കിനെതിരെ കനത്ത പ്രതിഷേധമാണ് ഉയരുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കേ സംസ്ഥാനത്തെ ദേശീയപാതകളിലെ ടോൾ പിരിവിനെതിരേ കാമ്പയിൻ തുടങ്ങാൻ കർഷക സംഘടനയായ കർണാടക രാജ്യ റൈത്ത സംഘ (കെ.ആർ.ആർ.എസ്.) തീരുമാനിച്ചിട്ടുണ്ട്. ടോൾ പിരിവിലുള്ള പ്രതിഷേധസൂചകമായി പുതിയ ബെംഗളൂരു-മൈസൂരു അതിവേഗപാതയിലൂടെ കെ.ആർ.ആർ.എസ് റാലി നടത്തും. കർണാടക സർവോദയ പക്ഷ പാർട്ടി നേതാക്കളായ യോഗേന്ദ്ര യാദവ്, എഴുത്തുകാരൻ ദേവന്നൂർ മഹാദേവ എന്നിവരുമായി മൈസൂരുവിൽ നടത്തിയ ചർച്ചയിലാണ് കാമ്പയിനും റാലിയും നടത്താൻ തീരുമാനിച്ചത്. റാലിയുടെ തീയതി പ്രഖ്യാപിച്ചിട്ടില്ല. ദേശീയപാതയിലൂടെ സഞ്ചരിക്കുന്ന പൊതുജനങ്ങളിൽനിന്ന് ടോൾ ഈടാക്കുന്ന രീതി ശരിയല്ലെന്നാണ് കെ.ആർ.ആർ.എസ്. അവകാശപ്പെടുന്നത്.
റോഡുകള്‍ തിളങ്ങുന്നു, യുപിക്ക് രാജയോഗം; യോഗി സാക്ഷാല്‍ ശ്രീകൃഷ്‍ണനെന്ന് ഗഡ്‍കരി!
മൈസൂരു വഴി കടന്നുപോകുന്ന ബെംഗളൂരു-ബണ്ഡ്‌വൽ ദേശീയപാത-275, കൊല്ലേഗൽ-കോഴിക്കോട് ദേശീയപാത-766, എന്നിവിടങ്ങളിൽ ടോൾ ഈടാക്കുന്നുണ്ട്. വാഹനങ്ങൾ വാങ്ങുമ്പോൾ സർക്കാർ നികുതി ഈടാക്കുന്നതിനാൽ റോഡ് നിർമിക്കേണ്ടത് സർക്കാരിന്റെ ചുമതലയാണെന്ന് കെ.ആർ.ആർ.എസ് പറയുന്നു.