എന്തൊക്കെയാണിവിടെ സംഭവിക്കുന്നത്?! മാരുതി എന്ന വന്മരം വീണു, നെഞ്ചുവിരിച്ച് പഞ്ച്! അവസാനിച്ചത് 40 വർഷത്തെ ഭരണം
മാരുതിയുടെ ജനപ്രിയ മോഡലുകളെ പിന്തള്ളി ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന പാസഞ്ചർ വാഹനമായി മാറി ടാറ്റയുടെ പഞ്ച് എസ്‌യുവി. 40 വർഷത്തിനിടെ ആദ്യമായിട്ടാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാർ എന്ന പദവി മാരുതി സുസുക്കിയുടെ ലോഗോ ഇല്ലാത്ത ഒരു മോഡലിന് ലഭിക്കുന്നത്.
മാരുതി സുസുക്കിയിൽ നിന്നുള്ള ജനപ്രിയ മോഡലുകളെ പിന്തള്ളി ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന പാസഞ്ചർ വാഹനമായി മാറി ടാറ്റയുടെ പഞ്ച് എസ്‌യുവി. 40 വർഷത്തിനിടെ ആദ്യമായിട്ടാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാർ എന്ന പദവി മാരുതി സുസുക്കിയുടെ ലോഗോ ഇല്ലാത്ത ഒരു മോഡലിന് ലഭിക്കുന്നത് എന്നതാണ് ശ്രദ്ധേയം. ടാറ്റ മോട്ടോഴ്‌സിൻ്റെ സബ്‌കോംപാക്റ്റ് എസ്‌യുവിയായ പഞ്ച്, മാരുതി സുസുക്കിയുടെ വാഗൺ ആർ, സ്വിഫ്റ്റ്, മാരുതി സുസുക്കി ബ്രെസ എന്നിവയെ പിന്തള്ളി 2024-ൽ രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറായി മാറി. പെട്രോൾ, പെട്രോൾ-സിഎൻജി, ഇലക്ട്രിക് എന്നിവയുൾപ്പെടെ വിപുലമായ പവർട്രെയിൻ ഓപ്ഷനുകളിൽ ലഭ്യമായ ടാറ്റ പഞ്ച് മാരുതി കാറുകൾക്കൊപ്പം ഹ്യുണ്ടായ് ക്രെറ്റയെ കൂടി പിന്തള്ളിയാണ് ഇന്ത്യൻ പാസഞ്ചർ വാഹന വിപണിയുടെ കിരീടം പിടിച്ചത്.
ടാറ്റ മോട്ടോഴ്‌സ് 2024-ൽ 2.02 ലക്ഷം യൂണിറ്റ് ടാറ്റ പഞ്ച് വിറ്റു, 1.91 ലക്ഷം യൂണിറ്റുകൾ വിറ്റ വാഗൺ ആറിനെ മറികടന്നു. 2024ൽ രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട അഞ്ച് കാറുകളിൽ മൂന്നെണ്ണവും എസ്‌യുവികളായിരുന്നു. പ്രീമിയം കാറുകളിലേക്കുള്ള ഇന്ത്യയുടെ മാറ്റം രാജ്യത്തെ ഏറ്റവും വലിയ താങ്ങാനാവുന്ന കാർ നിർമ്മാതാക്കളായ മാരുതി സുസുക്കിക്ക് ഒരു പരീക്ഷണമായി മാറുകയാണ്. പരിമിതമായ എസ്‌യുവി ഓപ്ഷനുകൾ, പ്രത്യേകിച്ച് 10 ലക്ഷത്തിന് മുകളിലുള്ള വില, മാരുതി സുസുക്കിയുടെ വിപണി വിഹിതത്തെ സ്വാധീനിച്ചു എന്നുവേണം കരുതാൻ.
ഈ രണ്ട് വാഹനങ്ങൾക്ക് പുറമെ എർട്ടിഗ, ബ്രെസ്സ, ഹ്യുണ്ടായ് ക്രെറ്റ എന്നിവ ആദ്യ 5 പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. ടാറ്റയുടെ ഈ വിൽപ്പനയിൽ ടാറ്റ പഞ്ച് സിഎൻജി 77 ശതമാനം സംഭാവന നൽകി, പഞ്ചിൻ്റെ സിഎൻജി വകഭേദത്തിൻ്റെ 1.20 ലക്ഷത്തിലധികം വാഹനങ്ങൾ വിറ്റു. ടാറ്റ പഞ്ചിൻ്റെ പ്രത്യേകത, കുറഞ്ഞ വിലയും മികച്ച ഫീച്ചറുകളും മാത്രമല്ല, നിങ്ങൾക്ക് നിരവധി എഞ്ചിൻ ഓപ്ഷനുകളും പഞ്ചിൽ ലഭിക്കും എന്നതാണ്. പെട്രോൾ, സിഎൻജി, ഇലക്‌ട്രിക് പതിപ്പുകളിലും നിങ്ങൾക്ക് ഇത് വാങ്ങാം. കുടുംബത്തിന് ബജറ്റ് സൗഹൃദവും സുരക്ഷിതവുമായ കാർ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ടാറ്റ പഞ്ച് ഒരു മികച്ച ഓപ്ഷനായി മാറുന്നു.
2021 ഒക്ടോബറിലാണ് ടാറ്റ പഞ്ച് അരങ്ങേറിയത്. നേരത്തെ ഈ എസ്‌യുവി ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന 10 കാറുകളുടെ പട്ടികയിൽ ഇടം നേടിയിരുന്നു, ഇപ്പോൾ ഇത് ഒന്നാം സ്ഥാനത്താണ്. ആക്ടി. ഇവി ആർക്കിടെക്ചറിൽ നിർമ്മിച്ച പഞ്ച് ഇവി ഈ വർഷം ടാറ്റ പുറത്തിറക്കി. ഇത് പഞ്ചിൻ്റെ വിൽപ്പന വർധിപ്പിച്ചു. ഈ എസ്‌യുവിയുടെ ആകെ 31 വകഭേദങ്ങളുണ്ട്. ടാറ്റ പഞ്ചിൻ്റെ പെട്രോൾ വേരിയൻ്റിനെക്കുറിച്ച് പറയുകയാണെങ്കിൽ, ഇതിന് 1.2 ലിറ്റർ എഞ്ചിൻ കരുത്ത് ലഭിക്കും. 5 സ്പീഡ് മാനുവൽ, 5 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് സൗകര്യമുണ്ട്. ഈ എസ്‌യുവി സിഎൻജി ഓപ്ഷനിലും വാങ്ങാം. 6.13 ലക്ഷം രൂപ മുതൽ 9.99 ലക്ഷം രൂപ വരെയാണ് ടാറ്റ മോട്ടോഴ്‌സിൻ്റെ പുതുക്കിയ മോഡലിൻ്റെ എക്‌സ്‌ഷോറൂം വില.