പാലോം പാലം നല്ല മേല്‍പ്പാലം, ട്രംപിന്‍റെ ബീസ്റ്റ് കടക്കണ നേരം...!

 ട്രംപിന്‍റെ യാത്രക്കിടെ അധികൃതരുടെ നെഞ്ചിടിപ്പേറ്റുകയാണ് ഒരുപാലം

What Happened Trump Beast On Agra Railway Over Bridge

ദില്ലി: അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ ഇന്ത്യാ സന്ദര്‍ശനം തുടങ്ങിക്കഴിഞ്ഞു. എന്നാല്‍ ട്രംപിന്‍റെ യാത്രക്കിടെ അധികൃതരുടെ നെഞ്ചിടിപ്പേറ്റുകയാണ് ഒരുപാലം. ആഗ്രയിലെ റെയില്‍വേ മേല്‍പ്പാലം ആണിത്. 

ഇന്ന് വൈകിട്ട് ട്രംപും ഭാര്യ മെലാനിയയും ആഗ്രയിലെ താജ് മഹല്‍ കാണാന്‍ പോകുന്നത് ഈ പാലത്തിനു മുകളിലൂടെയാണ്. പ്രസിഡന്‍റിന്‍റെ 6.4 ടണ്‍ ഭാരമുള്ള കാര്‍ ബീസ്റ്റിനും ഡസനോളം വരുന്ന അകമ്പടി വാഹനങ്ങള്‍ക്കും കടന്നു പോകാനുള്ള ശേഷി ഈ പാലത്തിനുണ്ടോ എന്നതാണ് പ്രശ്നം. ആഗ്ര വിമാനത്താവളത്തില്‍ നിന്ന് ട്രംപിനെയും ഭാര്യയെയും കൊണ്ടുപോകുന്നതും വരുന്നതും ഈ കാറിലാണ്. അത്യാധുനിക സുരക്ഷാ സംവിധാനങ്ങള്‍ ഘടിപ്പിച്ച കൂറ്റന്‍ കാറാണ് ബീസ്റ്റ്. കാറിന് അകമ്പടിയായി നിരവധി സുരക്ഷാ കാറുകളും സഞ്ചരിക്കും. അതിന് പുറമെ, ഇന്ത്യന്‍ സര്‍ക്കാര്‍ ഒരുക്കുന്ന സുരക്ഷാ വാഹനങ്ങളും ട്രംപിനെ അനുഗമിക്കുന്നുണ്ട്. അടിയന്തര സാഹചര്യത്തില്‍ ഉപയോഗിക്കാന്‍ പൂര്‍ണമായും വൈദ്യുതിയിലോടുന്ന ഒരു ബസ്‌ ആഗ്ര വികസന അതോറിറ്റിയുടെ കൈവശമുണ്ട്. എന്നാല്‍ ഇന്ന്  ഈ വൈദ്യുത ബസ് ഉപയോഗിക്കുന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല. 

What Happened Trump Beast On Agra Railway Over Bridge

നിലവില്‍ വിമാനത്താവളത്തില്‍ നിന്ന് താജ്‍മഹലിലേക്കുള്ള ചെറിയ വാഹനങ്ങള്‍ മാത്രമാണ് പാലത്തിലൂടെ കടന്നു പോയിരുന്നത്. കാറുകളുടെ തുടര്‍ച്ചയായുള്ള ഭാരം താങ്ങാന്‍ പാലത്തിന് ശേഷിയുണ്ടോ എന്നത് അധികൃതരെ വലക്കുന്നു. എന്നാല്‍ പാലത്തിന്റെ സ്ഥിതി സംബന്ധിച്ച വിവരങ്ങള്‍ ജില്ലാ ഭരണകൂടത്തെ അറിയിച്ചിട്ടുണ്ടെന്നും പാലം നന്നാക്കാനുള്ള അനുമതി തേടിയിട്ടുണ്ടെന്നും പിഡബ്ല്യുഡി എന്‍ജിനിയര്‍ സൂപ്രണ്ട് കഴിഞ്ഞ ദിവസങ്ങളില്‍ വ്യക്തമാക്കിയിരുന്നു.  അതേസമയം ട്രംപിന്റെ സുരക്ഷാ ടീമിന് ഈ റൂട്ടിലുള്ള പാലത്തിന്റെ വിഷയങ്ങളും മറ്റും അറിയാമെന്നും എന്തെങ്കിലും പ്രശ്‌നമോ എതിര്‍പ്പോ അവര്‍ ഉന്നയിച്ചിട്ടില്ലെന്നും ആഗ്ര കമ്മീണറും വ്യക്തമാക്കുന്നു. 

What Happened Trump Beast On Agra Railway Over Bridge

ഒപ്പം താജ്മഹല്‍ സന്ദര്‍ശനത്തിന് സുപ്രീം കോടതിയുടെ മാര്‍ഗനിര്‍ദേശങ്ങളും ട്രംപിന്‍റെ സന്ദര്‍ശനത്തെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. 1998ലെ സുപ്രീംകോടതി വിധി പ്രകാരം വൈദ്യുത വാഹനങ്ങളല്ലാത്ത മറ്റു വാഹനങ്ങള്‍ക്കൊന്നും തന്നെ താജ്മഹലിന് സമീപത്തേക്ക് പ്രവേശനമില്ല. ട്രംപിന്റെ ബിറ്റ്‌സ് പരമ്പരാഗത ഇന്ധന കാറാണ്. ഈ സാഹചര്യത്തില്‍ ട്രംപിന്റെ വാഹനം താജ്മഹല്‍ പരിധിയില്‍ കയറിയാല്‍ നിയമപ്രശ്‌നമുണ്ടാകുമോയെന്ന ആശയക്കുഴപ്പമാണ് പ്രാദേശിക ഭരണകൂടത്തിനിടയില്‍ നിലനില്‍ക്കുന്നത്.  
 

Latest Videos
Follow Us:
Download App:
  • android
  • ios