"ദേ പിന്നേം പെട്ടു.." സ്വത്തുക്കള്‍ മരവിപ്പിച്ച് റഷ്യൻ കോടതി, രാജ്യം വിടാനാകാതെ ജര്‍മ്മൻ വാഹനഭീമൻ!
റഷ്യ വിടാനുള്ള ജർമ്മൻ കാർ നിർമ്മാതാക്കളായ ഫോക്സ്‍വാഗണിന്‍റെ ശ്രമങ്ങൾക്ക് വീണ്ടും തിരിച്ചടി
റഷ്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാനുള്ള ജർമ്മൻ കാർ നിർമ്മാതാക്കളായ ഫോക്സ്‍വാഗണിന്‍റെ ഒരു വർഷത്തോളം നീണ്ട ശ്രമങ്ങൾക്ക് ഏറ്റവും പുതിയ തടസം. റഷ്യയിലെ എല്ലാ ഫോക്സ്‌വാഗൺ ആസ്‍തികളും ഒരു റഷ്യൻ കോടതി മരവിപ്പിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. വാങ്ങുന്നയാളെ കണ്ടെത്തുന്നതിൽ കാർ നിർമ്മാതാക്കൾ പരാജയപ്പെട്ടതിനെത്തുടർന്നാണ് റഷ്യൻ കോടതി ഫോക്സ്‍വാഗൺ സ്വത്തുക്കൾ മരവിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഉക്രെയിനിലെ സംഘർഷത്തിന്റെ പേരിൽ മോസ്‌കോയിൽ പാശ്ചാത്യ രാജ്യങ്ങൾ അഭൂതപൂർവമായ ഉപരോധം ഏർപ്പെടുത്തിയതിനെത്തുടർന്ന് ഫോക്‌സ്‌വാഗനും മറ്റ് വിദേശ കാർ നിർമ്മാതാക്കളും കഴിഞ്ഞ വർഷം മുതല്‍ റഷ്യയിലെ പ്രവർത്തനങ്ങൾ നിർത്തിവച്ചിരുന്നു. പ്രതിവർഷം 225,000 വാഹനങ്ങളുടെ ഉൽപ്പാദന ശേഷിയുള്ള കലുഗ നഗരത്തിലെ അതിന്റെ മുൻനിര പ്ലാന്റ് ഉൾപ്പെടെയുള്ള റഷ്യൻ ആസ്തികൾ വിൽക്കാൻ ഫോക്‌സ്‌വാഗൺ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു.
ഭീമൻ നഷ്‍ടത്തിലും എല്ലാം വിറ്റ് ജാപ്പനീസ് വാഹനഭീമൻ പടിയിറങ്ങുന്നു, കോളടിച്ച് റഷ്യൻ സര്‍ക്കാര്‍!
നിസ്‍നി നോവ്ഗൊറോഡിലെ ഫാക്ടറിയിൽ വാഹനങ്ങൾ നിർമ്മിക്കാൻ റഷ്യൻ വാഹന നിർമ്മാതാക്കളായ ഗാസുമായി ഫോക്‌സ്‌വാഗൺ കരാറിലേർപ്പെട്ടിരുന്നു, ഓഗസ്റ്റിൽ ഫോക്‌സ്‌വാഗൺ ഉൽപ്പാദന കരാർ അവസാനിപ്പിച്ചിരുന്നു. തുടര്‍ന്ന് റഷ്യൻ വിപണിയിൽ നിന്ന് പുറത്തുകടക്കാനുള്ള ഫോക്‌സ്‌വാഗന്റെ ശ്രമങ്ങൾ സ്വന്തം താൽപ്പര്യങ്ങളെ അപകടത്തിലാക്കുന്നുവെന്നും പറഞ്ഞ് അവസാനിപ്പിച്ച കരാറിന്മേൽ 15.6 ബില്യൺ റുബിളുകൾ (201.3 മില്യൺ ഡോളർ) നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഗാസ് കോടതിയില്‍ കേസ് ഫയല്‍ ചെയ്‍തിരുന്നു. ഗാസുമായുള്ള തർക്കം അവസാനിക്കുന്നതുവരെ റഷ്യയിലെ ഫോക്‌സ്‌വാഗന്റെ എല്ലാ ആസ്തികളും മരവിപ്പിക്കാനാണ് കഴിഞ്ഞ ദിവസം റഷ്യൻ കോടതി ഉത്തരവി്ടട്. ഇത് റഷ്യൻ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാനുള്ള ഫോക്‌സ്‌വാഗന്റെ ശ്രമങ്ങളെ കൂടുതൽ ബാധിച്ചു. വ്യവഹാരത്തിൽ ആശ്ചര്യപ്പെട്ടുവെന്നും അവരുടെ പങ്കാളിത്തം "പരസ്പരം സമ്മതിച്ച വ്യവസ്ഥകളിൽ അവസാനിച്ചു" എന്നും ഫോക്‌സ്‌വാഗന്റെ റഷ്യൻ അനുബന്ധ സ്ഥാപനം പറഞ്ഞു.
4,000-ത്തിലധികം ജീവനക്കാരുള്ള കലുഗയിലെ ഒരു പ്ലാന്റ് ഉൾപ്പെടെ, ഫോക്‌സ്‌വാഗൺ ഗ്രൂപ്പ് റസിന്റെ ഓഹരികൾ "വിശ്വസനീയമായ ഒരു റഷ്യൻ നിക്ഷേപകന്" വിൽക്കുന്നതിനുള്ള അനുമതിക്കായി റഷ്യൻ സ്റ്റേറ്റ് അധികാരികൾക്ക് അപേക്ഷിക്കുന്ന പ്രക്രിയയിലാണ് ഫോക്‌സ്‌വാഗൺ എന്നും കമ്പനി പറഞ്ഞു. വ്യവഹാരം ഇടപാട് വൈകിപ്പിക്കില്ലെന്ന് പ്രതീക്ഷിക്കുന്നതായും ഫോക്സ്‍വാഗണ്‍ പ്രസ്‍താവനയില്‍ കൂട്ടിച്ചേർത്തു.
പ്ലാന്‍റ് അടച്ചു, ഈ രാജ്യത്തെ കച്ചവടം പൂര്‍ണമായും പൂട്ടിക്കെട്ടി ഇന്നോവ മുതലാളി!
അതേസമയം കോടതി ഉത്തരവിനെ സംബന്ധിച്ച് അഭിപ്രായം പറയാൻ ഗാസ് വിസമ്മതിച്ചു. അഭിപ്രായത്തിനുള്ള അഭ്യർത്ഥനകളോട് റഷ്യയുടെ വ്യവസായ മന്ത്രാലയം പ്രതികരിച്ചില്ല. ഈ ആഴ്ച ആദ്യം, ഫോക്‌സ്‌വാഗൺ ഗ്രൂപ്പിന്റെ ഭാഗമായ ചെക്ക് കാർ നിർമ്മാതാക്കളായ സ്‌കോഡ ഓട്ടോ തങ്ങളുടെ റഷ്യൻ ആസ്തികൾ വിൽക്കുന്നതിനുള്ള കരാറിന്റെ അവസാന ഘട്ടത്തിലാണെന്ന് വ്യക്തമാക്കിയിരുന്നു.
മറ്റ് പ്രമുഖ പാശ്ചാത്യ കാർ നിർമ്മാതാക്കൾ റഷ്യൻ വിപണി വിട്ടുകഴിഞ്ഞു. കഴിഞ്ഞ വർഷം ഫ്രഞ്ച് കമ്പനിയായ റെനോ റഷ്യൻ വാഹന ബ്രാൻഡായ അവ്തൊവാസിലെ തങ്ങളുടെ കോടികള്‍ വിലയുള്ള ഭൂരിഭാഗം ഓഹരികളും ഒരു റഷ്യൻ സ്റ്റേറ്റ് സ്ഥാപനത്തിന് പ്രതീകാത്മകമായ ഒരു റൂബിളിന് വിറ്റിരുന്നു. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഉക്രെയ്‌നിലേക്ക് പതിനായിരക്കണക്കിന് സൈനികരെ അയക്കാനുള്ള മോസ്‌കോയുടെ തീരുമാനം ഏറ്റവും കൂടുതൽ ബാധിച്ചത് റഷ്യയിലെ വാഹന വ്യവസായത്തെയാണ്.
എല്ലാം വില്‍ക്കാൻ ഈ വണ്ടിക്കമ്പനിയും, 'ഓസിന്' കിട്ടാൻ കണ്ണുംനട്ട് ചൈനീസ്, റഷ്യന്‍ കമ്പനികള്‍!