രാജാവിനെന്ത് ക്യൂ, വന്ദേഭാരതിന് എന്ത് ക്രോസിംഗ്! കാത്തുക്കെട്ടി കിടക്കേണ്ടി വരുന്ന ചില 'പാസഞ്ചർ' ജീവിതങ്ങൾ

തിരുവനന്തപുരത്ത് നിന്നുള്ള വന്ദേഭാരത് വൈകിട്ട് മൂന്നേ മുക്കാലിന് യാത്ര തുടങ്ങിയാല്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകാം എന്ന് യാത്രക്കാർ ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും റെയില്‍വേ അധികൃതർ ഇത് കണ്ടില്ലെന്ന് നടിക്കുകയാണ്.

vande bharat train issue continues passengers facing huge crisis indian railway btb

കൊച്ചി: വന്ദേഭാരത് ആരംഭിച്ച ശേഷം ഏറ്റവും കൂടുതൽ പ്രതിസന്ധി നേരിടുന്നത് വൈകിട്ട് എറണാകുളത്ത് നിന്നും ആലപ്പുഴ നിന്നുമുള്ള പാസഞ്ചര്‍ ട്രെയിനുകളെ ആശ്രയിക്കുന്ന യാത്രക്കാരാണ്. എറണാകുളം കായംകുളം പാസഞ്ചറും ആലപ്പുഴ എറണാകുളം പാസഞ്ചറും പലപ്പോഴും പുറപ്പെടുന്നത് പോലും അര മണിക്കൂർ വൈകിയാണ്. ഇതിന് പുറമേയാണ് പല സ്റ്റേഷനുകളിൽ പിടിച്ചിടുന്നത്. തിരുവനന്തപുരത്ത് നിന്നുള്ള വന്ദേഭാരത് വൈകിട്ട് മൂന്നേ മുക്കാലിന് യാത്ര തുടങ്ങിയാല്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകാം എന്ന് യാത്രക്കാർ ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും റെയില്‍വേ അധികൃതർ ഇത് കണ്ടില്ലെന്ന് നടിക്കുകയാണ്.

ജോലി കഴിഞ്ഞ് എറണാകുളത്ത് നിന്ന് ആലപ്പുഴക്ക് പോകാന‍് ഭൂരിഭാഗം പേരും ആശ്രയിക്കുന്നത് കായംകുളം പാസഞ്ചറിനെയാണ്. വൈകിട്ട് ആറിന് തിരിക്കുന്ന പാസഞ്ചർ വന്ദേഭാരതിന് വഴിയൊരുക്കാനായി 6.05 നാക്കി. പക്ഷേ പലപ്പോഴും ഇത് കടലാസിലാണെന്ന് മാത്രം. സമയക്രമം പാലിക്കാതെ വന്ദേഭാരത് ഓടാന്‍ തുടങ്ങിയതോടെ മിക്കപ്പോഴും പാസഞ്ചർ പുറപ്പെടുന്നത് തന്നെ 6.45 കഴിയും. യാത്രക്കാര്‍ വന്‍ പ്രതിഷേധവുമായി രംഗത്ത് വന്നതോടെ പുറപ്പെടുന്ന സമയം 6.25 ആക്കി.

പക്ഷേ കുമ്പളത്തെത്തിയാല്‍ വന്ദേ ഭാരതിന് വേണ്ടി പിടിച്ചിടും. അതും 40 മിനിട്ട് വരെയാണ് കാത്തു കിടക്കേണ്ടത്. ഹസ്രത്ത് നിസമുദ്ദീനും രാജധാനിയും വൈകിയാലും കായംകുളം പാസഞ്ചറിലെ യാത്രക്കാര്‍ തന്നെ സഹിക്കണം. ഇതേ അവസ്ഥ തന്നെയാണ് ആലപ്പുഴ നിന്ന് വൈകിട്ട് 6.25 നുള്ള എറണാകുളം പാസഞ്ചറിന്‍റേതും. വന്ദേഭാരതിന് ഉള്‍പ്പെടെ കടന്നുപോകാന്‍ മിക്കപ്പോഴും ട്രെയിന‍് പുറപ്പെടുന്നത് തന്നെ ഏഴ് മണി കഴിഞ്ഞാണ്.

മറ്റു ട്രെയിനുകള്‍ വൈകിയാല്‍ അതനുസരിച്ച് വീണ്ടും വൈകും. ഇതിനൊരു പരിഹാര നിർദേശവും യാത്രക്കാരുടെ സംഘടനകള്‍ മുന്നോട്ട് വച്ചതാണ്. വൈകിട്ട് 4.05ന് തിരുവനന്തുപരത്ത് നിന്ന് തിരിക്കുന്ന വന്ദേ ഭാരത് മുന്നോട്ടാക്കി 3.45 ന് പുറപ്പെടുക. പാസഞ്ചര്‍ പഴയ സമയമായ വൈകിട്ട് ആറിന് തന്നെ പുറപ്പെടുക. അങ്ങിനയെങ്കില്‍ എല്ലാ ട്രെയിനകള്ക്കും സുഗമമായി പോകാം. പക്ഷേ അധികൃതര്‍ ഈ നിര്ദ്ദേശം മുഖവിലക്കെടുക്കുന്നില്ലെന്നാണ് പരാതി.

'കേരളത്തിലെ ഒരു പൊലീസ് സ്റ്റേഷനിൽ ആദ്യമായി കയറി, അവർ ചെയ്ത കാര്യങ്ങൾ!' ഹൃദയം തൊടുന്ന കുറിപ്പ്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios