എലിവേറ്റ് എസ്‍യുവി; മാരുതിക്കും ടൊയോട്ടയ്ക്കുമൊപ്പം കൊറിയൻ എതിരാളികള്‍ക്കും ഹോണ്ടയുടെ മറുപടി
മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര, ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ തുടങ്ങിയ കോംപാക്ട് എസ്‌യുവികളെ നേരിടും. ഒപ്പം കൊറിയൻ എതിരാളികളായ ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ് എന്നിവയ്‌ക്കുള്ള ഹോണ്ടയുടെ മറുപടി കൂടിയായിരിക്കും ഈ പുതിയ എസ്യുവി.
വർഷങ്ങൾക്ക് ശേഷം ഹോണ്ട കാർസ് ഇന്ത്യ തങ്ങളുടെ ആദ്യത്തെ കോംപാക്ട് എസ്‌യുവി രാജ്യത്ത് അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ഷാർപ്പ് ലുക്കിൽ നേരത്തെ ടീസ് ചെയ്യപ്പെട്ട പുതിയ എസ്‌യുവി അടുത്ത മാസം ആദ്യം ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര, ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ തുടങ്ങിയ കോംപാക്ട് എസ്‌യുവികളെ നേരിടും. ഒപ്പം കൊറിയൻ എതിരാളികളായ ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ് എന്നിവയ്‌ക്കുള്ള ഹോണ്ടയുടെ മറുപടി കൂടിയായിരിക്കും ഈ പുതിയ എസ്‌യുവി. എലിവേറ്റ് എന്ന് വിളിക്കപ്പെടാൻ സാധ്യതയുള്ള എസ്‌യുവിയുടെ ഔദ്യോഗിക ലോഞ്ച് ഈ വർഷാവസാനം നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വരാനിരിക്കുന്ന ഹോണ്ട എസ്‌യുവി ഇതിനകം ഇന്ത്യൻ റോഡുകളില്‍ നിരവധി തവണ പരീക്ഷണം നടത്തിയിട്ടുണ്ട്. പുതുതലമുറ സിറ്റി സെഡാന്റെ അതേ പ്ലാറ്റ്‌ഫോമിലായിരിക്കും എസ്‌യുവിയും. എലിവേറ്റ് എന്ന പേര് 2021 ൽ ഹോണ്ട കാർസ് ഇന്ത്യയിൽ രജിസ്റ്റർ ചെയ്‍തിരുന്നു. അവതരിപ്പിക്കുമ്പോൾ എസ്‌യുവിയുടെ ഔദ്യോഗിക നാമം എലിവേറ്റ് എന്നുതന്നെ ആയിരിക്കാനാണ് സാധ്യത.
ലോകമെമ്പാടും ഹോണ്ട വിൽക്കുന്ന സിആര്‍-വി മോഡലിനെ അടിസ്ഥാനമാക്കിയായിരിക്കും ഹോണ്ട എലിവേറ്റ് എസ്‌യുവിയുടെ രൂപകൽപ്പന . പുതിയ സിആര്‍-വി മോഡലുമായി സാമ്യമുള്ള വരാനിരിക്കുന്ന എസ്‌യുവിയുടെ ഒരു സ്‌കെച്ച് ഇമേജ് ഹോണ്ട നേരത്തെ പുറത്തുവിട്ടിരുന്നു. മുൻവശത്ത് വലിയ ഗ്രില്ലിനൊപ്പം മെലിഞ്ഞതും ഷാര്‍പ്പേറിയതുമായ എൽഇഡി ഹെഡ്‌ലൈറ്റ് യൂണിറ്റുകളുമായാണ് ഇത് വരുന്നത്. രേഖാചിത്രവും ഇതുവരെ ഓൺലൈനിൽ പങ്കിട്ട ചില വിവരങ്ങളും, എലിവേറ്റ് എസ്‌യുവിയുടെ മസ്‍കുലർ മുഖത്തെക്കുറിച്ചും പ്രബലമായ റോഡ് സാന്നിധ്യത്തെക്കുറിച്ചും സൂചന നൽകുന്നു. 16 ഇഞ്ചിൽ കുറയാത്ത ഒരു കൂട്ടം മൾട്ടി-സ്‌പോക്ക് അലോയ് വീലുകള്‍ ഈ എസ്‌യുവിക്ക് ലഭിക്കും. പുതിയ ഹോണ്ട എസ്‌യുവിയുടെ ഇന്റീരിയർ എന്താണ് വാഗ്ദാനം ചെയ്യുന്നതെന്ന് വ്യക്തമല്ല. എന്നിരുന്നാലും, മുൻവശത്ത് ഒരു ഭീമൻ ഡിജിറ്റൽ ഡിസ്‌പ്ലേ ലഭിക്കുമെന്ന് പുറത്തുവന്ന ചിത്രങ്ങള്‍ വെളിപ്പെടുത്തുന്നു. അത് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് യൂണിറ്റായി പ്രവർത്തിക്കും. ഡ്രൈവർ ഡിസ്പ്ലേ ഡിജിറ്റലിലും നൽകാനാണ് സാധ്യത.
ഹോണ്ട എലിവേറ്റ് എസ്‌യുവി 1.5 ലിറ്റർ പെട്രോൾ എഞ്ചിനുമായി വരാൻ സാധ്യതയുണ്ട്. പുതിയ തലമുറ ഹോണ്ട സിറ്റിയിൽ ഉപയോഗിക്കുന്ന 1.5 ലിറ്റർ ഫോർ സിലിണ്ടർ യൂണിറ്റ് തന്നെയായിരിക്കും ഇത്. ഈ എഞ്ചിൻ ഹോണ്ട സിറ്റിയില്‍ ഏകദേശം 120 ബിഎച്ച്പി കരുത്ത് ഉത്പാദിപ്പിക്കുന്നു. വരാനിരിക്കുന്ന എസ്‌യുവിക്ക് ഏകദേശം 110 ബിഎച്ച്‌പി ഔട്ട്‌പുട്ട് പ്രതീക്ഷിക്കാം. ഹോണ്ട അതിന്റെ ശ്രേണിയിൽ ഹൈബ്രിഡ് പവർട്രെയിനുകൾ തുടരാൻ സാധ്യതയുണ്ട്. സിറ്റി ഇ:എച്ച്ഇവിക്ക് ശേഷം, ഉയർന്ന വകഭേദങ്ങൾക്കായി എലവേറ്റ് എസ്‌യുവിയിലും ഹോണ്ടയ്ക്ക് അതേ സാങ്കേതികവിദ്യ അവതരിപ്പിക്കാൻ സാധിക്കും. ഇതിനകം തന്നെ അതിന്റെ മുൻനിര സിറ്റി സെഡാന്റെ ഭാഗമായ അഡാസ് ഫീച്ചറുകളും ഹോണ്ടയ്ക്ക് ചേർക്കാനാകും. ഈ സവിശേഷതകൾ കൊറിയൻ എസ്‌യുവികളെ നേരിടാൻ ഹോണ്ടയെ സഹായിക്കുക മാത്രമല്ല, മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര അല്ലെങ്കിൽ ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ എന്നിവയെ ലക്ഷ്യം വയ്ക്കാനും സഹായിക്കും . ഈ രണ്ട് എസ്‌യുവികളും ശക്തമായ ഹൈബ്രിഡ് പവർട്രെയിൻ വാഗ്ദാനം ചെയ്യുന്ന കോംപാക്റ്റ് സെഗ്‌മെന്റിലെ ആദ്യ മോഡലുകളാണ്.