"ഇത് യുപിയാണ്, നിയമം എല്ലാവര്‍ക്കും ഒരുപോലെ.." കാറില്‍ സ്റ്റിക്കറൊട്ടിച്ച ഇൻസ്‍പെക്ടര്‍ക്ക് എട്ടിന്‍റെ പണി!
വാഹനങ്ങളിൽ ജാതിയോ മതമോ സൂചിപ്പിക്കുന്ന സ്റ്റിക്കറുകൾ ഉപയോഗിക്കുന്നത് അടുത്തിടെ ഉത്തര്‍പ്രദേശില്‍ നിരോധിച്ചിരുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കര്‍ശന നിർദേശത്തെ തുടർന്നായിരുന്നു നടപടി. വാഹനങ്ങളിൽ ജാതി, മത സ്റ്റിക്കർ പതിച്ചതിന് വാഹന ഉടമകളിൽ നിന്ന് സംസ്ഥാനത്ത് പോലീസ് പിഴ ഈടാക്കാൻ തുടങ്ങിയിരുന്നു.
കാറിന്‍റെ പിറകില്‍ ജാതി സ്റ്റിക്കര്‍ ഒട്ടിച്ച് സഞ്ചരിച്ച പൊലീസ് ഇൻസ്‍പെക്ടറെ പിഴയടപ്പിച്ച് ട്രാഫിക്ക് പൊലീസ്. ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ ആണ് സംഭവം. തന്റെ കാറിൽ 'ഠാക്കൂർ സാഹിബ്' എന്ന് എഴുതിയ ഇൻസ്‌പെക്ടർ അംഗദ് സിംഗിനാണ് 3500 രൂപ ചലാൻ ലഭിച്ചത്. കഴിഞ്ഞ രണ്ട് ദിവസമായി, ഇൻസ്പെക്ടർ അംഗദ് സിംഗ് ഈ സ്റ്റിക്കറുമായി തന്‍റെ വാഗൺആർ കാർ ഓടിക്കുന്ന ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലാണ്. കാറിന്റെ പിന്നിലെ ഗ്ലാസില്‍ താക്കൂർ സാഹിബ് എന്ന് എഴുതിയിരിക്കുന്ന സ്റ്റിക്കര്‍ ഒട്ടിച്ചിരിക്കുന്നത് കാണാം.
വാഹനങ്ങളിൽ ജാതിയോ മതമോ സൂചിപ്പിക്കുന്ന സ്റ്റിക്കറുകൾ ഉപയോഗിക്കുന്നത് അടുത്തിടെ ഉത്തര്‍പ്രദേശില്‍ നിരോധിച്ചിരുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദേശത്തെ തുടർന്നായിരുന്നു നടപടി. വാഹനങ്ങളിൽ ജാതി, മത സ്റ്റിക്കർ പതിച്ചതിന് വാഹന ഉടമകളിൽ നിന്ന് സംസ്ഥാനത്ത് പോലീസ് പിഴ ഈടാക്കാൻ തുടങ്ങിയിരുന്നു.
എന്നിട്ടും ഇൻസ്‌പെക്ടർ അംഗദ് തന്റെ കാറിൽ 'ഠാക്കൂർ സാഹിബ്' എന്ന് എഴുതി കറങ്ങി നടക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് ദിവസം മുമ്പ് ഉന്നാവോയിൽ നിന്ന് സ്ഥലം മാറിയാണ് അംഗദ് സിംഗ് ലഖിംപൂർ ഖേരിയിലെത്തിയത്. അംഗദ് സിംഗ് റോഡിലൂടെ വാഹനമോടിക്കുമ്പോൾ ആരോ അയാളുടെ കാറിന്റെ ഫോട്ടോ എടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. ഇത് വൈറലായതിനെ തുടര്‍ന്നാണ് നടപടി.
ഫോട്ടോയും വീഡിയോയും ശ്രദ്ധയില്‍പ്പെട്ട ലഖിംപൂർ ട്രാഫിക് പോലീസ് ഇൻസ്‌പെക്ടർ അംഗദ് സിങ്ങിന്റെ കാറിന് 3500 രൂപ ചലാൻ നൽകി. ട്രാഫിക് നിയമങ്ങൾ സാധാരണക്കാരനായാലും പോലീസുകാരനായാലും എല്ലാവർക്കും ഒരുപോലെയാണെന്നും ചട്ടങ്ങൾ ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കും എന്നും ട്രാഫിക്ക് പൊലീസ് അധികൃതര്‍ വ്യക്തമാക്കി.
യുപിയിൽ, വാഹനത്തിന്റെ പുറകിൽ ജാതി വാചകം എഴുതിയ ഇത്തരം വാഹന ഉടമകൾക്ക് പോലീസ് തുടർച്ചയായി ചലാൻ നൽകുന്നുണ്ട്. വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് തെറ്റായി ഉപയോഗിക്കുക, പേരെഴുതി ഓടിക്കുക, ചുവപ്പ്-നീല ലൈറ്റുകൾ ദുരുപയോഗം ചെയ്യുക തുടങ്ങി നിരവധി വിഷയങ്ങളിൽ ഹൈക്കോടതിയുടെ നിർദേശത്തെ തുടർന്നാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. വർഷങ്ങളായി ഇക്കാര്യത്തില്‍ കർശന നടപടികളൊന്നും സ്വീകരിച്ചിരുന്നില്ല. ഇപ്പോൾ യോഗി സർക്കാരിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. നിയമപ്രകാരം, വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകളിൽ രജിസ്ട്രേഷൻ നമ്പറല്ലാതെ മറ്റൊന്നും എഴുതാൻ പാടില്ല. എംവി ആക്ടിൽ നിയമങ്ങൾ പാലിക്കാത്തതിന് ആദ്യ തവണ 500 രൂപയും രണ്ടാം തവണ 1500 രൂപയുമാണ് പിഴ. ഇതിനു പുറമെ നമ്പർ പ്ലേറ്റിൽ എഴുതുന്നതിന്റെ വലിപ്പത്തിനും നിയമമുണ്ട്.
ജാതി, മത സ്റ്റിക്കറുകൾ ഉപയോഗിക്കുന്ന കാർ ഉടമകൾക്ക് പിഴ ചുമത്തുന്നതിനൊപ്പം, കാറിന്‍റെ ചില്ലുകളിൽ ടിന്റ് ഫിലിമുകൾ ഉപയോഗിക്കുന്നതിനും പോലീസ് പിഴ ചുമത്തിയിട്ടുണ്ട്. നമ്പർ പ്ലേറ്റിൽ നമ്പർ അല്ലാതെ മറ്റെന്തെങ്കിലും എഴുതുന്നത് നിയമവിരുദ്ധമാണ്. ഉത്തർപ്രദേശിൽ ജാതി, മത ചിഹ്നങ്ങൾ ഉപയോഗിക്കുന്ന വാഹന ഉടമകൾക്ക് 1000 രൂപ പിഴയും നമ്പർ പ്ലേറ്റില്‍ സ്റ്റിക്കറൊട്ടിച്ച കാറുകൾക്ക് 5000 രൂപയുമാണ് പിഴ. കാറിന്റെ ഗ്ലാസുകളിലെ ബ്ലാക്ക് ഫിലിമിന് ആദ്യ തവണ 2,500 രൂപയും രണ്ടാമത്തെ തവണ 5,000 രൂപയോ അതിൽ കൂടുതലോ ആണ് പിഴ .
വിൻഡ്‌ഷീൽഡിലും ബമ്പറുകളിലും മറ്റ് വാഹന ഭാഗങ്ങളിലും ഗുർജാർ, ജാട്ട്, ക്ഷത്രിയ, യാദവ്, താക്കൂർ, ത്യാഗി തുടങ്ങിയ 'ജാതി മത' സ്റ്റിക്കറുകൾ പതിച്ച വാഹനങ്ങള്‍ വടക്കേ ഇന്ത്യയിൽ ഒരു സാധാരണ കാഴ്ചയാണ്. ഇത് ക്രമസമാധാന പ്രശ്‍നങ്ങളിലേക്ക് നയിക്കുന്നുവെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.