പുതിയൊരു നേട്ടം കൂടി കീശയിലാക്കി ടാറ്റയുടെ കീശ നിറച്ച മിടുക്കന്‍!
പുതിയൊരു നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ് നെക്സോണ്‍. രണ്ട് ലക്ഷം യൂണിറ്റ് നെക്‌സോണുകള്‍ ഇതുവരെ ടാറ്റ നിര്‍മിച്ചു വിറ്റതായി ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു
രാജ്യത്തെ പ്രമുഖ ആഭ്യന്തര വാഹന നിര്‍മ്മാതാക്കളായ ടാറ്റയുടെ മുഖച്ഛായ മാറ്റിയ വാഹനമാണ് നെക്സോണ്‍. 2017 സെപ്റ്റംബറിലാണ് ടാറ്റ ആദ്യ നെക്സോണിനെ വിപണിയില്‍ അവതരിപ്പിക്കുന്നത്. മാറ്റമില്ലാത്തെ ഡിസൈനില്‍ ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ ടാറ്റ അതെല്ലാം കാറ്റില്‍പ്പറത്തുന്ന ഡിസൈന്‍ മികവ് സ്വന്തമാക്കിയാണ് പുതിയ താരത്തെ പുറത്തിറക്കിയത്. മൂന്നരവർഷത്തോളം എടുത്തായിരുന്നു ടാറ്റ മോട്ടോഴ്‌സ് നെക്‌സോണിനെ കമ്പനി രൂപകല്‍പ്പന ചെയ്‍ത് അവതരിപ്പിച്ചത്.
17 ലക്ഷം കിലോമീറ്റര്‍ പ്രിലോഞ്ച് ടെസ്റ്റ് ഡ്രൈവ് നടത്തിയും മൈനസ് 20 മുതൽ പ്ലസ് 50 വരെയുള്ള കാലാവസ്ഥകളിൽ ഓടിച്ചും സമുദ്ര നിരപ്പുമുതൽ 18,000 അടി ഉയരെ വരെ ഓടിച്ചു കയറ്റിയുമൊക്കെ കർശനമായ പരീക്ഷണ നിരീക്ഷണങ്ങൾക്കു ശേഷമായിരുന്നു മൂന്നരവര്‍ഷങ്ങള്‍ക്കു മുമ്പ് നെക്‌സോൺ അന്തിമരൂപം പ്രാപിച്ചത്. അതിന്‍റെ ഗുണവും ഉണ്ടായി. എത്തി നാല് വര്‍ഷം തികയും മുമ്പേ നിരത്തിലും വിപണിയിലും സൂപ്പര്‍ഹിറ്റാണ് നെക്സോണ്‍.
ഇപ്പോഴിതാ പുതിയൊരു നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ് നെക്സോണ്‍. രണ്ട് ലക്ഷം യൂണിറ്റ് നെക്‌സോണുകള്‍ ഇതുവരെ ടാറ്റ നിര്‍മിച്ചു വിറ്റതായി ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പുണെയ്ക്കു സമീപത്തെ രഞ്ജന്‍ഗാവിലെ ടാറ്റ പ്ലാന്റില്‍നിന്ന് രണ്ട് ലക്ഷമെന്ന എണ്ണം തികഞ്ഞ വാഹനം പുറത്തിറക്കിയെന്നാണ് റിപ്പോർട്ട്. 2020 നവംബറിലാണ് ഒന്നര ലക്ഷം യൂണിറ്റ് എന്ന നാഴികക്കല്ല് നെക്‌സോണ്‍ മറികടന്നത്. കഴിഞ്ഞ ആറ് മാസത്തിനുള്ളിലാണ് പുതിയ 50,000 യൂണിറ്റ് നെക്‌സോണ്‍ നിര്‍മിച്ചത്.
നിലവില്‍ ടാറ്റ മോട്ടോഴ്‌സിന്റെ ബെസ്റ്റ് സെല്ലിംഗ് മോഡലുകളിലൊന്നാണ് നെക്‌സോണ്‍. പ്രതിമാസം ശരാശരി 6,000 മുതല്‍ 7,000 വരെ യൂണിറ്റ് നെക്‌സോണുകള്‍ വിറ്റുപോകുന്നുണ്ടെന്നാണ് കണക്കുകള്‍. ഫ്ളെയിം റെഡ്, ഫോലിയെജ് ഗ്രീന്‍, ഡേടോണ ഗ്രേ, കാല്‍ഗറി വൈറ്റ്, പ്യുര്‍ സില്‍വര്‍ എന്നീ അഞ്ച് നിറങ്ങളില്‍ മാത്രമാണ് ടാറ്റ നെക്സോണ്‍ ലഭിക്കുന്നത്. അടുത്തിടെ എസ്‌യുവിയുടെ ‘ടെക്ടോണിക് ബ്ലൂ’ കളര്‍ ഓപ്ഷന്‍ അവസാനിപ്പിച്ചിരുന്നു.
ടാറ്റ നെക്സോണ്‍ ഇപ്പോൾ 1.2 ലിറ്റര്‍ റെവോട്രോണ്‍ പെട്രോള്‍, 1.5 ലിറ്റര്‍ റെവോടോര്‍ക്ക് ഡീസല്‍ എന്നീ രണ്ട് എന്‍ജിന്‍ ഓപ്ഷനുകളിലാണ് ലഭിക്കുന്നത്. പെട്രോള്‍ എന്‍ജിന്‍ 118 ബിഎച്ച്പി കരുത്തും 170 എന്‍എം ടോര്‍ക്കുമാണ് പരമാവധി ഉല്‍പ്പാദിപ്പിക്കുന്നത്. പരമാവധി 108 ബിഎച്ച്പി കരുത്തും 260 എന്‍എം ടോര്‍ക്കുമാണ് ഡീസല്‍ എൻജിൻ പുറപ്പെടുവിക്കുന്നത്. 6 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ സ്റ്റാന്‍ഡേഡായി ഘടിപ്പിച്ചു. എഎംടി ഓപ്ഷണലാണ്.
ടാറ്റയുടെ മാത്രമല്ല ഇന്ത്യയുടെ തന്നെ യശസ് വാനോളം ഉയര്‍ത്തിയ വാഹനം കൂടിയാണ് നെക്‌സോൺ. ഗ്ലോബൽ NCAP നടത്തിയ ഇടി പരീക്ഷയില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ് സ്വന്തമാക്കിയാണ് നെക്സോണ്‍ രാജ്യത്തിന്‍റെ അഭിമാനമായത്. ഈ വർഷം ആദ്യമാണ് മലിനീകരണ നിയന്ത്രണത്തിൽ ബി എസ് 6 നിലവാരമുള്ള നെക്സോണ്‍ വിപണിയില്‍ എത്തിയത്. പിന്നാലെ 2020 സെപ്റ്റംബറില്‍ ഇന്ത്യയിൽ സൺറൂഫ് സഹിതം വിൽപനയ്ക്കെത്തുന്ന ഏറ്റവും വില കുറഞ്ഞ കാർ എന്ന പെരുമയും ടാറ്റ നെക്സോണ്‍ സ്വന്തമാക്കിയിരുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona