കാറില്‍ കുടുങ്ങിയ കുട്ടികള്‍ക്ക് ദാരുണാന്ത്യം; ഒഴിവാക്കാം ഇത്തരം അപകടങ്ങള്‍

കുട്ടികളെ കാറിനുള്ളില്‍ അബോധാവസ്ഥയില്‍ ചിലര്‍ കണ്ടതോടെയാണ് വിവരം പുറംലോകം അറിയുന്നത്. 

Two kids died in a locked car at Tamil Nadu

മണിക്കൂറുകളോളം കാറിനകത്ത് കുടുങ്ങിയ രണ്ട് കുട്ടികള്‍ ശ്വാസംമുട്ടി മരിച്ചു. തമിഴ്‍നാട്ടിലാണ് ഞെട്ടിക്കുന്ന സംഭവം. രണ്ട് മണിക്കൂറോളം കാറില്‍ കുടുങ്ങിയ ഏഴും നാലും വയസുള്ള പെണ്‍കുട്ടികളാണ് മരിച്ചത്. തമിഴ്‌നാട്ടിലെ കല്ലക്കുറിച്ചി ജില്ലയിലെ രാജേശ്വരി (7), വനിത (4) എന്നീ കുട്ടികളാണ് ദാരുണമായി മരിച്ചത്. 

അയല്‍ക്കാരായ കുട്ടികള്‍ വീടിന് മുന്നിലെ തെരുവില്‍ കളിക്കുന്നതിനിടെയാണ് സംഭവം. ഇവര്‍ കളിക്കുന്നതിന് സമീപം മറ്റൊരു അയല്‍വാസിയായ രാജ എന്നയാളുടെ കാര്‍ നിര്‍ത്തിയിട്ടിരുന്നു. കളിച്ചു കൊണ്ടിരിക്കുന്നതിനിടെ കുട്ടികള്‍ ഈ കാറിനകത്തേക്ക് കയറി. തുടര്‍ന്ന് ഇതിനകത്ത് കുടുങ്ങുകയായിരുന്നു. രണ്ട് മണിക്കൂറോളമാണ് കുട്ടികള്‍ കാറില്‍ കുടുങ്ങിയത്. 

കുട്ടികളെ കാറിനുള്ളില്‍ അബോധാവസ്ഥയില്‍ ചിലര്‍ കണ്ടതോടെയാണ് ഇവര്‍ കാറില്‍ കുടുങ്ങിയ വിവരം പുറംലോകം അറിയുന്നത്. നാട്ടുകാര്‍ ഉടന്‍ തന്നെ കുട്ടികളെ തിരുക്കോവിലൂര്‍ ജനറല്‍  ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ അപ്പോഴേക്കും കുട്ടികള്‍ മരിച്ചിരുന്നു. 

പൊലീസ് പറയുന്നത് ഈ കാര്‍ രണ്ട് വര്‍ഷം മുന്‍പ് ഒരു അപകടത്തില്‍പ്പെട്ടതാണെന്നും ഇതിനു ശേഷം ഉപയോഗിക്കാത്തതാണെന്നുമാണ്. ഈ കാറിന്റെ ഡോറുകള്‍ ഉള്ളില്‍ നിന്നും തുറക്കാന്‍ സാധിക്കില്ല എന്നും പുറത്തു നിന്ന് മാത്രമേ തുറക്കാന്‍ സാധിക്കൂ എന്നും പൊലീസ് പറയുന്നു. സംഭവത്തില്‍ ഇതുവരെ പരാതിയൊന്നും ലഭിച്ചില്ലെന്നും എന്നാല്‍ സ്വമേധയാ കേസെടുത്തതായും കാറിന്റെ ഉടമയെ ചോദ്യം ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കുന്നു. 

ഉപയോഗിക്കുന്നതോ ഉപേക്ഷിച്ചതോ ആകട്ടെ കാറിനുള്ളില്‍ കുട്ടികള്‍ ഒറ്റയ്ക്ക് അകപ്പെടുന്നതിന്‍റെ ഭീകരതയിലേക്ക് വിരല്‍ ചൂണ്ടുകയാണ് ഈ സംഭവം. പലപ്പോഴും പല രക്ഷിതാക്കളും കുട്ടികളെ കാറില്‍ പൂട്ടിയിട്ട് പുറത്തുപോകുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്ന കാലത്ത് പ്രത്യേകിച്ചും. അടുത്തകാലത്ത് മൂവാറ്റുപുഴയില്‍ ഒരു വയസുള്ള കുഞ്ഞിനെ കാറില്‍ ഇരുത്തിയ ശേഷം മാതാപിതാക്കള്‍ ഹോട്ടലില്‍ കയറിയ സംഭവം മലയാളികള്‍ ഞെട്ടലോടെയാണ് കേട്ടത്. തിരികെ വന്നപ്പോഴേക്കും ലോക്കായിപ്പോയ കാറിന്‍റെ ചില്ല് തകര്‍ത്താണ് ഒടുവില്‍ കുഞ്ഞിനെ രക്ഷിച്ചത്. 

കുട്ടികളെ വാഹനങ്ങളിൽ തനിച്ചിരുത്തി രക്ഷിതാക്കള്‍ പുറത്തേക്കു പോകുന്നതും ഇതുമൂലമുണ്ടാകുന്ന അപകടങ്ങളും അടുത്തകാലത്ത് വാര്‍ത്തകളില്‍ നിറയുകയാണ്. ലോകത്താകെ പലപ്പോഴും ഇത്തരം അനാസ്ഥകള്‍ കരുന്നുമരണങ്ങളില്‍ കലാശിക്കുന്ന വാര്‍ത്തകളും നമ്മള്‍ കേള്‍ക്കാറുണ്ട്. സംഭവത്തിന്‍റെ ഗൗരവം പല രക്ഷിതാക്കള്‍ക്കും അറിയാത്തതാണ് ഇതിനൊക്കെ കാരണം. ഈ അശ്രദ്ധയ്‍ക്കും അജ്ഞതയ്ക്കുമൊക്കെ വലിയ വില കൊടുക്കേണ്ടി വരും.

അവ എന്തൊക്കെയാണെന്ന് അറിഞ്ഞിരിക്കാം

കുഞ്ഞുങ്ങളെ വാഹനങ്ങളിൽ തനിച്ചാക്കി വാഹനം പൂട്ടി പുറത്തുപോകുമ്പോൾ കാറിനുള്ളില്‍ ആവശ്യമായ ഓക്സിജൻ ലഭിക്കില്ല. മാത്രമല്ല പൂട്ടിയിട്ട ഒരു കാറിനുള്ളില്‍ 10 മിനിട്ടിനുള്ളില്‍ 20 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് ഉണ്ടാകുന്നത്. ഒരു മണിക്കൂറിനുള്ളില്‍ ഇത് 40 ഡിഗ്രി ആയി ഉയരും. പുറത്തെ ചൂട് 70 ഡിഗ്രി ഫാരന്‍ ഹീറ്റിന് മുകളിലാണെങ്കില്‍ തന്നെ മനുഷ്യ ശരീരത്തിന് അപകടകരമാണ്. അപ്പോള്‍ മുതിര്‍ന്നവരുടെ ശരീരത്തേക്കാള്‍ മൂന്നുമുതല്‍ അഞ്ചിരട്ടിവരെ വേഗതയില്‍ ശരീരം ചൂടാകുന്ന കുഞ്ഞുങ്ങളുടെ ജീവന്‍ അപകടത്തിലാകാന്‍ അധികം സമയം വേണ്ടെന്നു ചുരുക്കം. ചൂടുമൂലമുണ്ടാകുന്ന സ്ട്രോക്ക് തലച്ചോറിനെ തകരാറിലാക്കിയാണ് ഇത്തരം ശിശുമരണങ്ങളിലധികവും സംഭവിക്കുന്നത്.

മാത്രമല്ല വാഹനത്തിനകത്ത് കുട്ടികളെ ഒറ്റയ്ക്കിരുത്തി പോകുമ്പോൾ, അബദ്ധത്തിൽ വാഹനം സ്റ്റാർട്ട് ആയാലുള്ള അപകട സാധ്യതയുമുണ്ട്. ഇത് വന്‍ദുരന്തത്തിന് ഇടയാക്കും. അപ്പോള്‍ അബദ്ധത്തില്‍ വാഹനങ്ങളിൽ കുട്ടികളെ ഒറ്റയ്ക്കിരുത്തി പുറത്തു പോകുന്ന രക്ഷിതാക്കള്‍ രണ്ടുവട്ടം ചിന്തിക്കുക. നിങ്ങളുടെ കുഞ്ഞിന്‍റെ വിലപ്പെട്ട ജീവനൊപ്പം അനേകരുടെ ജീവനും കൂടിയാവും നിങ്ങള്‍ അപകടത്തിലാക്കുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios