Asianet News MalayalamAsianet News Malayalam

മോട്ടോർ വാഹന വകുപ്പിന്റെ പുതിയ പരിഷ്കാരങ്ങൾ ഡിസംബർ മുതൽ; കുട്ടികൾക്ക് പ്രത്യേക സീറ്റില്ലെങ്കില്‍ 1000 രൂപ പിഴ

4 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് കാറുകളുടെ പിന്‍സീറ്റില്‍ പ്രായത്തിന് അനുസരിച്ച് ബെല്റ്റ് ഉള്‍പ്പടെയുള്ള പ്രത്യേക ഇരിപ്പിടം ഉറപ്പാക്കണമെന്നാണ് പുതിയ നിർദേശം. 4 മുതൽ 14 വയസ്സുവരെ കുട്ടികൾക്ക് ഇരുചക്ര വാഹനയാത്രയ്ക്ക് ഹെൽമറ്റും നിർബന്ധമാക്കിയിട്ടുണ്ട്.

Transport Commissioner says Rs 1000 fine  from December if not have Special seat in cars for children and  Helmet in bike details out
Author
First Published Oct 9, 2024, 12:40 PM IST | Last Updated Oct 9, 2024, 12:40 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് കാര്‍ യാത്രയിൽ കുട്ടികൾക്കുള്ള സുരക്ഷാ സീറ്റ് നിർബന്ധമാക്കുമെന്ന് ഗതാഗത കമ്മീഷണർ സി എച്ച് നാഗരാജു. 4-14 വരെ പ്രായമുള്ള കുട്ടികൾക്ക് കാറില്‍ ഡിസംബർ മുതൽ പ്രത്യേക മാതൃകയിലുള്ള സീറ്റില്ലെങ്കിൽ പിഴ ഈടാക്കി തുടങ്ങുമെന്നും ഗതാഗത കമ്മീഷണർ അറിയിച്ചു. സീറ്റില്ലെങ്കിൽ 1000 രൂപയാണ് പിഴ ചുമത്തുക. കുട്ടികളുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് പുതിയ തുടക്കം. കുട്ടികളുടെ സുരക്ഷ ചിന്തിക്കേണ്ടത് ഡ്രൈവർമാരും രക്ഷിതാക്കളുമാണ്. ടാക്സികളിൽ കുട്ടികളുടെ സീറ്റ് നിർബന്ധമാക്കുന്നതിൽ നിയമ ഭേദഗതി ആലോചിക്കുമെന്നും ഇതൊരു പുതിയ ഗതാഗത സംസ്കാരത്തിൻ്റെ തുടക്കമായി കാണണമെന്നും സി എച്ച് നാഗരാജു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കാറുകളിലും ഇരുചക്രവാഹനങ്ങളിലും യാത്ര ചെയ്യുന്ന കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതാണ് പുതിയ നിര്‍ദ്ദേശത്തിന്‍റെ ലക്ഷ്യം. നാല് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് കാറുകളുടെ പിന്‍സീറ്റില്‍ പ്രായത്തിന് അനുസരിച്ച്, ബെല്റ്റ് ഉള്‍പ്പടെയുള്ള പ്രത്യേക ഇരിപ്പിടം ഉറപ്പാക്കണമെന്നാണ് പുതിയ നിർദേശം. നാല് മുതല്‍ 14 വയസ് വരെയുള്ള, 135 സെന്‍റീ മീറ്ററിൽ താഴെ ഉയരവുമുള്ള കുട്ടികള്‍ കാറിന്റെ പിന്‍സീറ്റില്‍ ചൈല്‍ഡ് ബൂസ്റ്റര്‍ കുഷ്യനില്‍ സുരക്ഷാ ബെല്റ്റ് ധരിപ്പിച്ച് വേണം ഇരിക്കാന്‍. സുരക്ഷാ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്ന് ഡ്രൈവര്‍ ഉറപ്പാക്കണം. 4 മുതൽ 14 വയസ്സുവരെ കുട്ടികൾക്ക് ഇരുചക്ര വാഹനയാത്രയ്ക്ക് ഹെൽമറ്റും നിർബന്ധമാക്കിയിട്ടുണ്ട്. കുട്ടികളെ മാതാപിതാക്കളുമായി ചേര്‍ത്ത് വയ്ക്കുന്ന സുരക്ഷാ ബെല്റ്റ് ഉപയോഗിക്കാന്‍ ശ്രമിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. മാതാപിതാക്കള്‍ക്കൊപ്പം യാത്ര ചെയ്യുമ്പോള്‍ കുട്ടികള്‍ ഉറങ്ങിപ്പോയി അപകമുണ്ടാകുന്നത് ഒഴിവാക്കാനാണ് ഈ നിര്‍ദേശം. ഘട്ടംഘട്ടമായിട്ടാണ് നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുക. ഒക്ടോബർ വരെ ബോധവത്കരണവും നവംബറിൽ മുന്നറിയിപ്പും നല്‍കും. ഡിസംബര്‍ മാസം മുതല്‍ പിഴ ഇടാകും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios