ഉണ്ടാക്കുന്നതും വില്‍ക്കുന്നതും ചൂടപ്പം പോലെ; വമ്പൻ വളര്‍ച്ചയുമായി ഇന്നോവ മുതലാളി!
2023 മാർച്ചിൽ അവസാനിക്കുന്ന സാമ്പത്തിക വർഷത്തിൽ, ടൊയോട്ട തങ്ങളുടെ ആഗോള ഉൽപ്പാദനം 6.5 ശതമാനം വർധിച്ച് 9.13 ദശലക്ഷം കാറുകളായി വർധിപ്പിച്ചതായി പ്രഖ്യാപിച്ചു. ലോകമെമ്പാടുമുള്ള വിൽപ്പന ഒരു ശതമാനം ഉയർന്ന് 9.61 ദശലക്ഷം യൂണിറ്റിലെത്തി.
മാർച്ചിൽ അവസാനിച്ച വർഷത്തിൽ ആഗോള വിൽപ്പനയിലും ഉൽപാദനത്തിലും എക്കാലത്തെയും ഉയർന്ന റെക്കോർഡ് രേഖപ്പെടുത്തിയതായി പ്രഖ്യാപിച്ച് ജാപ്പനീസ് വാഹന ബ്രാൻഡായ ടൊയോട്ട മോട്ടോർ കോര്‍പ്പറേഷൻ. 2023 മാർച്ചിൽ അവസാനിക്കുന്ന സാമ്പത്തിക വർഷത്തിൽ, ടൊയോട്ട തങ്ങളുടെ ആഗോള ഉൽപ്പാദനം 6.5 ശതമാനം വർധിച്ച് 9.13 ദശലക്ഷം കാറുകളായി വർധിപ്പിച്ചതായി പ്രഖ്യാപിച്ചു. ലോകമെമ്പാടുമുള്ള വിൽപ്പന ഒരു ശതമാനം ഉയർന്ന് 9.61 ദശലക്ഷം യൂണിറ്റിലെത്തി. കൊവിഡ് 19 മഹാമാരിയില്‍ നിന്നുള്ള പ്രതികൂല പ്രത്യാഘാതങ്ങളും ചിപ്പ് ക്ഷാമവും കുറഞ്ഞതിനാൽ വടക്കേ അമേരിക്കയിലെയും ഏഷ്യയിലെയും ഉൽപ്പാദനം വീണ്ടെടുത്തതാണ് ഈ നേട്ടത്തിനുള്ള പ്രധാന കാരണം എന്നാണ് റിപ്പോര്‍ട്ടുകള്‍.
ടൊയോട്ട അതിന്റെ പുതിയ പ്രസിഡന്റിന്റെ കീഴിൽ പരിവർത്തന ശ്രമങ്ങൾ ത്വരിതപ്പെടുത്തുന്നതിനിടയിലാണ് റെക്കോർഡ് കണക്കുകൾ പുറത്തുവരുന്നത് എന്നതും ശ്രദ്ധേയം. 14 വർഷത്തിനിടെ നടന്ന കമ്പനിയുടെ ആദ്യ നേതൃമാറ്റത്തിൽ, ലെക്‌സസ് മുൻ ഡിവിഷൻ തലവനായ കോജി സാറ്റോ ആണ് പുതിയ പ്രസിഡന്‍റായി ചുമതലയേറ്റത്. ടൊയോട്ടയുടെ സ്ഥാപക കുടുംബാംഗമായ അകിയോ ടൊയോഡയ്ക്ക് പകരമാണ് കോജി സാറ്റോ എത്തിയത്.
ടൊയോട്ടയുടെ നിലവിലെ വിൽപ്പനയിൽ ഭൂരിഭാഗവും ഹൈബ്രിഡ്, ഗ്യാസോലിൻ-പവർ കാറുകളാണ്. കാർബൺ പുറന്തള്ളൽ കുറയ്ക്കുന്ന വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ വാഗ്ദാനം ചെയ്യുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായി ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പന വർദ്ധിപ്പിക്കുമെന്നും സാറ്റോ പറഞ്ഞു.
"വേഷം മാറാൻ നിമിഷങ്ങള്‍.." മാരുതിയുടെ സ്റ്റിക്കറൊട്ടിച്ച ഇന്നോവ ഒടുവില്‍ വീട്ടുമുറ്റങ്ങളിലേക്ക്!
കൊവിഡ് മാഹാമാരി മൂലമുണ്ടായ കടുത്ത പാർട്‍സ് ക്ഷാമത്തിൽ നിന്ന് ഉൽപ്പാദനം തിരിച്ചുവന്നതിനാൽ വിദേശ ഉൽപ്പാദനം 9.2 ശതമാനം വർധിച്ച് 6.34 ദശലക്ഷം യൂണിറ്റിലെത്തി. വടക്കേ അമേരിക്ക, ചൈന, തെക്കുകിഴക്കൻ ഏഷ്യ തുടങ്ങിയ പ്രധാന വിപണികളിലെ ഉൽപ്പാദനം വർധിച്ചതും ഈ കണക്ക് ഉയർത്താൻ സഹായിച്ചു.
ചിപ്പ് ക്ഷാമത്തിന്റെ നീണ്ടുനിൽക്കുന്ന പ്രത്യാഘാതങ്ങളാൽ ബാധിച്ച ആഭ്യന്തര ഉൽപ്പാദനം 2021 സാമ്പത്തിക വർഷത്തിൽ ഒരു സ്ലൈഡിൽ നിന്ന് 45 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് 0.9% വർധിച്ച് 2.79 ദശലക്ഷം യൂണിറ്റിലെത്തി. പ്രതിബന്ധങ്ങൾക്കിടയിലും, ജപ്പാനിൽ പ്രതിവർഷം ഏകദേശം മൂന്നു ദശലക്ഷം യൂണിറ്റുകൾ ഉൽപ്പാദിപ്പിക്കുക എന്ന ലക്ഷ്യത്തിൽ ഉറച്ചുനിൽക്കുമെന്ന് ടൊയോട്ട പറഞ്ഞു.
തെക്കുകിഴക്കൻ ഏഷ്യയിലെയും യൂറോപ്പിലെയും വിൽപ്പന 1.1 ശതമാനം വർധിച്ചു. ജപ്പാന് പുറത്ത് കമ്പനി 8.20 ദശലക്ഷം വാഹനങ്ങൾ വിറ്റഴിച്ചു. മിനി വാഹനങ്ങൾ ഉൾപ്പെടെയുള്ള ആഭ്യന്തര വിൽപ്പന 0.8% വർധിച്ച് 1.41 ദശലക്ഷം കാറുകളായി. കമ്പനിയുടെ ആഗോള ഉൽപ്പാദനം 2016 സാമ്പത്തിക വർഷത്തിലെ 9.08 ദശലക്ഷം യൂണിറ്റുകളുടെ മുൻ റെക്കോർഡ് മറികടന്നു. 2018 സാമ്പത്തിക വർഷം വിറ്റ 9.55 ദശലക്ഷം വാഹനങ്ങളാണ് കമ്പനിയുടെ ലോകമെമ്പാടുമുള്ള ഏറ്റവും ഉയർന്ന വിൽപ്പന. മാർച്ചിൽ മാത്രം, ടൊയോട്ടയുടെ ആഗോള ഉൽപ്പാദനം ഒരു വർഷം മുമ്പുള്ളതിൽ നിന്ന് 3.8 ശതമാനം ഉയർന്ന് 899,684 യൂണിറ്റുകളായി. ലോകമെമ്പാടുമുള്ള വിൽപ്പന 1.5 ശതമാനം വർദ്ധിച്ച് 916,205 കാറുകളായി.
അതേസമയം ഈ മെച്ചപ്പെട്ട സാഹചര്യത്തിലും ടൊയോട്ട ജാഗ്രത തുടരുന്നു. കാരണം ചിപ്പ് ക്ഷാമ പ്രശ്‍നം ലഘൂകരിക്കപ്പെടന്നുണ്ടെങ്കിലും കുറച്ചുകാലം കൂടി തുടരുമെന്ന് കമ്പനി വിശ്വസിക്കുന്നു. ജപ്പാനിലെ കാറുകളുടെ മൊത്തത്തിലുള്ള വിൽപ്പന മന്ദഗതിയിലാകുന്നതിനെക്കുറിച്ചുള്ള കണക്കുകളും ആശങ്കാജനകമാണ്. അടുത്തിടെ ജപ്പാനെ മറികടന്ന് ഇന്ത്യ ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ വാഹന വിപണിയായി മാറിയിരുന്നു.
ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള പരിവർത്തനത്തിലും ടൊയോട്ട താരതമ്യേന മന്ദഗതിയിലാണ്. ഫോർഡ്, ഹ്യുണ്ടായ് മോട്ടോർ, ടെസ്‌ല, ഫോക്‌സ്‌വാഗൺ, തുടങ്ങിയ കമ്പനികള്‍ ലോകമെമ്പാടുമുള്ള പ്രധാന വിപണികളിൽ സജീവ ഇടപെടലുകൾ നടത്തുമ്പോഴും, ലോകത്തിലെ ആദ്യത്തെ ഓൾ-ഇലക്‌ട്രിക് കാറുകളിലൊന്നായ പ്രിയസിന്റെ നിർമ്മാതാക്കളായ ടൊയോട്ട കൂടുതല്‍ മോഡലുകള്‍ പുറത്തിറക്കാത്തത് അമ്പരപ്പിക്കുന്ന കാര്യമാണ്. ഇലക്ട്രിക് വാഹനങ്ങൾക്കായി സമർപ്പിതമായ ഒരു പുതിയ പ്ലാറ്റ്‌ഫോമിലാണ് കമ്പനി ഇപ്പോൾ പ്രവർത്തിക്കുന്നത് .