ഫോ‍ർച്യൂണ‍ർ കണ്ടുകൊതിച്ച സാധാരണക്കാരന് താങ്ങാകാൻ ടൊയോട്ട, വിലകുറഞ്ഞ മിനി ഫോർച്യൂണർ നിരത്തിലേക്ക്!

ടൊയോട്ട ഒരു പുതിയ എസ്‌യുവി വികസിപ്പിക്കുകയാണെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. അത് വികസ്വര വിപണികളിൽ ഫോർച്യൂണറിന് താഴെയായിട്ടാകും സ്ഥാനംപിടിക്കുക. നിലവിലുള്ള ടിഎൻജിഎ-സി പ്ലാറ്റ്‌ഫോമിൻ്റെ വില കുറഞ്ഞ പതിപ്പിലായിരിക്കും പുതിയ എസ്‌യുവി വികസിപ്പിക്കുക

Toyota plans to launch budget friendly Mini Fortuner for common man

ജാപ്പനീസ് ജനപ്രിയ വാഹന ബ്രാൻഡായ ടൊയോട്ട ഒരു പുതിയ എസ്‌യുവി വികസിപ്പിക്കുകയാണെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. അത് വികസ്വര വിപണികളിൽ ഫോർച്യൂണറിന് താഴെയായിട്ടാകും സ്ഥാനംപിടിക്കുക. ഹിലക്സിന് അടിവരയിടുന്ന IMV0 പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ മോഡൽ എന്നാണ് റിപ്പോർട്ടുകൾ. നിലവിലുള്ള ടിഎൻജിഎ-സി പ്ലാറ്റ്‌ഫോമിൻ്റെ വില കുറഞ്ഞ പതിപ്പിലായിരിക്കും പുതിയ എസ്‌യുവി വികസിപ്പിക്കുക എന്നും ചില റിപ്പോർട്ടുകൾ അവകാശപ്പെടുന്നു.

ടിഎൻജിഎ-സി പ്ലാറ്റ്‌ഫോം വ്യത്യസ്ത ബോഡി ശൈലികളും എഞ്ചിൻ ഓപ്ഷനുകളും ഉൾക്കൊള്ളാൻ പര്യാപ്തമാണ്. ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്‌ക്കെത്തുന്ന ഇന്നോവ ഹൈക്രോസും ഇതേ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്. തിരഞ്ഞെടുത്ത അന്താരാഷ്ട്ര വിപണികളിൽ വിൽപ്പനയ്‌ക്കെത്തുന്ന കൊറോള ക്രോസിന് ഇത് അടിവരയിടുന്നു. ഈ ആർക്കിടെക്ചർ പുതിയ മിനി ഫോർച്യൂണറിന്‍റെ വിലയിൽ കുറവുവരുത്താൻ കമ്പനിയെ സഹായിക്കും.

പുതിയ മിനി ഫോർച്യൂണറിന് ഡീസൽ എഞ്ചിൻ നൽകാനുള്ള സാധ്യതയില്ല എന്നതാണ് മറ്റൊരു കാര്യം. ഇന്നോവ ഹൈക്രോസിൽ നിലവിൽ ലഭ്യമായ ഇന്ധനക്ഷമതയുള്ള ഹൈബ്രിഡ് പവർട്രെയിൻ വാഗ്ദാനം ചെയ്യുന്നതിലാണ് ടൊയോട്ട ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കൂടാതെ, എസ്‌യുവിക്ക് പെട്രോൾ എഞ്ചിനും ലഭിക്കും. പെട്രോൾ മാത്രമുള്ള മോഡലിന് 173 ബിഎച്ച്പിയും 209 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുന്ന 2.0 എൽ പെട്രോൾ എഞ്ചിൻ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ശക്തമായ ഹൈബ്രിഡ് സംവിധാനമുള്ള 2.0 ലിറ്റർ, നാല് സിലിണ്ടർ പെട്രോൾ എഞ്ചിനാണ് ഇതിന് ലഭിക്കുക. ഈ ഹൈബ്രിഡ് എഞ്ചിൻ 184 bhp കരുത്തും 188 Nm ടോർക്കും ഉത്പാദിപ്പിക്കും. 206 എൻഎം ടോർക്ക് ഉത്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറുമുണ്ട്. ഇക്കോ, നോർമൽ, പവർ എന്നിങ്ങനെ മൂന്ന് ഡ്രൈവിംഗ് മോഡുകൾക്കൊപ്പം പാഡിൽ ഷിഫ്റ്ററുകളുള്ള ഫ്രണ്ട്-വീൽ ഡ്രൈവ്, ഇ-സിവിടി ട്രാൻസ്മിഷൻ എന്നിവയുമായാണ് ഇന്നോവ ഹൈക്രോസ് ഹൈബ്രിഡ് വരുന്നത്. 23.24kmpl ഇന്ധനക്ഷമതയാണ് ഹൈക്രോസ് വാഗ്ദാനം ചെയ്യുന്നത്. പുതിയ എസ്‌യുവിയിലും സമാനമായ കണക്കുകൾ പ്രതീക്ഷിക്കുന്നു.

വാഹനം ലോഞ്ച് ചെയ്‍ത് പിന്നീടുള്ള ഘട്ടത്തിൽ കമ്പനി ഒരു ഇലക്ട്രിക് പതിപ്പും അവതരിപ്പിക്കാം. ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ്, പരുക്കൻ ബോഡി പാനലുകൾ, 4x4 ഡ്രൈവ്‌ട്രെയിൻ എന്നിവയുള്ള പുതിയ എസ്‌യുവിക്ക് ഫോർച്യൂണറിന് സമാനമായ രൂപമാണ് ടൊയോട്ട നൽകുന്നത്. ടൊയോട്ടയുടെ മഹാരാഷ്ട്രയിലെ പുതിയ ഛത്രപതി സംഭാജി നഗർ പ്ലാൻ്റിൽ പുതിയ ടൊയോട്ട മിനി ഫോർച്യൂണർ നിർമ്മിക്കാൻ സാധ്യതയുണ്ട്. എസ്‌യുവിയുടെ ഉത്പാദനം 2027ൽ ആരംഭിക്കാനാണ് സാധ്യത. 

 


 

Latest Videos
Follow Us:
Download App:
  • android
  • ios