കാറിന് ടോൾ 250 രൂപ, പിരിക്കുക 30 വർഷത്തേക്ക്, രാജ്യത്തെ ഏറ്റവും വലിയ കടൽപ്പാലത്തിലെ ടോളിൽ തീരുമാനമായി
500 രൂപ ഈടാക്കണമെന്ന ശുപാർശ തള്ളി. പതിവായി യാത്ര ചെയ്യുന്നവർക്ക് ഇളവ് നൽകും.
മുംബൈ: രാജ്യത്തെ ഏറ്റവും വലിയ കടൽപ്പാലമായ മുംബൈ ട്രാൻസ് ഹാർബർ ലിങ്കിൽ (എംടിഎച്ച്എൽ), കാറുകൾക്ക് 250 രൂപ ടോൾ ഈടാക്കാൻ തീരുമാനം. മഹാരാഷ്ട്ര മന്ത്രിസഭയുടേതാണ് തീരുമാനം. അടുത്ത 30 വർഷത്തേക്ക് ടോൾ ഈടാക്കും. 500 രൂപ ഈടാക്കാനുള്ള മുംബൈ മെട്രോപൊളിറ്റൻ റീജിയൻ ഡെവലപ്‌മെന്റ് അതോറിറ്റി (എംഎംആര്‍ഡിഎ) ശുപാർശ മന്ത്രിസഭ തള്ളി. ജനുവരി 12നാണ് കടൽപ്പാലം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുക.
സ്യൂരിയെയും നാവാശേവയെയും ബന്ധിപ്പിക്കുന്ന, രാജ്യത്തെ തന്നെ ഏറ്റവും നീളമുള്ള കടല്‍പ്പാലമാണ് എംടിഎച്ച്എൽ. 22 കിലോമീറ്ററാണ് ദൂരം. ദക്ഷിണ മുംബൈയ്ക്കും പൻവേലിനും ഇടയിലുള്ള യാത്രാസമയവും ദൂരവും കുറയ്ക്കുന്ന പാലമാണിത്. എംഎംആര്‍ഡിഎ 500 രൂപ ടോള്‍ എന്ന നിർദേശം വെച്ചപ്പോള്‍ പൊതുമരാമത്ത് വകുപ്പും നഗരവികസന വകുപ്പും 350 രൂപ ടോൾ എന്ന നിര്‍ദേശം മുന്നോട്ടുവെച്ചു. എന്നാൽ സംസ്ഥാന മന്ത്രിസഭാ യോഗത്തിൽ ഒരു യാത്രയ്ക്ക് ഒരു കാറിന് 250 രൂപ ടോൾ ഈടാക്കാനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്.
ട്രാൻസ്-ഹാർബർ ലിങ്കിൽ പതിവായി യാത്ര ചെയ്യുന്നവർക്ക് ഇളവ് നൽകാനും സർക്കാർ തീരുമാനിച്ചു. വൺവേ നിരക്കിന്റെ പകുതി നിരക്കിൽ റിട്ടേൺ പാസുകൾ ലഭിക്കും. എംടിഎച്ച്‌എല്ലിന്റെ നിർമാണ ചെലവ് 21,200 കോടിയാണ്. ഇതില്‍ 15,100 കോടി രൂപ വായ്പയാണ്. പാലം ദക്ഷിണ മുംബൈയ്ക്കും പൻവേലിനും ഇടയിലുള്ള യാത്രയ്ക്കുള്ള ദൂരവും 15 കിലോമീറ്ററും സമയം രണ്ട് മണിക്കൂര്‍ വരെയും കുറയ്ക്കും എന്നാണ് അവകാശവാദം. ഇതോടെ ഒരു കാറിന്റെ ഇന്ധനച്ചെലവിൽ 500 രൂപ വരെ ലാഭമുണ്ടാകുമെന്നും പത്രക്കുറിപ്പില്‍ പറയുന്നു. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ പേര് പാലത്തിന് നല്‍കാനും തീരുമാനമായി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം