ടെസ്റ്റ് ഡ്രൈവിന് പോകുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
കാര്‍ വാങ്ങും മുന്‍പ് ടെസ്റ്റ് ഡ്രൈവിനായി ആവശ്യപ്പെടുക എന്നത് ഉപഭോക്താവിന്റെ അവകാശമാണ്.
ടെസ്റ്റ് ഡ്രൈവുകള്‍ ചെയ്തു നോക്കിയ ശേഷം മാത്രമേ ഏതുവാഹനം വാങ്ങണം എന്നതില്‍ അവസാന തീരുമാനത്തില്‍ എത്താവൂ. വാങ്ങാനുദ്ദേശിക്കുന്ന കാറിനെപ്പറ്റി കാര്യമായി പഠിച്ചശേഷമാണ് നിങ്ങള്‍ ഡീലര്‍ഷിപ്പില്‍ എത്തുന്നതെങ്കിലും വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ മനസ്സിലാക്കാനായി 'പേഴ്‌സണല്‍ എക്സ്പീരിയന്‍സ്' ആവശ്യമാണ്. ഇതിനായി വാഹനം ടെസ്റ്റ് ഡ്രൈവ് ചെയ്യുക മാത്രമാണ് മാര്‍ഗ്ഗം.
കാര്‍ വാങ്ങും മുന്‍പ് ടെസ്റ്റ് ഡ്രൈവിനായി ആവശ്യപ്പെടുക എന്നത് ഉപഭോക്താവിന്റെ അവകാശമാണ്. ഡ്രൈവിങ് അറിയില്ലെങ്കില്‍ ഒരു ഡ്രൈവറെ ഒപ്പം കൂട്ടുക. ഫാമിലി വാഹനമാണു വാങ്ങുന്നതെങ്കിൽ കുടുംബാംഗങ്ങളേയും ഒപ്പം കൂട്ടുക. വയോജനങ്ങളുണ്ടെങ്കില്‍ അവര്‍ക്കും പ്രത്യേക പരിഗണന നൽകണം. അതിനായി പിൻസീറ്റിലും ഇരുന്നു നോക്കണം. കയറാനും ഇറങ്ങാനുമുള്ള സൗകര്യം മുതിർന്നവർക്ക് വലിയ കാര്യമാണ്.
സാധാരണ ഗതിയിൽ നല്ല റോഡുകളിലൂടെയാവും ടെസ്റ്റ് ഡ്രൈവ് എടുക്കുക. എന്നാൽ വണ്ടിയുടെ യാത്രാസുഖവും മറ്റു കാര്യങ്ങളും പരിശോധിക്കണമെങ്കിൽ എല്ലാ റോഡുകളിലും ഓടിച്ചു നോക്കണം. പ്രത്യേകിച്ച് ഗട്ടർ നിറഞ്ഞ പാതകളിൽ വീടിനടുത്തുള്ള റോഡുകളാണ് ടെസ്റ്റ് ഡ്രൈവിനു നല്ലത്. എന്നാല്‍ വാഹനത്തെപ്പറ്റി കൂടുതല്‍ മനസ്സിലാക്കണമെങ്കില്‍ പല റോഡുകളിലൂടെ പല അവസ്ഥകളിലും വാഹനം ഓടിക്കണം. എന്നാല്‍ അല്പനേരത്തേക്ക് ഡീലര്‍ഷിപ്പില്‍നിന്ന് വാഹനം കിട്ടുമ്പോള്‍ അത്ര വിശദമായ ടെസ്റ്റ് ഡ്രൈവിങ് സാധ്യമല്ലെങ്കിലും കിട്ടുന്ന സമയം പരമാവധി ഉപയോഗിക്കുക. ഇതാ ടെസ്റ്റ് ഡ്രൈവില്‍ ശ്രദ്ധിക്കേണ്ട ചില പ്രധാന കാര്യങ്ങള്‍
- ഡ്രൈവിങ് പൊസിഷന്‍ നിങ്ങള്‍ക്ക് ചേരുമോ എന്നതാണ് പ്രധാന കാര്യം. സീറ്റിന്റെ ഉയരം, പൊസിഷനിങ്, സ്റ്റിയറിങ് വീലും സീറ്റുമായുള്ള അകലം, സ്വിച്ചുകളും ഹോണും ഉപയോഗിക്കാനുള്ള എളുപ്പം, എയര്‍കണ്ടീഷണറിന്റെ പ്രവര്‍ത്തനം, ബ്രേക്കിങ്ങിന്റെ കാര്യക്ഷമത, സസ്‌പെന്‍ഷന്‍ മികവ്, ഗ്രൗണ്ട് ക്ലിയറന്‍സ്, പിക്കപ്പ്, പുള്ളിങ് തുടങ്ങിയവയും ശ്രദ്ധിക്കണം
- കയറാനും ഇറങ്ങാനുമുള്ള എളുപ്പം. കാറിന്റെ സീറ്റുകള്‍ ശ്രദ്ധിക്കുക. സീറ്റിന്റെ ഇരിക്കുന്ന ഭാഗം അല്പം ഉയര്‍ന്ന് തുടകള്‍ക്ക് സപ്പോര്‍ട്ട് നല്കുന്ന രീതിയിലായിരിക്കണം
- ട്രാഫിക് ബ്ലോക്കില്‍ നിര്‍ത്തുക. വീണ്ടും ആക്‌സിലറേറ്റര്‍ കൊടുക്കുക. അപ്പോള്‍ പിക്കപ്പ് ശ്രദ്ധിക്കുക
- എയര്‍കണ്ടീഷണര്‍ പ്രവര്‍ത്തിക്കുമ്പോള്‍ പിക്കപ്പ് വീണ്ടും കുറയുന്നുണ്ടോ എന്നു ശ്രദ്ധിക്കുക. ഉണ്ടെങ്കില്‍ എഞ്ചിന്‍ പവര്‍ കുറവാണ് എന്നു മനസ്സിലാക്കാം
- നഗരത്തിലെ ബമ്പുകളിലൂടെയും ഹമ്പുകളിലൂടെയും ഓടിച്ചു നോക്കുക. അപ്പോള്‍ കാറിന്റെ അടിവശം തട്ടുന്നുണ്ടെങ്കില്‍ ഗ്രൗണ്ട് ക്ലിയറന്‍സ് കുറവാണെന്നും കാര്‍ കേരളത്തിലെ റോഡുകള്‍ക്കു ചേരുന്നതല്ലെന്നും ഉറപ്പിക്കാം
- കുഴികള്‍ക്കു മുകളിലൂടെ ഓടിക്കുമ്പോള്‍ കാറിനുണ്ടാകുന്ന ആഘാതം ശരീരത്തിനും അനുഭവപ്പെടുന്നുണ്ടെങ്കില്‍ സസ്‌പെന്‍ഷനും മോശമാണെന്ന് അര്‍ത്ഥം
- വാഹനം വെയിലത്ത് കുറച്ചുനേരം നിര്‍ത്തിയിടുക. ശേഷം ഗ്ലാസ്സുകള്‍ കയറ്റിയിട്ട് എയര്‍കണ്ടീഷണര്‍ ഓണ്‍ ചെയ്യുക. ഉള്‍വശം തണുക്കാന്‍ താമസമുണ്ടെങ്കില്‍ എ സിക്ക് പവര്‍ പോരെന്നു ചുരുക്കം
- 60 കിലോ മീറ്റര്‍ വേഗത എടുത്തശേഷം സഡന്‍ ബ്രേക്ക് ചെയ്യുക. വാഹനം തെന്നി വശത്തേക്ക് മാറുന്നുണ്ടെങ്കില്‍ ബ്രേക്കിങ് കാര്യക്ഷമമല്ലെന്നുറപ്പിക്കുക. (എബിഎസ് ഓപ്ഷനുള്ള കാറാണെങ്കില്‍ ഈ ടെസ്റ്റ് ബാധകമല്ല. തെന്നിമാറാതിരിക്കുക എന്നതാണ് എ ബി എസിന്റെ കടമ)