Asianet News MalayalamAsianet News Malayalam

ഗിയർ മാറി വിഷമിക്കേണ്ട; ഇതാ അൾട്ടോയെക്കാളും വില കുറഞ്ഞ ഓട്ടമാറ്റിക്ക് കാർ!

ഇന്ത്യൻ വാഹന വിപണിയിൽ ഇന്ന് ലഭ്യമാകുന്ന ഏറ്റവും വില കുറഞ്ഞ ഓട്ടോമാറ്റിക്ക് കാർ ഏതെന്ന് നിങ്ങൾക്ക് അറിയാമോ? മാരുതി അൾട്ടോയോ റെനോ ക്വിഡോ ഒന്നുമല്ല ആ കാർ.

This is the automatic car cheaper than Alto and Renault Kwid in India
Author
First Published Oct 7, 2024, 11:11 AM IST | Last Updated Oct 7, 2024, 11:11 AM IST

രാജ്യത്ത് മാനുവൽ കാറുകൾക്കൊപ്പം ഓട്ടോമാറ്റിക് വാഹനങ്ങൾക്കും ഡിമാൻഡ് വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഓട്ടോമാറ്റിക്ക് വാഹനങ്ങൾ സുഖകരവും സൗകര്യപ്രദവുമായ ഡ്രൈവിംഗ് അനുഭവം പ്രദാനം ചെയ്യുന്നു. മാനുവൽ കാറുകളേക്കാൾ ഓട്ടോമാറ്റിക് കാറുകൾ സാധാരണയായി ഓടിക്കാൻ എളുപ്പമാണ്. കാരണം അവയ്ക്ക് ഗിയർ മാറ്റുകയോ ക്ലച്ച് പെഡൽ ഉപയോഗിക്കുകയോ ആവശ്യമില്ല. ഇത് നഗരങ്ങളിലെ ഡ്രൈവിംഗ് സമ്മർദ്ദം കുറയ്ക്കുകയും നിങ്ങളുടെ കാലുകൾക്കും മറ്റും ക്ഷീണം ഏൽക്കാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും. ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകൾ മാനുവൽ ട്രാൻസ്മിഷനുകളേക്കാൾ സുഗമമായ യാത്ര വാഗ്ദാനം ചെയ്യുക മാത്രമല്ല ആധുനിക ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകൾ മാനുവൽ കാറുകൾക്ക് തുല്യമോ അതിലധികമോ മൈലേജ് വാഗ്‍ദാനം ചെയ്യുകയും ചെയ്യുന്നു.

ഇപ്പോൾ പുറത്തിറങ്ങുന്ന ചെറിയ എൻട്രി ലെവൽ കാറുകളിൽ പോലും ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുണ്ടാവും. പക്ഷേ ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന ഓട്ടോമാറ്റിക് കാർ ഏതാണെന്ന് ചിന്തിച്ചിട്ടുണ്ടോ? മാരുതി സുസുക്കി ആൾട്ടോ, റെനോ ക്വിഡ് എന്നൊക്കെയായിരിക്കും പലരുടെയും മനസിൽ ആദ്യം ഓടിയെത്തുന്ന പേരുകൾ. എന്നാൽ അതൊന്നുമല്ല ശരി. ചൈനീസ് വാഹന ബ്രാൻഡായ എംജിയുടെ കോമറ്റ് ആണ് ഈ കാർ. എംജി അടുത്തിടെ കോമെറ്റ് ഇവിയുടെ വില കുറച്ചിരുന്നു. ഇതോടെയാണ് രാജ്യത്തെ ഏറ്റവും കുറഞ്ഞ വിലയുള്ള ഓട്ടോമാറ്റിക് കാർ എന്ന പേര് ഇപ്പോൾ കോമറ്റ് സ്വന്തമാക്കിയത്. 

This is the automatic car cheaper than Alto and Renault Kwid in India

എംജി മോട്ടോഴ്‌സിൻ്റെ ഈ ഇലക്ട്രിക് കാർ അഞ്ച് ലക്ഷം രൂപയ്ക്ക് താഴെ വിലയ്ക്ക് നിങ്ങൾക്ക് ലഭിക്കും.  ഫുൾ ചാർജിൽ 230 കിലോമീറ്റർ വരെ സഞ്ചരിക്കാൻ ഈ വാഹനത്തിന് സാധിക്കും. കമ്പനി ഈ ഇലക്ട്രിക് കാർ കുറച്ചുദിവസം മുമ്പ് എംജി ബാസ് പ്ലാനിനൊപ്പം 4.99 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വിലയിൽ പുറത്തിറക്കി.  ഈ വിലയ്ക്ക് വാഹനം വാങ്ങിയ ശേഷം, കിലോമീറ്ററിന് 2.5 രൂപ ബാറ്ററി വാടക നൽകേണ്ടി വരും. അതായത് ഈ പുതിയ സ്‍കീം കാരണം ഈ വാഹനത്തിൻ്റെ വില ഇത്രയും കുറഞ്ഞു. ഇനി നിങ്ങൾക്ക് ബാറ്ററി വാടകയ്‌ക്കെടുക്കുന്ന ഈ ഓപ്ഷനിൽ താൽപ്പര്യമില്ലെങ്കിലും ഈ കാർ വാങ്ങാം. പക്ഷേ അപ്പോൾ ഈ വാഹനത്തിൻ്റെ പ്രാരംഭ എക്സ്ഷോറൂം വില ആരംഭിക്കുന്നത് 6.98 ലക്ഷം രൂപ മുതലായിരിക്കും എന്നുമാത്രം.

 എംജി കോമറ്റ് ഇവിക്ക് 17.3kWh ബാറ്ററി പായ്ക്ക് ഉണ്ട്. അത് ഒറ്റ ചാർജിൽ 230 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ച് വാഗ്ദാനം ചെയ്യുന്നു. കാറിൽ സ്ഥാപിച്ചിട്ടുള്ള ഇലക്ട്രിക് മോട്ടോറിന് പരമാവധി 42 ബിഎച്ച്പി കരുത്തും 110 എൻഎം പരമാവധി ടോർക്കും സൃഷ്‍ടിക്കാൻ കഴിയും. ഈ ഇലക്ട്രിക് കാർ 3.3kWh ചാർജർ ഉപയോഗിച്ച് പൂർണ്ണമായി ചാർജ് ചെയ്യാൻ ഏഴ് മണിക്കൂർ എടുക്കും. നിലവിൽ, എംജി കോമറ്റ് ഇവി ഇന്ത്യൻ ഉപഭോക്താക്കൾക്ക് മൂന്ന് വേരിയൻ്റുകളിലും അഞ്ച് കളർ ഓപ്ഷനുകളിലും ലഭ്യമാണ്.

എൽഇഡി ഹെഡ്‌ലാമ്പുകളും ടെയിൽലാമ്പുകളും, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റിയെ പിന്തുണയ്ക്കുന്ന 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ എന്നിവ ഈ ഇലക്ട്രിക് കാറിലെ സവിശേഷതകളിൽ ഉൾപ്പെടുന്നു. ഇതുകൂടാതെ, 55 ൽ അധികം കണക്റ്റഡ് കാർ ഫീച്ചറുകൾ, സുരക്ഷയ്ക്കായി ആറ് എയർബാഗുകൾ, റിയർ പാർക്കിംഗ് സെൻസർ, റിവേഴ്സ് പാർക്കിംഗ് ക്യാമറ എന്നിവയും ഈ ഇവിയിൽ ഉണ്ട്. 

    

Latest Videos
Follow Us:
Download App:
  • android
  • ios